മഴക്കാലം ഇങ്ങെത്തി.. സീസണിലെ കോംബോ വെള്ളച്ചാട്ടങ്ങളും ട്രെക്കിങും തന്നെ! പോകാൻ പറ്റിയ 8 ഇടങ്ങൾ
സാഹസിക സഞ്ചാരികളാണ് നിങ്ങളെങ്കിൽ തീർച്ചയായും മഴക്കാലത്ത് മല കയറാതിരിക്കാനാകില്ല. മഴകൊണ്ട്, കോടമഞ്ഞിനെ വകഞ്ഞ് മാറ്റി ലക്ഷ്യസ്ഥാനത്ത് എത്തി മഴയിൽ പുതഞ്ഞ് നിൽക്കുന്ന ആ മലയും കണ്ട് അനുഭവിച്ച് ഇറങ്ങുന്നതിനോളം സ്വർഗം സഞ്ചാരികൾക്ക് എന്തുണ്ട്. കുദ്രേമുഖ്, ഹരിഹർ ഫോർട്ട്, നേത്രാവതി,വാലി ഓഫ് ഫ്ലവേഴ്സ് ഇതൊക്കെ കേരളത്തിന് പുറത്ത് മഴക്കാലത്ത് ഏറ്റവും സഞ്ചാരികൾ പോകുന്ന ഇടമാണ്.
മലകയറ്റത്തിനോടൊപ്പം തന്നെ മഴക്കാലത്ത് വെള്ളച്ചാട്ടങ്ങൾക്കും ഒന്നൊന്നര ഭംഗിതന്നെയാണ്. കുത്തിയൊലിച്ച് പതഞ്ഞിറങ്ങുന്ന വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം എത്ര ആസ്വദിച്ചാലും മതിവരില്ല. അതിനൊപ്പം പച്ചപ്പും കാടും യാത്രയും കൂടിയാകുമെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ സഞ്ചാരികൾ ബാഗുമെടുത്തിറങ്ങും. എങ്കിൽ ഈ മഴക്കാലത്ത് മനസ്സു നിറയ്ക്കുന്ന കുറച്ചു യാത്രകൾ പരിചയപ്പെട്ടാലോ. കേരളത്തിന് അകത്തെ പ്രധാനപ്പെട്ട മഴക്കാല ട്രെക്കിങ്ങുകളും വെള്ളച്ചാട്ടങ്ങളുമാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്. വിശദമായി നോക്കാം

പ്രധാനം ഈ നാല് ട്രെക്കിങ് സ്പോട്ടുകൾ
ബാണാസുര ട്രെക്കിങ്ങ്
കോടമഞ്ഞിന്റെ അകമ്പടിയോടെ ഇടക്കിടെ പെയ്യുന്ന മഴയേയും വീശിയടിക്കുന്ന കാറ്റിനേയും വകഞ്ഞ് മാറ്റിയുള്ള അതിസാഹസികമായൊരു ട്രെക്കിങ്ങ്, അതാണ് ബാണാസുര നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ മലയാളിത്. ഏകദേശം 2073 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്തെ രസം ആലോചിക്കുമ്പോൾ ഓടി കയറാമെന്ന് തോന്നുന്നില്ലേ? തീർച്ചയായും തോന്നും പക്ഷെ അത്ര എളുപ്പമല്ല ബാണാസുര മലകയറ്റം. ആദ്യത്തെ 45 മിനിറ്റാണ് അതികഠിനം. പിന്നെ ഏകദേശം 1.5 മണിക്കൂർ മിതമായ കയറ്റമാണ്. ഫോറസ്റ്റ് ഓഫീസിൽ നിന്നുള്ള അനുമതിയോട് കൂടി മാത്രമേ ബാണാസുര കയറാനാകു. നിങ്ങൾക്കൊപ്പം ഒരു അംഗീകൃത ഗൈഡും ട്രെക്കിങ്ങിനുണ്ടാകും. മഴ കനത്താൽ ബാണാസുര കയറുക ഒട്ടും എളുപ്പമാകില്ല. ഈ സമയത്ത് ട്രെക്കിങ്ങ് നിരോധനം ഏർപ്പെടുത്താറുണ്ട്.
റാണിപുരം ട്രെക്കിങ്
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് കാസർഗോഡ് ജില്ലയിലെ റാണിപുരം. മുൻപ് മടത്തുമല എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. സാഹസിക സഞ്ചാരികളുടെ ഇഷ്ട ഇടം. പ്രകൃതി അറിയാനും സാഹസികത അനുഭവിക്കാനും ഒരുപോലെ കഴിയുന്നൊരു സ്ഥലം കൂടിയാണ് റാണിപുരം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 750 മീറ്റർ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. 2.5 കിമി ദൈർഷ്യം മാത്രമുള്ള ചെറിയ ട്രെക്കിങ്ങ് ആണിത്.
