മഴയിങ്ങെത്തി; മൺസൂൺ ട്രെക്കിങ്ങ് അടിച്ച് പൊളിക്കാം, കർണാടകയിൽ മസ്റ്റ് വിസിറ്റാണ് ഈ സ്ഥലങ്ങൾ
വേനലും ഇടയ്ക്കിടെ എത്തുന്ന മഴയും മാറിമാറി വരുന്ന ചൂടും തണുപ്പും ഒക്കെയാണ് ഇപ്പോഴത്തെ ബെംഗളൂരുവിന്‍റെ അവസ്ഥ. എന്നാൽ അത് മഴക്കാലത്തിലേക്ക് വളരെ വേഗം മാറും. മഴക്കാലമായാൽ പിന്നെസഞ്ചാരികൾക്ക് സമാധാനത്തോടെ ഇവിടെയിരിക്കാൻ പറ്റില്ല. മൺസൂൺ ട്രെക്കിങ്ങുകളുടെ കേന്ദ്രമായ കര്‍ണ്ണാടകയിൽ മഴ കാര്യമായി പെയ്തു തുടങ്ങുമ്പോൾ തന്നെ ആളുകൾ ബാഗുമെടുത്ത് ട്രെക്കിങ്ങിനിറങ്ങും. അപ്പോൾ പിന്നെ നമ്മളും ഇറങ്ങുവല്ലേ.
ബെംഗളൂരുവിൽ നിന്ന് ഒരു രാത്രി ബസ് കയറി നേരം വെളുക്കുമ്പോഴേയ്ക്കും ട്രെക്കിങ്ങിന്‍റെ ബേസ് ക്യാംപിൽ എത്താന് പറ്റുന്ന വിധത്തിൽ നിരവധി സ്ഥലങ്ങളുണ്ട്. പ്ലാൻ ചെയ്തു പോകാൻ മടിയുള്ളവർക്കായി ഇഷ്ടംപോലെ ടൂർ പാക്കേജുകളാണ് കർണ്ണാടക ട്രെക്കിങ്ങിനായി വിവിധ ട്രാവൽ ഏജൻസികൾ ഒരുക്കിയിട്ടുള്ളത്. ഇതാ ബെംഗളൂരുവിൽ നിന്ന് പോകാൻ പറ്റിയ മൺസൂൺ ട്രെക്കിങ്ങുകള് ഏതൊക്കെയെന്ന് നോക്കാം.

നേത്രാവതി ട്രെക്കിങ്
മേഘം അതിരിട്ടു നിൽക്കുന്ന പോല മലനിരകൾ.. അതിനെയെല്ലാം മറച്ച് കാറ്റിൽ വന്നെത്തുന്ന കോടമഞ്ഞ്.. മുന്നിൽ കാണുന്ന ഒറ്റയടിപാതയിലൂടെയുള്ള നടത്തം. ഇങ്ങനെ കുന്നും മലയും കയറി, മഴയും വെയിലും കൊണ്ട് ഒരു പകൽ മുഴുവൻ ചെലവഴിക്കാൻ ആഗ്രഹമുണ്ടോ? ഇവര്‍ക്കുള്ളതാണ് നേത്രാവതി ട്രെക്കിങ്. കർണ്ണാടകയിൽ മഴക്കാലത്ത് ചെയ്യാൻ പറ്റിയ, ഏറ്റവും മനോഹരമായ കാഴ്ചകൾ നല്കുന്ന ട്രെക്കിങാണ് നേത്രാവതി ട്രെക്കിങ്. ദക്ഷിണേന്ത്യ ഒളിപ്പിക്കുന്ന മനോഹര റൂട്ടുകളിലൊന്നും ഇതാണ്.
