വനത്തിലൂടെ ഒരു സാഹസിക യാത്ര; മതികെട്ടാൻ ചോലയുടെ മനംമയക്കുന്ന കാഴ്ചകൾ കണ്ടുവരാം
എവിടേക്കെങ്കിലും യാത്ര പോകാൻ തീരുമാനിച്ചാൽ മനസ്സിൽ ആദ്യം എത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇടുക്കി. ഇടുക്കിയിലേക്ക് പോയാൽ കാണാൻ ഒരുപാട് കാഴ്ചകൾ ഉണ്ട്. അത്തരത്തിൽ കാണാൻ പറ്റിയൊരു സ്ഥലമാണ് മതികെട്ടാൻ ചോല ദേശീയോദ്യാനം. ഇടുക്കി ജില്ലയിലെ ഉടുമ്പിൻചോല താലൂക്കിലാണ് മതികെട്ടാൻ ചോല ദേശീയോദ്യാനം.മനോഹരമായ സ്ഥലം. കുറച്ച് സാഹസികതയൊക്കെ ഇഷ്ടപ്പെടുന്നവരാണെങ്കിൽ യാത്രപോകാൻ പറ്റിയ സ്ഥലമാണ്. വനത്തിലൂടെയാണ് സഞ്ചരിക്കേണ്ടത്. കുറച്ച് ധൈര്യമൊക്കെ വേണം.
കൃത്യമായി വഴിയില്ല. വഴി തെളിയിച്ച് മുന്നോട്ട് പോകണം. വനം വകുപ്പിന്റെ അനുമതിയോടെ പരിചയ സമ്പന്നനായ ഗൈഡിന്റെ കൂടെ മാത്രമെ വനത്തിലേക്ക് പ്രവേശിക്കാനാവൂ. വന യാത്ര കഴിയുമ്പോൾ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ചകളാണ്. ഒമ്പത് കിലോ മീറ്റർ കാട്ടിലൂടെ സഞ്ചരിച്ച് മല കയറി എത്തുമ്പോൾ ദൂരത്തായി തമിഴ്നാടിന്റെ കാഴ്ചകൾ കാണാം. മഞ്ഞുമൂടുന്ന മലനിരകളും മൊട്ടക്കുന്നുകളും കാണാം.

12.82 ചതുരശ്ര കിലോ മീറ്ററിർ വിസ്തൃതിയിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. പൂപ്പാറ ഗ്രാമത്തിൽ നിന്ന് ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ദക്ഷിണേന്ത്യയിലെ വളരെ പ്രധാനപ്പെട്ട ആന ഇടനാഴിയായ മതികെട്ടാൻ പ്രേദശവും ഷോല വനങ്ങളുടെ സവിശേഷതകളും കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 2008 ൽ ഇവിടം ദേശിയ ഉദ്യാനമായി പ്രഖ്യാപിച്ചു. 1897-ൽ തിരുവിതാംകൂർ സർക്കാർ റിസർവ് വനമായി പ്രഖ്യാപിച്ചുകൊണ്ട് ഈ പ്രദേശത്തിൻ്റെ സവിശേഷമായ പാരിസ്ഥിതിക മൂല്യം അംഗീകരിച്ചിരുന്നു. ഈ പ്രദേശത്തിൻ്റെ പ്രത്യേകതയായ ഷോല പുൽമേടുകളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനായിരുന്നു ഈ തീരുമാനം.
പാമ്പാടും നാഷണൽ പാർക്കിനും ഇരവികുളം നഷണൽ പാർക്കിനും ഇടയിലായിട്ടാണ് ഈ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. മതികെട്ടാൻ ചോല എന്ന വാക്കിന്റെ അർത്ഥം മനസിനെ ആശയക്കുഴപ്പത്തിലാക്കുന്നത് എന്നാണ്. അകത്ത് കയറിയാൽ വഴി പെട്ടെന്ന് മറന്നുപോകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മൂന്നാറിൽ നിന്ന് പൂപ്പാറ ഗ്രാമം വഴിയാണ് മതികെട്ടാനിൽ എത്തിച്ചേരേണ്ടത്. മൂന്നാർ - കുമളി ഹൈവേയിലൂടെ യാത്ര ചെയ്താൽ പൂപ്പാറ ഗ്രാമത്തിൽ എത്തിച്ചേരാം. പൂപ്പാറയിൽ സഞ്ചാരികൾ താമസിക്കാനുള്ള സൗകര്യമുണ്ട്. നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് മതികെട്ടാൻ ചോല സന്ദർശിക്കാൻ പറ്റിയ സമയം. അപ്പോൾ ഡിസംബറിന്റെ കുളിരിൽ അല്പം സാഹസികത അനുഭവിക്കാൻ മതികെട്ടാൻ ചോലയിലേക്ക് വിട്ടാലോ. അടിച്ചുപൊളിച്ച് പോയിവരാം.












Click it and Unblock the Notifications