മഴ വന്നു.. മനസ്സും നിറയ്ക്കാം, ഗാലറിയും! മഴക്കാഴ്ചകളിലേക്ക് ഫോക്കസ് ചെയ്യാൻ കേരളത്തിലെ കിടിലൻ ഇടങ്ങൾ ഇതാ
അങ്ങനെ കാത്തിരുന്ന മഴക്കാലം ഇങ്ങെത്താൻ പോകുകയാണ്. മഴക്കാലത്ത് കേരളത്തിന് പ്രത്യേക ഭംഗിയാണെന്ന് എടുത്ത് പറയേണ്ട കാര്യമെന്താണല്ലേ. ആർത്തലച്ച് പെയ്യുന്ന മഴയും കോട മഞ്ഞ് മൂടിയ മലകളും നിറഞ്ഞൊഴുകുന്ന പുഴകളും തടാകങ്ങളും മഴക്കാലത്തെ ഗ്രാമീണ കാഴ്ചകളും അങ്ങനെ എന്തെല്ലാമാണ് ഈ മഴക്കാലത്ത് കണ്ട് തീർക്കാനുള്ളത്. മുൻപത്തെ പോലെയല്ല, മഴക്കാലം ആസ്വദിച്ചാൽ മാത്രം പോരല്ലോ അതെല്ലാവരേയും അറിയിക്കണ്ടേ, അതെല്ലാവരും കാണുകയും വേണം, സ്വാഭാവികമായി ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുയും ചെയ്യും.
മഴക്കാലത്ത് സോഷ്യൽ മീഡിയ എടുത്താൽ പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ മഴമൂടിയ കാഴ്ചകൾ മാത്രമായിരിക്കും. അങ്ങനെരസകരമായ മഴക്കാഴ്ചകൾ കിട്ടണമെങ്കിൽ അങ്ങനെയുള്ള സ്ഥലങ്ങളിൽ പോകണം. കേരളത്തിൽ അങ്ങനെ മഴ ചിത്രങ്ങൾ എടുക്കാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയാണ്? നോക്കാം

മൂന്നാർ
തെക്കിന്റെ കാശ്മീർ , അതാണ് മൂന്നാർ. ശൈത്യകാലത്തെ മൂന്നാറിലെ കാഴ്ചകൾക്ക് പ്രത്യേക ഭംഗിയാണ്. അതിലും ഭംഗിയാണ് മഴക്കാല കാഴ്ചകൾക്ക്. മഴയും കോടമഞ്ഞ് കെട്ടി നിൽക്കുന്ന മല നിരകൾക്കും മൊഞ്ച് വേറെയാണ്. മഴക്കാലത്തെ തേയില തോട്ടങ്ങളുടെ ഭംഗിയാണ് പ്രത്യേകം എടുത്ത് പറയേണ്ടത്. പച്ചക്കാട് പോലെ തിങ്ങി നിറഞ്ഞ നിൽക്കും ഇത്. ഈ പ്ലാന്റേഷനുകൾക്ക് സമീപത്ത് ധാരാളം കോട്ടേജുകളും ഉണ്ട്. ഇവിടെ താമസിച്ച് തേയില തോട്ടങ്ങളുടെ ഭംഗി പകർത്താം. മൂന്നാറിലുള്ള വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകും. വേനൽക്കാലത്ത് തന്നെ ഇവിടുത്തെ ലക്കം വെള്ളച്ചാട്ടത്തിൽ വെള്ളത്തിന് വലിയ കുറവൊന്നുമില്ല. അപ്പോൾ പിന്നെ മഴക്കാലത്തെ കുറിച്ച് പറയണോ. ഈ കാഴ്ച കാണാൻ വേണ്ടി മാത്രം കിലോ മീറ്ററുകൾ താണ്ടി എത്തുന്ന സഞ്ചാരികൾ ഉണ്ട്. ലക്കം കൂടാതെ ആറ്റുകൽ വെള്ളച്ചാട്ടവും ഇവിടെ ആസ്വദിക്കാം. പിന്നെ അധികമാരും എത്താത്ത ചെറിയ വെള്ളച്ചാട്ടങ്ങളും മൂന്നാറിൽ ധാരാളം ഉണ്ട്. മീശപ്പുലി മല , ചൊക്രമുടി പോലുള്ള ട്രെക്കിങ് സ്ഥലങ്ങളിൽ മഴക്കാലത്തെ കാഴ്ചകൾ രസകരമാണ്. എന്നിരുന്നാലും അപകടസാധ്യത ഏറെ ഉള്ളതിനാൽ ഈ വഴികൾ ഒഴിവാക്കുന്നതാകും ഉചിതം. ഇതൊഴിവാക്കിയാലും മഴക്കാലത്തെ മൂന്നാർ നിങ്ങളെ ത്രില്ലടിപ്പിക്കുക തന്നെ ചെയ്യും.