ചോലക്കാടുകൾക്ക് നടുവിലൂടെയാണ് മലമുകളിലേക്ക് കയറേണ്ടത്. കയറ്റം കുത്തനെയായാൽ പിന്നെ നിറയെ പുൽമേടുകളാണ്. മുകളിലെത്തിയാൽ റാണിപുരം എന്ന സുന്ദരിയെ നേരിട്ടറിയാം, ചുറ്റുപാടുമുള്ള കാഴ്ചകളും. മഴക്കാലത്ത് കോടമഞ്ഞിന്റെ അകമ്പടിയോടെയായിക്കും റാണിപുരത്തിന്റെ നിൽപ്. മഴയും മഞ്ഞും ചേർന്നുള്ള കാലാവസ്ഥ പ്രകൃതിയുടെ മനോഹാരിത അതിന്റെ പൂർണതോതിൽ അനുഭവിക്കാൻ നിങ്ങറെ സഹായിക്കും. 2.5 കിമി മാത്രമേ ഉള്ളൂവെന്ന് കരുതി വന്യമഗങ്ങളൊന്നും ഇതുവഴി ഉണ്ടാകില്ലെന്ന് കരുതരുത് കേട്ടോ. ആന മുതൽ പുലി വരെ ഈ പ്രദേശത്ത് കൂടി വിലസാറുണ്ട്. ആന പിണ്ടമൊക്കെ പോകുന്ന വഴിയിൽ ഉടനീളം കാണാൻ സാധിക്കും. കാഞ്ഞങ്ങാട് നിന്ന് പനത്തൊടി വരെ ബസിലും അവിടെ നിന്ന് ജീപ്പിലോ അല്ലെങ്കിൽ സ്വകാര്യ വാഹനത്തിലോ റാണിപുരത്ത് എത്താം. ഇവിടെ നിങ്ങൾക്ക് താമസിക്കാനുള്ള അവസരവും ഉണ്ട് കേട്ടോ. ഡിടിപിസിയുടെ കോട്ടേജുകളോ അല്ലെങ്കിൽ ഹോം സ്റ്റേകളോ ഇതിനായി തിരഞ്ഞെടുക്കാം.
ഇല്ലിക്കൽ കല്ല്
അല്പം സാഹസികതയും ട്രെക്കിങ്ങും ഒക്കെ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ മഴക്കാലത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് ഇല്ലിക്കൽ കല്ല്. സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മൂന്ന് കല്ലുകൾ ചേർന്ന് ഉണ്ടായതാണ് ഈ ഇല്ലിക്കൽ കല്ല്. ഈഈ പേര് വെറുതെ ഗൂഗിളിൽ തിരഞ്ഞാൽ പോലും നിങ്ങൾക്ക് കാണാനാകുക കോട മഞ്ഞ് മൂടി നിൽക്കുന്ന ഇല്ലിക്കൽ കല്ലിനെയാകും. മഴക്കാലത്തും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ജീപ്പ് സഫാരിയായി എത്തി ട്രെക്കിങും പൂർത്തിയാക്കി കഴിഞ്ഞാലും കോട നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. സ്വാഭാവികമായും ചുറ്റുമുള്ളതൊന്നും കാണണമെന്നില്ല. എന്നാൽ മഴയ്ക്കൊപ്പം ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്ര അത് ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും.
അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ ഇതാ
അതിരപ്പിള്ളി വെള്ളച്ചാട്ടം
കേരളത്തിന്റെ നയാഗ്ര എന്നാണ് തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിരപ്പിള്ളി അറിയപ്പെടുന്നത്. 80 അടി ഉയരത്തിൽ നിന്നാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്. രൗദ്രഭാവത്തിൽ പതഞ്ഞ് താഴേക്കിറങ്ങുന്ന അതിരപ്പിള്ളിയെ ഒരിക്കലെങ്കിലും നേരിട്ട് കണ്ടാലേ അതിന്റെ ഭംഗി പൂർണതോതിൽ ആസ്വദിക്കാനാകൂ. മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളിയെ കാണാൻ പല നാട്ടിൽ നിന്നും ആളുകളെത്തും.
