ആനക്കുളി..സ്വന്തമായി വെള്ളച്ചാട്ടമുള്ള വൈറൽ സ്കൂൾ; കാടും നാടും കണ്ട് ഒരു മഴയാത്ര.. നനഞ്ഞു പോകാം
ജൂൺ എത്തുന്നതിനു മുന്നേ തന്നെ ഇത്തവണ മഴയെത്തി. മഴ യാത്രകൾക്ക് ഉഷാറായി ഇറങ്ങാനുള്ള നേരമാണിത്. വെള്ളച്ചാട്ടങ്ങൾ ജീവൻ വെക്കുന്ന, പച്ചപ്പിന് പിന്നെയും ഭംഗിയേറുന്ന മഴയും കോട മഞ്ഞും മുന്നറിയിപ്പൊന്നും നല്കാതെ മുന്നിലെത്തുന്നതുമായ സമയം. ഈ സീസണിലെ യാത്രകൾക്ക് ഒരുപാട് സ്ഥലങ്ങൾ നമ്മുടെ ലിസ്റ്റിലുണ്ടാകുമെങ്കിലും തീർച്ചയായും പോകേണ്ട ഒരിടമേതെന്ന് ചോദിച്ചാൽ അത് മാമലക്കണ്ടം ആണ്.
കാടും മലയും പച്ചപ്പും മാത്രമല്ല, ആർത്തലച്ച് പാറക്കെട്ടിലൂടെ പതിക്കുന്ന ഒരു വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലമുള്ള ഒരു സ്കൂൾ കാണാൻ പോയാലോ.. ഇത്രയും പറഞ്ഞപ്പോഴേയ്ക്കും സ്ഥലം നിങ്ങൾക്ക് പിടികിട്ടിയിരിക്കുമല്ലേ.. അതെ, മാമലക്കണ്ടം തന്നെ. കേരളത്തിലെ ഏറ്റവും മനോഹരമായ, സഞ്ചാരികളുടെ ഇടയിൽ വൈറലായി മാറിയ, സ്കൂൾ. സ്വന്തമായി വെള്ളച്ചാട്ടമുള്ള, എങ്ങോട്ട് തിരിഞ്ഞാലും അതിമനോഹരമായ ഫ്രെയിമുകളുള്ള ഈ സ്കൂൾ കണ്ട് ഇത്തവണ ഒരു മഴയാത്ര പോയാലോ.

കെ എസ് ആർ ടി സി കൊട്ടാരക്കര ഡിപ്പോയുടെ ബജറ്റ് ടൂറിസം സെൽ ആണ് ജൂൺ മാസത്തിലെ പാക്കേജിൽ ഈ മാമലക്കണ്ടം ഉൾപ്പെടുത്തിയിരിക്കുന്നത്. മാമലക്കണ്ടം മാത്രമല്ല, ആനക്കുളവും മാങ്കുളവും ലക്ഷ്മി എസ്റ്റേറ്റും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന ഏകദിന യാത്രയാണിത്. മഴ ആസ്വദിക്കാനും ഓഫ്ബീറ്റ് റൂട്ടിലൂടെയുള്ള യാത്രയ്ക്കും മൂന്നാറിന്‍റെ ഭംഗി മഴയില്‍ കാണാനും ഒക്കെ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഈ യാത്രയെക്കുറിച്ച് വിശദമായി അറിയാം.
ജൂണ്‍ 1 -ാം തിയതി പുലർച്ചെ 4.30ന് കൊട്ടാരക്കര കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് യാത്ര തുടങ്ങും. മാമലക്കണ്ടം തന്നെയാണ് യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം.മനോഹരമെന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അത്രയ്ക്കുണ്ട് മാമലക്കണ്ടത്തിന്‍റെ ഭംഗി. മഴക്കാലം മാത്രമല്ല, വർഷത്തിലെ ഏതു നേരത്തും ഇവിടേക്ക് കയറി വരാം. ഒരിക്കലും നിരാശപ്പെടുത്താത്ത, ഭംഗി നിറഞ്ഞ, പ്രകൃതിയെ ഏറ്റവും മനോഹരമായി കാണാവുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. അതിൽ കാടും വെള്ളച്ചാട്ടവും പുഴയൊഴുകുന്ന വഴിയും മരങ്ങളും എല്ലാം ഉൾപ്പെടുന്നു.