കുമരകം
മഴക്കാലത്തെ കുമരകത്തെ കണ്ടിട്ടുണ്ടോ? നിറയെ വെള്ളം നിറഞ്ഞ് ആകപ്പാടെ ഒരു ആലസ്യത്തിൽ നിൽക്കുന്ന കുമരം? ഹൗസ് ബോട്ടുകളിലെ യാത്രയും നിറഞ്ഞ് നിൽക്കുന്ന വയൽക്കാഴ്ചകളും ഗ്രാമീണ കാഴ്ചകളുമെല്ലാം നിങ്ങളെ ത്രസിപ്പിക്കും. മഴക്കാലത്ത് കുമരകത്തെ വൈകുന്നേരങ്ങൾക്ക് പ്രത്യേകം ഭംഗിയാണ്. കായൽ രുചികളുടെ ഫോട്ടോകൾ മാത്രം മത്രി ഇൻസ്റ്റയെ തീപിടിപ്പിക്കാൻ. പക്ഷെ മഴ കനത്താൽ ഇങ്ങോട്ടുള്ള യാത്ര ഒഴിവാക്കുന്നതായിരുക്കും ഉചിതം. അപകട സാധ്യത ഏറെയുള്ളപ്പോൾ ഹൗസ് ബോട്ട് യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്.
ഇടുക്കി
മഴയിൽ ഇടുക്കിയെ പോൽ മിടുക്കിയായി മറ്റൊരു സ്ഥലമുണ്ടോ അല്ലേ. മഴയും മഞ്ഞ് മൂടിയ കാഴ്ചകളും തന്നെയാണ് ഈ സമയത്ത് സഞ്ചാരികളെ വരവേൽക്കുക. മൊട്ടക്കുന്നുള്ള വാഗമൺ പോലെ, പരന്ന് കിടക്കുന്ന പരുന്തുംപാറ പോലെ അതിമനോഹരമായ നിരവധി ട്രെക്കിങ് സ്ഥലങ്ങൾ ഇടുക്കിയിൽ നിന്ന് പകർത്താം. തൊമ്മൻകുത്ത്, ആനയടിക്കുത്ത്, ഞെണ്ടിറുക്കി തുടങ്ങി നിരവധി വെള്ളച്ചാട്ടങ്ങളും ഇവിടെ ഉണ്ട്. മലയോര പ്രദേശമായത് കൊണ്ട് തന്നെ മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര അൽപം അപകടം പിടിച്ചതാണ്. അതുകൊണ്ട് തന്നെ സാഹസികത മാറ്റിവെച്ച് കാലാവസ്ഥ കൂടി അനുകൂലമാകുന്ന മുറക്ക് പോകാം.