ലളിതമായി തുടങ്ങി മുകളിലേക്ക് കയറുംതോറും ബുദ്ധിമുട്ട് കൂടുന്ന ഒരു ട്രെക്കിങ് ആണിത്. പല ട്രെയിലുകളുണ്ടെങ്കിലും നേത്രാനദി നദിക്കൊപ്പം പോകുന്ന യാത്രയാണ് കൂടുതലാളുകളും തിരഞ്ഞെടുക്കുന്നത്. ഇത് 12 കിലോമീററർ യാത്രയാണ് ഒരു ദിശയിലേക്കുള്ളത്. ഏകദേശം ആറ് മണിക്കൂറെങ്കിലും വേണ്ടിവരും പൂർത്തിയാക്കുവാൻ. മഴക്കാലത്ത് അട്ടകളുടെ ശല്യം പൊതുവേ കൂടുതലാണെങ്കിലും പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന മലയും താഴ്വാരങ്ങളും കാണാൻ ഈ സീസണിൽ വരുന്നവരുമുണ്ട്.
കൊടചാദ്രി
ബെംഗളൂരുവിൽ നിന്ന് മഴക്കാലത്ത് ഏറ്റവും സുരക്ഷിതമായി പോകുവാൻ കഴിയുന്ന ട്രെക്കിങ്ങുകളിലൊന്നാണ് കുടചാദ്രി ട്രെക്കിങ്. മഴ പെയ്തു കഴിഞ്ഞാൽ ഇവിടെ മുഴുവൻ കോടമഞ്ഞാൽ നിറയും. തൊട്ടു മുന്നിലുള്ളത് പോലും കാണാൻ സാധിക്കാത്ത വിധത്തിൽ മഞ്ഞിറങ്ങുന്ന പ്രദേശത്തുകൂടി നടക്കുന്നത് എന്തുരസമാണെന്ന് അറിയുമോ? ബെംഗളൂരുവിൽ നിന്ന് കൊല്ലൂര് എത്തി ഇവിടുന്നാണ് യാത്ര തുടങ്ങുന്നത്.
നിട്ടൂർ / മരകുടക മുതൽ ഹിഡ്‌ലുമന വഴി പിഡബ്ലൂഡി ഗസ്റ്റ് ഹൗസിലെത്തി ഇവിടുന്ന് കൊടചാദ്രി ബേസ് സ്റ്റേഷൻ വഴി കയറുന്നതാണ് ഒന്ന്. നിങ്ങൾക്ക് ധാരാളം സമയവും നടക്കാനുള്ള ആരോഗ്യവും ഉണ്ടെങ്കിൽ ഈ വഴി തിരഞ്ഞെടുക്കാം. എന്നാല്‍ പ്രധാന ട്രെക്കിങ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ കൊല്ലൂർ ക്ഷേത്രത്തിൽ നിന്ന് ജീപ്പ് മാര്‍ഗം ചെക്ക് പോസ്റ്റ് കടന്ന് ബേസ് പോയിന്‍റിൽ എത്താം. ഇവിടുന്ന് ആദി മൂകാംബിക ക്ഷേത്രം, ശങ്കര പീഠം എന്നിവ കാണാനായി നടക്കാം. ഒറ്റയടി പാതയും കോടമഞ്ഞും മഴയും ഒക്കെ ഒരുമിച്ചെത്തുന്ന ഒരു ഫീൽ ആലോചിച്ചു നോക്കിയേ.. അതാണ് ഇവിടെ നിങ്ങൾക്ക് കിട്ടുന്നത്.
