അതിരാവിലെ ഒരു കയാക്കിങ് ആയാലോ? സാഹസികതയും ഒട്ടും കുറക്കേണ്ട; മറവൻതുരുത്ത് വിളിക്കുന്നു
കോട്ടയം: കോട്ടയത്ത് പോയാൽ എന്താണ് കാണാനുള്ളതെന്ന് ചോദിച്ചാൽ കുമരകവും ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും വാഗമണ്ണും ഒക്കെയാവും ഉത്തരം. ഇതൊന്നുമല്ലാതെ വ്യത്യസ്തമായി കോട്ടയം കണ്ടുവരാൻ ആഗ്രഹിക്കുന്നവർക്കുള്ള ഇടമാണ് മറവൻതുരുത്ത്. ഇവിടെ കാണാനല്ല, വെള്ളത്തിലിറങ്ങി കയാക്കിങ് നടത്തി ആഘോഷിച്ച് വരാനാണ് സഞ്ചാരികളെത്തുന്നത്.
വെള്ളത്താല് ചുറ്റപ്പെട്ടു കിടക്കുന്ന മറവൻതുരുത്ത് വേമ്പനാട്ട് കായലിന്‍റെയും മൂവാറ്റുപുഴയാറിന്‍റെയും ഇടയിലാണുള്ളത്. മുവാറ്റുപുഴയാറിന്റെ കൈവഴികളായ പുഴകളും 18 കനാലുകളുമാണ് ഇവിടെ കാണാനുള്ളത്. ഈ കനാലുകള് ചുറ്റി കയാക്കിങ് നടത്തി വരുന്ന യാത്ര സഞ്ചാരികളുടെ ഇടയിൽ ഹിറ്റായി മാറിയിട്ടുണ്ട്.

ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയിൽ ഉൾപ്പെട്ട 10 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ മറവൻതുരുത്ത്. മറവൻതുരുത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരുന്ന, പിന്നീടു മാലിന്യവാഹിനികളായി മാറിപ്പോയ 18 കനാലുകളാണ് വാട്ടർ സ്ട്രീറ്റാക്കി മാറ്റിയത്. ജനകീയ പങ്കാളിത്തത്തോടെ കനാലുകളിലെ മാലിന്യം നീക്കി ആഴം കൂട്ടി. തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി ഇവ ജലഗതാഗത യോഗ്യമാക്കി. തീര സംരക്ഷണത്തിന് കയർ ഭൂവസ്ത്രം വിരിച്ചു. അങ്ങമെ മറവൻതുരുത്തിനെ പ്രധാനവിനോദ സഞ്ചാരകേന്ദ്രമാക്കിമാറ്റി. ഈ കനാലുകളിൽ കയാക്കിങ്ങും, ശിക്കാര ബോട്ട് യാത്രയും തുടങ്ങി.അതോടെ ആളുകൾ ഇവിടേക്ക് ഒഴുകിയെത്താൻ തുടങ്ങി. സ്വയം തുഴഞ്ഞുപോകുന്ന കയാക്കിങ്ങിലൂടെ ഇവിടുത്തെ ഗ്രാമീണ കാഴ്ചകൾ ആസ്വദിക്കാനാണ് ആളുകൾ ഇവിടേക്ക് എത്തുന്നത്.
രാവിലെ അഞ്ചരയ്ക്കാണ് ആദ്യ കയാക്കിങ്ങ് ബാച്ച് തുടങ്ങുന്നത്. 20 പേരായിരിക്കും ഒരു ബാച്ചിലുണ്ടാകുക. രണ്ട് ട്രെയിനർമാരുമുണ്ടാകും ഒപ്പം. രാവിലെയും വൈകീട്ടും ഇവിടെ കയാക്കിങ് ആസ്വദിക്കാമെങ്കിലും പ്രഭാത സവാരിക്കാണ് ഡിമാന്റ് കൂടുതൽ. കയാക്കിങ്ങിനായി കൃത്യമായ ട്രെയിനിങ് ലഭിക്കും. ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും. ഇൻസ്ട്രക്ടർമാർ ഉള്ളത് കൊണ്ട് തന്നെ ഭയമേ വേണ്ട്. തുഴഞ്ഞ് തുഴഞ്ഞ് മൂവാറ്റപുഴ ആറ്റിലായിരിക്കും സഞ്ചാരികൾ എത്തുക. പുഴയ്ക്കു കുറുകെയുള്ള പാലത്തിനടിയിലൂടെ നേരേ തുരുത്തിനുള്ളിലെ തോടുകളിലേക്ക്. വേണ്ടുവോളം കാഴ്ച ആസ്വദിച്ച് കയാക്കിങ് അവസാനിപ്പിക്കാം.
മൂഴിക്കൽ , പഞ്ഞിപ്പാലം എന്നീ രണ്ടു സ്ഥലങ്ങളിൽ നിന്നാണ് കയാക്കിങ് ആരംഭിക്കുന്നത്.ഒരാള്‍ക്കും രണ്ട് പേർക്ക് ഒരുമിച്ചും തുഴയുവാൻ സാധിക്കുന്ന
കയാക്കുകൾ ഉണ്ട്. ഒരാൾക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്കു വരുന്നത്. കൊച്ചിയിൽ നിന്നും 35 കിലോമീറ്ററും കോട്ടയത്തു നിന്ന് 40 കിമിയാണ് ഇവിടേക്കുള്ള ദൂരം. കൊച്ചിയിൽ നിന്നും 35 കിമിയും. എന്നാൽ പിന്നെ പോകുവല്ലേ?.....












Click it and Unblock the Notifications