വയനാട്
ഇടുക്കിയിൽ പോയാൽ പിന്നെ വയനാട്ടിലെ മഴ എങ്ങനെ കാണാതിരിക്കും. ബാണാസുരയും മീൻമുട്ടി , സൂചിപ്പാറ പോലുള്ള വെള്ളച്ചാട്ടങ്ങളുമെല്ലാം ഇഷ്ടം പോലെ ഫോട്ടോകൾക്കുള്ള വക നൽകും. ഇവിടെ പ്രത്യേകിച്ച് ഒരു സ്ഥലത്ത് പോകാനുള്ള പ്ലാൻ ഇല്ലെങ്കിൽക്കൂടിയും വെറുതേയുള്ള നടത്തം പോലും രസകരമായ മഴക്കാഴ്ചകൾ തരും. ഇതുകൂടാതെ സ്പ്ലാഷ് പോലെയുള്ള മൺസൂൺ കാർണിവലുകള്, പ്രാദേശിക പരിപാടികൾ തുടങ്ങിയവും മഴക്കാലത്ത് വയനാട്ടിൽ നടക്കാറുണ്ട്.
റാണിപുരം
മഴക്കാലത്ത് ഫോട്ടോ പകർത്താൻ മാത്രമല്ല, മഴയിലൂടെ നടത്തവും കാടും കോടയും കണ്ടുള്ള യാത്രയും സാഹസികതയും ഒക്കെ ആസ്വദിക്കാൻ പറ്റിയ ഇടമാണ് റാണിപുരം. കാസർകോഡുകാരുടെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം. ഇവിടെ ഏറ്റവും കൂടുതൽ ആളുകളെത്തുന്ന സമയം കൂടിയാണ് മഴക്കാലം. പുൽമേടും കാടും ഒക്കെ മഴനനഞ്ഞ് നടക്കുന്ന സുഖവും കോടമഞ്ഞ് കാഴ്ച മറയ്ക്കുന്ന കൗതുകവും ഒക്കെ ഇവിടെ ഈ സമയത്ത് ആസ്വദിക്കാം. കോടമഞ്ഞു നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ പകർത്തിയാൽതന്നെ ഈ യാത്ര സഫലമായെന്നു പറയാം. വന്നുംപോയുമുള്ള മഞ്ഞും വെയിലും ഉച്ചിയിലെ പാറക്കെട്ടും ചുറ്റുമുള്ള കാഴ്ചകളും ഫോണിന്‍റെ ഗാലറി നിറയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.
മൺറോ തുരുത്ത്
മഴക്കാലമെന്നാൽ തുരുത്തുകളും കായലുകളും അതിന്‍റെ ഭംഗിയുടെ പൂർണ്ണതയെത്തുന്ന നേരമാണ്. മൺറോ തുരുത്തിന്‍റെ കാര്യം പറയേണ്ടതില്ല. ഏതു നേരത്തു ചെന്നാലും അതിമനോഹരമായ യാത്രാനുഭവവും കാഴ്ചകളും നല്കുന്ന ഇവിടെ മഴക്കാലം എത്രഭംഗിയായിരിക്കുമല്ലേ.. കല്ലടയാറും അഷ്ടമുടിക്കായലും സംഗമിക്കുന്നയിടത്തെ മൺറോ തുരുത്ത് ഗ്രാമീണകാഴ്ചകളുടെ ഇടമാണ്. തോടിന്‍റെ കൈവഴികളിലൂടെ വഞ്ചിയിലുള്ള യാത്രയിലെ ഓരോ നിമിഷവും പകർത്തുവാനുള്ള ചിത്രങ്ങൾ കാണാം. ഫോട്ടോ എടുത്താൽ മാത്രം പോരാ, ഇവിടുത്തെ രുചികൾ പരീക്ഷിക്കുവാനും സമയം കണ്ടെത്തണം. കൊല്ലത്ത് നിനന്് 29 കിമി ആണ് മൺറോ തുരുത്തിലേക്കുള്ള ദൂരം.