നിബിഡ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം റോഡിൽ നിന്നും ഏറെ മാറിയാണ്. താഴേക്ക് വെള്ളച്ചാട്ടത്തിന് അടുത്തേക്ക് ഇറങ്ങി പോകുമ്പോൾ തന്നെ ദൂരെ നിന്ന് കടൽ പോൽ ഇരമ്പുന്ന വെള്ളത്തിന്റെ ശബ്ദം കേൾക്കാം. താഴേക്ക് ഇറങ്ങുന്തോറും ആ ശബ്ദം ഇരച്ച് ഇരച്ച് കയറും. അങ്ങനെ നടന്ന് അതിരപ്പിള്ളിയുടെ മുൻപിലെത്തുമ്പോൾ അങ്ങേയറ്റം രൗദ്രഭാവത്തോടെ കലിതുള്ളി ഒഴുകുന്ന അതിരപ്പിള്ളിയെ കാണാം. മഴക്കാലത്തിന്റെ തുടക്ക സമയത്തൊക്കെ മിതമായ തോതിലായിരിക്കും ഒഴുക്ക്. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടത്തിൽ കുളിക്കാനും താഴേക്ക് നടന്ന് പോകാനുമൊക്കെയുള്ള അനുവാദം ഉണ്ടാകും. എന്നാൽ മഴ കനത്താൽ താഴേക്കെന്ന് മാത്രമല്ല ഒരുപക്ഷെ വെളളച്ചാട്ടത്തിലേക്കുള്ള പ്രവേശനം തന്നെ നിയന്ത്രിക്കും. ഈ സമയത്ത് അപകട സാധ്യത ഏറെയാണ് എന്നതിനാലാണിത്. അതിനാൽ ഇത്തവണ അതിരപ്പിള്ളി കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മഴയുടെ തുടക്കത്തിൽ തന്നെ വിട്ടേക്ക്.
വാഴച്ചാൽ വെള്ളച്ചാട്ടം
അതിരപ്പിള്ളിയിൽ നിന്നും നിബിഡ വനത്തിനുള്ളിലൂടെ ഏകദേശം 5 കിമിയോളം സഞ്ചരിച്ചാൽ വാഴച്ചാൽ വെള്ളച്ചാട്ടം കാണാം. അത് പക്ഷെ അതിരപ്പിള്ളി പോലെയാകില്ല ഒഴുകുന്നത്. പരന്ന് ഒഴുകി പാറക്കെട്ടുക്കളിൽ തട്ടിത്തലോടി താഴേക്ക് പതിക്കുന്നതാണ് വാഴച്ചാൽ. തീർത്തും ശാന്തസ്വഭാവം. ചുറ്റും മനോരഹമായൊരു പാർക്കും വാഴച്ചാലിൽ ഉണ്ട്. സിനിമകളിൽ വിദേശ രാജ്യങ്ങളിലെ വെള്ളച്ചാട്ടങ്ങൾ കണ്ടിട്ടില്ലേ അതുരോലെ രസകരമാണ് വാഴച്ചാൽ വെള്ളച്ചാട്ടവും അതിന്റെ ചുറ്റമുള്ള പ്രദേശവും.
സൂചിപ്പാറ വെള്ളച്ചാട്ടം
വയനാട് കൽപ്പറ്റ മേപ്പാടിക്ക് സമീപമാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്ന് തട്ടുകളിലായി 300 അടി മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ്. മൂന്ന് തട്ടുകളിലായി പാലരുവി പോലെ താഴേക്ക് പതിക്കുന്നതാണ് ഈ വെള്ളച്ചാട്ടം. രാവിലെ എട്ട് മണി മുതലാണ് ഇവിടേക്ക് പ്രവേശനം. മുതിർന്നവർക്ക് 150 രൂപയാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് 50 രൂപയും.
തൊമ്മൻകുത്ത് വെള്ളച്ചാട്ടം
ഇടുക്കിയിലെ തൊടുപുഴയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ ഈ വെള്ളച്ചാട്ടം കാണാൻ മഴക്കാലത്ത് എത്തുന്നവർ ധാരാളമാണ്. സൂചിപ്പാറ മൂന്ന് തട്ടുകളിലായാണ് ഒഴുകുന്നതെങ്കിൽ തൊമ്മൻ കുത്ത് വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത ഇത് ഏഴ് വെള്ളച്ചാട്ടങ്ങൾ ചേർന്നതാണെന്നതാണ്. എഴുനിലക്കുത്ത്, നാക്കയം കുത്ത്, മുത്തിമുക്ക് കുത്ത്, കുടച്ചിയാല്‍ കുത്ത്, ചെകുത്താന്‍കുത്ത്, തേന്‍കുഴിക്കുത്ത്, കൂവമലക്കുത്ത് എന്നിങ്ങനെയാണ് ഈ ഏഴെണ്ണം. ഇവിടേക്ക് പോകാൻ പ്രത്യേക പാക്കേജ് എടുക്കേണ്ടതുണ്ട് കേട്ടോ.












Click it and Unblock the Notifications