കുറിഞ്ഞാൽ പീക്ക് ട്രെക്ക്
ബെംഗളൂരുവിൽ നിന്ന് 336 കിമി അകലെ സ്ഥിതി ചെയ്യുന്ന
കുറിഞ്ഞാൽ പീക്ക് ട്രെക്കിങ് മഴക്കാലത്ത് ചെയ്യാൻ പറ്റിയ സാഹസിക ട്രെക്കിങ്ങുകളിലൊന്നാണ്. പശ്ചിമഘട്ടത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടം പരിചയമുള്ളവരോ കയറിയവരോ ഒന്നും അധികമില്ല. കുദ്രേമുഖ് ദേശീയോദ്യാനത്തില് സ്ഥിതി ചെയ്യുന്ന ഇടമായതിനാൽ പലരും കുദ്രേമുഖ് ട്രെക്കിങ് തിരഞ്ഞെടുക്കുമ്പോൾ അറിയാതെയെങ്കിലും ഇവിടം വിട്ടുപോകുന്നു. അതുകൊണ്ടു തന്നെ ഇവിടം സഞ്ചാരികൾക്കിടയിലെ ഒരു നിഗൂഢ ഇടം കൂടിയാണ്.
കുദ്രേമുഖ് ദേശീയോദ്യാനത്തിലുള്ളിലെ കാട്ടിലൂടെയാണ് യാത്ര മുന്നോട്ടുപോകുന്നത്. അരുവികൾ, പുൽമേടുകൾ എന്നിങ്ങനെ മനസ്സിലെ കുളിർപ്പിക്കുന്ന പല കാഴ്ചകളും ഈ യാത്രയിൽ കാണാം. അവസാനം ഏറ്റവും മുകളിലെ കുന്നിലേക്കുള്ള കയറ്റമാണ് ഏറ്റവും പ്രയാസമേറയതും ഏറ്റവും സുന്ദര കാഴ്ചകൾ നല്കുന്നതും. 9.2 കിമി ദൂരമാണ് ആകെ നടക്കേണ്ടത്, കലാസ മെയിൻ റോഡിലെ ഭഗവതി നേച്ചർ ക്യാംപിൽ നിന്ന് യാത്ര തുടങ്ങാം.
കോപ്പട്ടി ട്രെക്കിങ്
ബെംഗളൂരുവിൽ നിന്ന് കൂർഗിലേക്ക് വരുമ്പോൾ മഴക്കാലത്ത് അധികമായി ചെയ്യാവുന്ന ഒന്നാണ് കോപ്പട്ടി ട്രെക്കിങ്. കോപ്പട്ടിഎന്ന സ്ഥലത്തു നിന്നും ആരംഭിക്കുന്ന ഈ യാത്രയിൽ 12 കിലോമീറ്ററാണ് ആകെ സഞ്ചരിക്കുവാനുള്ളത്. കാപ്പിത്തോട്ടങ്ങളും കാടും പുൽമേടും ഒക്കെ കടന്ന് മൂന്ന് മണിക്കൂർ നടത്തം വേണം മുകളിലെത്തുവാൻ. പകൽ സമയത്ത് ആയാസമൊന്നുമില്ലാതെ പോകാൻ പറ്റിയ ഈ യാത്ര നിങ്ങളുടെ കൂർഗ് ട്രിപ്പിൽ വേണമെങ്കിൽ ഉൾപ്പെടുത്തുകയും ചെയ്യാം. പച്ചപ്പും ജൈവവൈവിധ്യവും കൊണ്ട് ഏറ്റവും അതിശയിപ്പിക്കുന്ന പശ്ചിമഘട്ടത്തിലെ ട്രെക്കിങ് കൂടിയാണിത്. ബെംഗളൂരുവിൽ നിന്ന് ഇവിടേക്ക് 289 കിലോമീറ്ററാണ് ദൂരം. ഇവിടേക്ക് ട്രെക്കിങ്ങിനായി വരുന്നതിനേക്കാൾ നിങ്ങളുടെ കൂർഗ് യാത്രയിൽ ഒരു ദിവസം കോപ്പട്ടി ട്രെക്കിങിനായി മാറ്റി വയ്ക്കുന്നതാവും നല്ലത്.