അതിരപ്പിള്ളി
മഴ തുടങ്ങിയാൽ അതിരപ്പിള്ളിക്ക് മറ്റൊരു മുഖമാണ്. കരുത്തേറി പതിക്കുന്ന വെള്ളച്ചാട്ടവും പച്ചപ്പണിഞ്ഞു നിൽക്കുന്ന മലകളും ഒക്കെയായി ഒരു ദൃശ്യവിരുന്നുതന്നെ ഇവിടെയൊരുങ്ങും. കാടും മലയും വെള്ളച്ചാട്ടങ്ങളും പുഴയും കണ്ട് മനസ്സു നിറച്ചു വരുവാൻ സാധിക്കുന്ന ഇടമാണ് ഇവിടം. അതിരപ്പിള്ളി മാത്രമല്ല കേട്ടോ ഇവിടെ കാണാനുള്ളത്. കുട്ടികളെയുംകൂട്ടി പോകുവാൻ തുമ്പൂർമുഴി പാർക്ക്, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ഷോളയാർ തുടങ്ങിയ സ്ഥലങ്ങളും ഇവിടെ കാണാം. മഴയത്ത് കുട ചൂടി നടന്ന് കാഴ്ചകൾ കാണാനും പകർത്താനുമുള്ള അവസരം ഇവിടം നല്കും.
ശെന്തുരുണി
യാത്രകൾ അനുഭവങ്ങൾ കൂടിയാകണം എന്ന ആഗ്രഹമുണ്ടെങ്കിൽ പോകേണ്ടയിടം ശെന്തുരുണിയാണ്. പശ്ചിമഘട്ടത്തിന്‍റെ മഴക്കാഴ്ചകളും ഭംഗിയും കാണാനും പകർത്തുവാനും പറ്റിയ സ്ഥലം കൊല്ലം ജില്ലയുടെ ഭാഗമാണ്. മഴക്കാലത്ത് മുഖംമാറുന്ന കാടിന്‍റെ കാഴ്ചകൾ പകർത്തുവാനും കാടിനുള്ളിലെ കാഴ്ചകളെ പരിചയപ്പെടുവാനും ഈ യാത്ര ഉപയോഗപ്പെടുത്താം. നിങ്ങളുടെ സമയം പോലെ ഇവിടുത്തെ ഇക്കോ ടൂറിസം പാക്കേജുകൾ പരിചയപ്പെടുവാനും മറക്കരുത്. ബോട്ടിങ്, കുട്ടവഞ്ചി യാത്ര, ട്രെക്കിങ്, വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി, ജംഗിൾ ക്യാംപിങ് തുടങ്ങിയ പല കാര്യങ്ങളും ഇവിടെ
കൊല്ലങ്കോട്
പാലക്കാടിന്‍റെ മഴക്കാഴ്ചകൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. നെല്പാടങ്ങളും കരിമ്പനകളും ഒക്കെയുള്ള കേരളത്തിന്‍റെ നെല്ലറയിലെ ഏറ്റവും ഭംഗിയുള്ള ഇടം ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ, അത് കൊല്ലങ്കോട് ആണ്. മലയാളികൾ തേടുന്ന മഴ സൗന്ദര്യം ഏറ്റവും ലളിതവും മനോഹരവുമായും കാണാൻ സാധിക്കുന്ന ഇടം കൊല്ലങ്കോട് തന്നെയാണ്. നീണ്ടുപരന്നു കിടക്കുന്ന പാടങ്ങളും പശ്ചാത്തലത്തിലെ മലനിരകളും അതിലൂടെ ഊർന്നിറങ്ങുന്ന വെള്ളച്ചാട്ടങ്ങളുടെ കാഴ്ചകളും തിരക്കെത്ര കൂടിയാലും വിട്ടുപോകാത്ത ശാന്തതയും കൊല്ലങ്കോടിന് മാത്രം പറഞ്ഞിട്ടുള്ളതാണ്.
കൊല്ലങ്കോട് വരുമ്പോൾ വാമല മുരുകൻ ക്ഷേത്രം, സീതാർകുണ്ട് വെള്ളച്ചാട്ടം, ചിങ്ങൻചിറ കറുപ്പസ്വാമി ക്ഷേത്രം,, പെരിങ്ങോട്ടുശ്ശേരി കളം, ചുള്ളിയാർ ഡാം, ചെല്ലപ്പൻ ചേട്ടന്റെ ചായക്കട തുടങ്ങിയ ഇടങ്ങൾ കൂടി കാണാണം. എല്ലാ സ്ഥലങ്ങളും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ യാത്രയും എളുപ്പമാണ്.












Click it and Unblock the Notifications