ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സ്ഥലങ്ങള്‍; ഒന്നാമത് ഈ നഗരം: കേരളം എത്രാം സ്ഥാനത്ത്
വിനോദ യാത്രകള്‍ നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം സമീപകാലത്ത് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ആഭ്യന്തര യാത്രക്കാരുടെ. രാജ്യാന്തര ട്രിപ്പുകള്‍ക്ക് പോകാന്‍ പണമില്ലാത്തവരാണ് നേരത്തെ ഇന്ത്യയിലെ പല സ്ഥലങ്ങളിലേക്കും ട്രിപ്പുകള്‍ നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ആ അവസ്ഥ മാറി. ഇന്ത്യയില്‍ തന്നെ നിരവധി മനോഹരമായ സ്ഥലങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ടെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ പലരും യാത്രകള്‍ നടത്തുന്നത്. ഇന്ത്യയുടെ പ്രകൃതിയും സാംസ്‌കാരിക പൈതൃകവും കാഴ്ച്ചാ-രുചി വൈവിധ്യങ്ങളും എത്ര കണ്ടാലും അനുഭവിച്ചാലും തീരില്ല.
അതിനാല്‍ തന്നെ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. വിനോദ സഞ്ചാരികളുടെ ഇഷ്ട പട്ടികയില്‍ ഉള്‍പ്പെടുന്ന നിരവധി ഇന്ത്യന്‍ നഗരങ്ങളുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം. ബുക്കിങ്‌ഡോട്ട്‌കോം എന്ന ഡിജിറ്റല്‍ ട്രാവല്‍ കമ്പനിയാണ് പട്ടിക തയാറാക്കിയത്.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യയിലെ 10 സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ബെംഗളൂരു: ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്നും സിലിക്കണ്‍ വാലി എന്നും അറിയപ്പെടുന്ന ബെംഗളൂരു പുതു തലമുറയുടെ ഏറ്റവും ഇഷ്ടപ്പെട്ട ചോയ്‌സ് ആണ്. ടെക് പാര്‍ക്കുകളും തിരക്കേറിയ നഗരവും മാത്രമല്ല ബെംഗളൂരു. ജീവിതം ആസ്വദിക്കുന്നവര്‍ക്ക് പറ്റിയ ഇടം കൂടിയാണിത്. ജോലി അഭിമുഖങ്ങളില്‍ പങ്കെടുക്കാനുള്ളവര്‍ മുതല്‍ വിനോദ സഞ്ചാരികള്‍ വരെ ലക്ഷക്കണക്കിനാലുകള്‍ ബെംഗളൂരുവില്‍ എത്തുന്നു. പച്ചപ്പു നിറഞ്ഞ പൂന്തോട്ടങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും രുചി വൈവിധ്യങ്ങള്‍ക്കും ഷോപ്പിങ്ങിനും നൈറ്റ് ലൈഫിനും പേരുകേട്ട സ്ഥലമാണ് ബെംഗളൂരു.
മുംബൈ: തിരക്കേറിയ നഗര ജീവിതവും പ്രശസ്തമായ ലാന്‍ഡ് മാര്‍ക്കുകളും കൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് മുംബൈ. ഇന്ത്യയുടെ സാമ്പത്തിക-വിനോദ തലസ്ഥാനമായ മുംബൈയുടെ ചരിത്രവും സംസ്‌കാരവും ഭക്ഷണവും രാത്രി ജീവിതവും ഒക്കെ അറിയാനും ആസ്വദിക്കാനും നിരവധി ആളുകളാണ് എത്തുന്നത്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയും മറൈന്‍ ഡ്രൈവും ജൂഹു ബീച്ചും ബാന്ദ്ര കോട്ടയും ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് ഒരുപാട് കാഴ്ചകള്‍ മുംബൈ സമ്മാനിക്കും. മുംബൈയിലെ സ്റ്റേറ്റ് ഫുഡും ഏറെ പ്രശസ്തമാണ്.
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം എന്നതിലുപരി മഹത്തായ സ്വാതന്ത്ര്യ സമര ചരിത്രവും ഊര്‍ജസ്വലമായ സംസ്‌കാരവും പ്രശസ്തമായ ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യാ ഗേറ്റ്, ചെങ്കോട്ട, കുത്തബ്മിനാര്‍, ലോട്ടസ് ടെമ്പിള്‍, രാഷ്ട്രപതി ഭവന്‍, ചാന്ദിനി ചൗക് എന്നിവയൊക്കെയാണ് ന്യൂഡല്‍ഹിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍. ഇന്ത്യയുടെ മഹത്തായ പാരമ്പര്യം അനുസ്മരിപ്പിക്കുന്നതാണ് ന്യൂഡല്‍ഹിയിലെ ഓരോ കാഴ്ചകളും.
ഊട്ടി: പ്രകൃതിസ്‌നേഹികളുടെ ഏറ്റവും പ്രിയപ്പെട്ട ഹില്‍ സ്റ്റേഷനാണ് ഊട്ടി. നഗരത്തിരക്കില്‍ നിന്ന് രക്ഷപ്പെട്ട് നിരവധി പേരാണ് ഊട്ടിയുടെ തണുപ്പില്‍ അഭയം പ്രാപിക്കാന്‍ എത്തുന്നത്. ഊട്ടിയിലെ കോടമഞ്ഞും കുളിര്‍കാറ്റും തണുപ്പും മനസിനും കുളിര്‍മയേകുന്നു. ഊട്ടി ലേക്, എമറാള്‍ഡ് ലേക്, നീലഗിരി മൗണ്ടന്‍ റെയില്‍വേ, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയൊക്കെ ഊട്ടിയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര സ്ഥലങ്ങളാണ്.
ഋഷികേഷ്: യോഗയുടെയും സാഹസികതയുടെയും കേന്ദ്രമായ ഋഷികേഷ് ആത്മീയത തേടുന്നവരുടെ പ്രിയപ്പെട്ട സ്ഥലമാണ്. സാഹസികത ഇഷ്ടപ്പെടുന്നവരും ഇവിടെ എത്താറുണ്ട്. നഗരത്തിരക്കില്‍ നിന്നും ജോലി സമ്മര്‍ദങ്ങളില്‍ നിന്നും മാറി ഒരല്‍പം ശാന്തതയ്ക്കായി ഋഷികേഷ് പലരും തിരഞ്ഞെടുക്കാറുണ്ട്. ധ്യാനത്തിനും പേരുകേട്ട സ്ഥലമാണിത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് ഹിമാലയന്‍ താഴ്‌വരയിലുള്ള ഋഷികേഷ്.
ഈ സ്ഥലങ്ങള്‍ കൂടാതെ ചെന്നൈ, ലോണാവാല, ഹൈദരാബാദ്, ജയ്പൂര്‍, പുതുച്ചേരി എന്നിവയാണ് സഞ്ചാരികളുടെ അടുത്ത പ്രിയപ്പെട്ട സ്ഥലങ്ങള്‍. അതേസമയം ഗോഡ്‌സ് കണ്‍ട്രി എന്നറിയപ്പെടുന്ന കേരളത്തിലെ ഒരു സ്ഥലവും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.












Click it and Unblock the Notifications