1000 രൂപ പോലും വേണ്ട, കായൽ ഭംഗി ആസ്വദിച്ചൊരു യാത്ര.. ഭക്ഷണവും ഒരു ദിവസം മുഴുവൻ കാഴ്ചകളുമായി അടിപൊളി പാക്കേജ്
കൊച്ചിയിൽ നിന്ന് ഒരു ദിവസത്തെ യാത്ര പ്ലാൻ ചെയ്യുമ്പോൾ വെള്ളച്ചാട്ടം മുതൽ ഓഫ്റോഡ് വരെ പട്ടികയിൽ ഒരുപാട് കാര്യങ്ങൾ ഇടംപിടിക്കും, ഒടുവിൽ എങ്ങോട്ട് പോകണം എന്നറിയാതെ വൈകിട്ട് മറൈൻ ഡ്രൈവിലോ ലുലു മാളിലോ പോകും. എറണാകുളത്ത് ജീവിക്കുന്നവരാണെങ്കിൽ ഒന്നല്ല പലതവണ ഈ അനുഭവം ഉണ്ടായിരിക്കും. എന്നാൽ ഇത്തവണ കിടിലൻ ഒരു യാത്ര നമുക്ക് പോകാം. ഒരു ദിവസം മുഴുവന് അടിച്ചുപൊളിച്ച് പോകാൻ പറ്റിയ ഒരു പാക്കേജ്
5 മണിക്കൂർ ഉൾനാടൻ ജലയാത്ര ആസ്വദിച്ച് തനി നാടൻ കാഴ്ചകൾ കണ്ട് ബാക്കി സമയം ഫിഷ് ഫാമിൽ മീൻ പിടിച്ചും കുട്ടവഞ്ചി തുഴഞ്ഞും പ്രകൃതിഭംഗി ആസ്വദിച്ചും ഒരു ദിവസം. കുട്ടികളെയും കൂട്ടി കൊച്ചിയുടെ തിരക്കുകളിൽ നിന്നും മാറി ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കും പറ്റിയ പാക്കേജാണ് കേരളാ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് നടത്തുന്ന മറൈൻ ഡ്രൈവ് - കോട്ടയം പാലായ്ക്കരി മത്സ്യഫെഡ് ക്രൂസ് ബോട്ട് യാത്ര.

എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ 3 ജില്ലകളെ കോർത്തിണക്കി അറിവും ആഹ്ലാദവും ഒരുപോലെ നല്കുന്ന ഈ യാത്ര പോക്കറ്റ് കാലിയാക്കില്ല എന്നതാണ് ഏറ്റവും മെച്ചം. മാത്രമല്ല, മുടക്കിയ തുകയ്ക്ക് പരമാവധി ആസ്വദിക്കാനായി ഗായകരും ഉച്ചയ്ക്ക് നല്ല മീൻ വറുത്തതും മീന്‍ കറിയും കൂട്ടിയുള്ള ഊണും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന യാത്ര കൂടിയാണിത്.
യാത്രയെ കുറിച്ച് കെഎസ്ഐഎൻസി പങ്കിട്ട കുറിപ്പ് വായിക്കാം- 'കെഎസ്ഐഎൻസി നിങ്ങൾക്കായി എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും തുടങ്ങി വൈക്കം പാലാക്കരി വരെ പോകുന്ന ഒരു ഏകദിന ഉല്ലാസയാത്ര പാക്കേജ് ഒരുക്കിയിരിക്കുന്നു. പാലാക്കരി വൈക്കത്തിന് അടുത്തുള്ള ഒരു കായൽ ദേശം ആണ്.
പാക്കേജ് പ്രത്യേകതകൾ-
-രാവിലെ 10.00 മണി മുതൽ വൈകുന്നേരം 05.00 മണി വരെ
(എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും ആരംഭിക്കുന്നു)
-5 മണിക്കൂർ ഉൾനാടൻ ജലയാത്രയും, ബാക്കി സമയം മനോഹരമായ ഫിഷ് ഫാമിലും ആയിട്ടാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
-എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ 3 ജില്ലകളെ കോർത്തിണക്കിയ ഒരേ ഒരു ജലയാത്ര.
- അറിവിന്റെ വെളിച്ചം പകരാൻ ഗൈഡും, സംഗീതം ആസ്വദിച്ചു യാത്ര മനോഹരമാക്കുവാൻ ഗായകരും യാത്രയിലുടനീളം ഉണ്ടായിരിക്കുന്നതാണ്.
-യാത്രയിൽ രാവിലേയും വൈകുന്നേരവും ടീ & സ്നാക്ക് കൂടാതെ മത്സ്യഫെഡ് ഫിഷ് ഫാമിൽ നിന്നും പിടിച്ച മത്സ്യം ഉപയോഗിച്ച് കുടുംബശ്രീ സഹോദരിമാർ തയാറാക്കിയ ഉച്ചയൂണും അടങ്ങിയിരിക്കുന്നു (ഫിഷ് കറി, ഫിഷ് ഫ്രൈ മീൽസ്)
- മത്സ്യഫെഡ് ഫിഷ് ഫാമിൽ വിവിധതരം ബോട്ട് സവാരികൾ ഒരിക്കിയിരിക്കുന്നു (പെഡൽ ബോട്ട് , കുട്ടവഞ്ചി, തുഴവഞ്ചി, കയാകുകൾ, സ്പീഡ് ബോട്ടിംഗ്)
ടിക്കറ്റ്സ് ബുക്ക് ചെയ്യാനായി www.mycruise.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് +91 9846211143 എന്ന നമ്പറിൽ ബന്ധപ്പെടുക.












Click it and Unblock the Notifications