മണ്‍സൂണ്‍ ട്രിപ്പ് ആരംഭിച്ചോ? കുമാരനെല്ലൂരിലെ വട്ടക്കിണറില്‍ നിന്ന് തുടങ്ങിയാലോ? കാണേണ്ട കാഴ്ച തന്നെ
ഇന്‍സ്റ്റഗ്രാം റീല്‍സ് ഹിറ്റാക്കിയ നിരവധി സ്ഥലങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തില്‍ അടുത്തിടെ ഹിറ്റായ സ്ഥലമാണ് ഒരു കിണര്‍. ഒരു കിണറാണോ ഇത്ര വലിയ ആകര്‍ഷണം എന്ന് ചോദിക്കാന്‍ വരട്ടെ. നിങ്ങളില്‍ പലരും ഇന്‍സ്റ്റഗ്രാം റീല്‍സ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ കണ്ട ഒരു മനോഹരമായ കാഴ്ചയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
എടപ്പാള്‍ സ്വദേശി സാബിത് മുണ്ടേക്കാടന്‍ രണ്ട് വര്‍ഷം മുമ്പ് പകര്‍ത്തിയ ഒരു വലിയ വട്ടക്കിണറാണ് ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നത്. വിശാലമായ പച്ചപ്പു നിറഞ്ഞ നെല്‍പ്പാടങ്ങള്‍ക്കിടയില്‍ സ്ഫടികതുല്യമായ നീല ജലം നിറഞ്ഞ മനോഹരമായ വൃത്താകൃതിയിലുള്ള ഒരു വലിയ കിണര്‍. പാലക്കാട് ജില്ലയിലെ കുമാരനെല്ലൂരിലാണ് ഈ അതുല്യമായ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Image Credit: Instagram@palakkadpix
10 ഹെക്ടറിലധികം വിസ്തൃതിയുള്ള കുമരനെല്ലൂര്‍ താഴെപ്പാടം നെല്‍പ്പാടത്തിന്റെ മധ്യത്തില്‍ ആണ് ഈ വട്ടക്കിണര്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 10 അടി ആഴവും 11 മീറ്റര്‍ വ്യാസവമുള്ള ഒരു കുളം പോലെയുള്ള കിണര്‍ ആണിത്. പാലക്കാടിന്റെ സൗന്ദര്യം ഏറ്റവും നന്നായി ആസ്വദിക്കാന്‍ പറ്റിയ സ്ഥലം കൂടിയാണ് വട്ടക്കിണറും പരിസരവും. മഴക്കാലം നേരത്തെ എത്തിയതോടെ വേനലിന്റെ വരള്‍ച്ചയെ മാറ്റി കിണറില്‍ നല്ല തെളിവെള്ളം വന്നിട്ടുണ്ട്.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ ആണ് ഇവിടത്തെ സൗന്ദര്യം ഏറ്റവും നന്നായി ആസ്വദിക്കാന്‍ കഴിയുക. ഈ സമയത്ത് കിണറില്‍ വെള്ളം നിറയുന്നതിനോടൊപ്പം തന്നെ ചുറ്റമുള്ള പാടങ്ങള്‍ എല്ലാം പച്ചപ്പ് അണിഞ്ഞ് നില്‍ക്കും. ഡ്രോണിലൂടെ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ ലഭിക്കുന്നത് മനസിന് കുളിര്‍മയുള്ള കാഴ്ചയായിരിക്കും. ഈ വര്‍ഷത്തെ മണ്‍സൂണ്‍ ട്രിപ്പിന് തുടക്കമിടാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയാണ് ഇത്.
ഏകദേശം 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാടശേഖരത്തിലെ ജലസേചനത്തിനും പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും വേണ്ടി നിര്‍മിച്ച കിണര്‍ ഏറെ നാള്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. എട്ട് വര്‍ഷം മുന്‍പാണ് ഈ കിണര്‍ ശുചിയാക്കി ചുറ്റും റിംഗ് ഇറക്കുന്നത്. കിണറിന് ചുറ്റുമുള്ള മണ്ണെല്ലാം നീക്കി കോണ്‍ക്രീറ്റ് ചെയ്ത് മനോഹരമാക്കിയതോടെ അക്ഷരാര്‍ത്ഥത്തില്‍ വമ്പന്‍ മേക്കോവര്‍ ആണ് വട്ടക്കിണര്‍ നടത്തിയത്.
ഇന്‍സ്റ്റഗ്രാം റീല്‍സ് കണ്ട് മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്ന് പോലും ഇവിടേക്ക് ആളുകള്‍ എത്തുന്നുണ്ട്. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് കുമരനെല്ലൂര്‍. കുമരനെല്ലൂര്‍ പാടം റോഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റി, കുമരനെല്ലൂര്‍ താഴെപാടം നെല്‍വയലിലെ 'വട്ടക്കിണറില്‍' എത്താം. ഭാരതപ്പുഴ നദിയുടെ തീരത്തുള്ള കുറ്റിപ്പുറം നിള പാര്‍ക്കില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണിത്.


Click it and Unblock the Notifications