എട്ടിന ബുജെ ട്രെക്കിങ്
ചിക്കമഗളൂരു ജില്ലയിൽ സമുദ്രനിരപ്പില് നിന്ന് 4,265 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇടത്തേയ്ക്കുള്ള എട്ടിന ബുജെ ട്രെക്കിങ് ചര്‍മാടി റേഞ്ചിന്‍റെയും ശിശില വാലിയുടെയും മനോഹരമായ കാഴ്ചകൾ നല്കും. കാടും പുൽമേടും ചേർന്നു നിൽക്കുന്ന അല്ലെങ്കിൽ പരസ്പരം കൂടിയുള്ള ഒരു യാത്രയാണ്. മുകളിലേക്ക് നടക്കുംതോറും കാഴ്ചകളുടെ ഭംഗി കൂടിവരും. ആകെ 4.2 കിലോമീറ്ററാണ് എട്ടിന ബുജെ ട്രെക്കിങ്ങിൽ നടക്കുവാനുള്ളത്. ബെംഗളൂരുവിൽ നിന്ന് ഇവിടേക്ക് 275 കിമി ദൂരമാണുള്ളത്.
നിഷാനി മൊട്ടെ ട്രെക്കിങ്
കൂർഗിൽ അധികമൊന്നും ആളുകൾ പരീക്ഷിക്കാത്ത ഒരു ട്രെക്കിങ്ങാണ് നിഷാനി മൊട്ടെ ട്രെക്കിങ്. ഏകദേശം 10.4 കിമി ദൂരമാണ് ഈ ട്രെക്കിങ്ങിൽ നടക്കുവാനുള്ളത്. എന്നാൽ മറ്റുപല പ്രധാനവും പ്രസിദ്ധവുമായ ട്രെക്കിങ്ങുകളെയപേക്ഷിച്ച് ദൂരം കൂടുതലാണെങ്കിലും ഇത് രസകരമായ ഒരു അനുഭവമായിരിക്കും. ചോലക്കാടും പുല്‍മേടും ഒക്കെ കണ്ട് കൊടുമുടി നല്കുന്ന വിശാലമായ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര ബ്രഹ്മഗിരി റേഞ്ചിന്‍റെ കാഴ്ചകളും കാണിച്ചുതരും. അധികം തിരക്കോ ബഹളങ്ങളോ ഒന്നുമില്ലാത്ത ട്രെക്കിങ്ങാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇത് തിരഞ്ഞെടുക്കാം.
ബെംഗളൂരുവിൽ നിന്ന് നിഷാനി മൊട്ടെ ട്രെക്കിങ് നടക്കുന്ന സ്റ്റാർട്ടിങ് പോയിന്‍റായ ബാഗമണ്ഡലയിലേക്ക് 284 കിമി ദൂരമുണ്ട്. ബെംഗളൂരുവിൽ നിന്ന് ഇവിടേക്ക് വരാൻ ബുദ്ധിമുട്ടാണെങ്കിലും കാസർകോഡ്, കണ്ണൂർ ജില്ലക്കാർക്ക് വളരെ അടുത്താണ് ഇവിടം. തലക്കാവേരിയുടെ കവാടമയ ഇവിടം കൂർഗിലേക്കുള്ള യാത്രാ മധ്യേ കടന്നു പോകുന്ന സ്ഥലമാണ്.
തടിയന്റമോൾ ട്രെക്ക്
ബെംഗളൂരുവിൽ നിന്ന് 282 കിമി അകലെ സ്ഥിതി ചെയ്യുന്ന
തടിയന്റമോൾ ട്രെക്ക് പൊതുവേ പ്രസിദ്ധമായ ട്രെക്കിങ്ങുകളിൽ ഒന്നാണ്. പശ്ചിമഘട്ടം എക്സ്പ്ലോർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ യാത്രകൾ തുടങ്ങുന്നത് മിക്കപ്പോഴും തടിയന്റമോൾ ട്രെക്കിലൂടെയാണ്. സമുദ്രനിരപ്പിൽ നിന്നും 5,735 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം കൂർഗിലെ ഏറ്റവും ഉയരംകൂടിയ മലയാണ്.












Click it and Unblock the Notifications