പിന്നീട് പോകുന്നത് മാലലക്കണ്ടം സ്കൂളിലേക്കാണ്. കേരളത്തിൽ ഇത്രയും വൈറൽ ആയ മറ്റൊരു സ്കൂളുണ്ടോ എന്ന് സംശയമുണ്ട്. മഴക്കാലം തന്നെയാണ് ഇവിടം കാണാൻ പറ്റിയ നേരം. വെള്ളച്ചാട്ടവും മൂടൽ മഞ്ഞും ഒക്കെയുള്ള ഇവിടെ വന്നു നിന്നാൽ സമയം പോകുന്നതറിയില്ല. സ്കൂളിന് സമീപമുള്ള മല പെരുവര മലയും വെള്ളച്ചാട്ടം എംബ്ലാശേരി വെള്ളച്ചാട്ടവുമാണ്. കാടിനുള്ളിൽ നിന്ന് ആനകളിറങ്ങി നീരാടാനും വെള്ളം കുടിക്കാനുമെത്തുന്ന ആനക്കുളവും ഈ യാത്രയിൽ കാണാം. കൂട്ടമായി ആനകളെത്തുന്നതും വെള്ളം കുടിക്കുന്നതുമെല്ലാം ഇവിടെ കാണാം. ഭാഗ്യമുണ്ടെങ്കിൽ കുട്ടിക്കൊമ്പന്മാരുടെ കുസൃതിയും ആനക്കുളിയും കാണുകയും ചെയ്യാം.
ആനക്കുളത്തിന് സമീപത്തു സ്ഥിതി ചെയ്യുന്ന മാങ്കുളമാണ് അടുത്ത സന്ദർശന സ്ഥലം. പലപ്പോഴും മൂന്നാറിനേക്കാൾ തണുപ്പ് അനുഭവപ്പെടുന്ന, കളങ്കമില്ലാത്തതും മലിനമല്ലാത്തതുനായ കാഴ്ചകൾ കൊണ്ട് ഹൃദയത്തിൽ ഇടംപിടിക്കുന്ന ഇടമാണ് മാങ്കുളം. വലിയ സൗകര്യങ്ങളോ വികസങ്ങളോ ഒന്നും ഇവിടെയില്ലെങ്കിലം സഞ്ചാരികൾ തിരയുന്ന ഈ സമാധാനവും കാഴ്ചകളും ഇവിടെ ഉറപ്പായും കിട്ടും. ഇവിടെയുമുണ്ട് കാടും വെള്ളച്ചാട്ടവും കാട്ടരുവികളും ഒക്കെ. തൂക്കുപാലങ്ങളാണ് ഇവിടുത്തെ മറ്റൊരു കൗതുക കാഴ്ച.
യാത്രയിനി തുടരുക ലക്ഷ്മി എസ്റ്റേറ്റിലൂടെയാണ്. തേയിലത്തോട്ടങ്ങൾക്ക് നടുവിലുള്ള വഴിയിലൂടെ പോകുന്ന ഈ യാത്രയിൽ മൂന്നാറിന്‍റെ സൗന്ദര്യവും ആസ്വദിക്കാം. തിരികെ അന്നുരാത്രി പതിനൊന്ന് മണിയോടെ കൊട്ടാരക്കരയിൽ എത്തുന്ന വിധത്തിലാണ് യാത്ര. ഫാസ്റ്റ് പാസഞ്ചർ ബസിലുള്ള പാക്കേജിന് ഉച്ചഭക്ഷണം ഉൾപ്പെടെ 1190 രൂപയാണ് യാത്രാ നിരക്ക്. സീറ്റുകൾ ബുക്ക് ചെയ്യാം. ഫോൺ- 9567124271, 9447281459












Click it and Unblock the Notifications