ഈ കാഴ്ചകൾ കാണാൻ മൂന്നാറിലേക്ക് പോയാലോ? ആലപ്പുഴയും കൊച്ചിയും കറങ്ങി മടങ്ങാം; പാക്കേജ്
കൊച്ചി: മൂന്നാർ സന്ദർശിക്കാൻ ഏറ്റവും ബെസ്റ്റ് മാസം ഏതെന്ന് ചോദിച്ചാൽ അത് നവംബർ മുതൽ ഫെബ്രുവരി വരെയാണ്. കോട മഞ്ഞും തണുപ്പുമൊക്കെയായി സഞ്ചാരികളെ രസം കൊള്ളിക്കും മൂന്നാർ കാഴ്ചകൾ. എന്നാൽ മൂന്നാറിനൊപ്പം ആലപ്പുഴയും കൊച്ചിയും കൂടി ഒന്ന് കണ്ട് മടങ്ങിയാലോ? എങ്ങനെയെന്നാണോ? ഐആർസിടിസി പറയും അതിന് ഉത്തരം.
ഐ ആർ സി ടി സിയുടെ അമൈസിങ് കേരള ട്രിപ് പാക്കേജിലാണ് ഈ മൂന്ന് സ്ഥലങ്ങളും ആസ്വദിക്കാനാകുക. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.

ആദ്യ ദിവസം കൊച്ചിയിൽ നിന്നുമാണ് യാത്ര തുടങ്ങുന്നത്. നെടുമ്പാശേരി എയർപോർട്ടിൽ നിന്നോ എറണാകുളം റെയിൽവേസ്റ്റേഷനിലോ ഇറങ്ങുന്ന സഞ്ചാരികളെ റോഡ് മാർഗം മൂന്നാറിൽ എത്തിക്കും. പോകുന്ന വഴിയിൽ യാത്രക്കാർക്ക് ചീയപ്പാറ വെള്ളച്ചാട്ടം ആസ്വദിക്കാനാകും. ഇവിടെ നിന്ന് നേരെ റൂമിലേക്ക്. തുടർന്ന് പുനർജനി കളച്ചറിൽ സെന്ററിലേക്കൊരു യാത്ര (ടിക്കറ്റ് പാക്കേജിൽ ഉൾപ്പെടില്ല). രാത്രി മൂന്നാറിൽ തന്നെയാണ് താമസ സൗകര്യം ഏർപ്പെടുത്തുക.
രണ്ടാം ദിവസം പ്രഭാത ഭക്ഷണത്തിന് ശേഷം ഇരവികുളം ദേശീയ ഉദ്യാനം, ടീ മ്യൂസിയം എന്നിവ കാണാം. ഉച്ചകഴിഞ്ഞ് തേയിലത്തോട്ടങ്ങളിലൂടെ സഞ്ചരിച്ച് മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്,കുണ്ഡ്ല തടാകം എന്നിവ സന്ദർശിക്കും.ഷോപ്പിംഗിനായി മൂന്നാർ ടൗണിൽ വൈകുന്നേരം സന്ദർശനം. മൂന്നാറിലെ ഹോട്ടലിൽ രാത്രി താമസം.
മൂന്നാം ദിവസം രാവിലെയോടെ മൂന്നാറിൽ നിന്നും നേരെ ആലപ്പുഴയിലേക്ക്. ഇവിടെ ഹോട്ടലിൽ താമസം. കായൽ വെള്ളത്തിൽ വേണ്ടുവോളം സഞ്ചാരികൾക്ക് ആസ്വദിക്കാം. വൈകുന്നേരം ആലുപ്പുഴ ബീച്ചിൽ കറങ്ങി രാത്രിയോടെ തിരികെ മുറിയിലേക്ക്. നാലാം ദിനം പ്രാതലിന് ശേഷം റൂം ചെക്ക് ഔട്ട് ചെയ്ത് നേരെ എറണാകുളത്തേക്ക്. പോകുന്ന വഴി പാലസ് മ്യൂസിയം സന്ദർശിക്കാം.ഉച്ചഭക്ഷണത്തിന് ശേഷം, ജൂത സിനഗോഗ് ,ഡച്ച് കൊട്ടാരം,സെന്റ് ഫ്രാൻസിസ് ചർച്ചും ചൈനീസ് മത്സ്യബന്ധന വലകളും സന്ദർശിക്കും. അന്ന് രാത്രി കൊച്ചിയിൽ തന്നെയായിരിക്കും താമസം.
അഞ്ചാം ദിവസം രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഹോട്ടലിൽ നിന്ന് ഇറങ്ങി നേരേ മറൈൻ ഡ്രൈവിലേക്ക്. ലുലു മാളും കാണാം. അതുകഴിഞ്ഞ് റെയിൽവേ സ്റ്റേഷൻ/കൊച്ചി എയർപോർട്ടിലേക്ക് സഞ്ചാരികളെ എത്തിക്കും. ട്രിപ്പിൾ ഷെയറിംഗിൽ ഒരാൾക്ക് 16,890 രൂപയാണ് ചെലവ്. ഡബിൾ ഷെയറിഗിനും 22020 ഉം സിംഗിൾ ഒക്യുപെൻസിക്ക് 43,095 രൂപയുമാണ് ചെലവ്.












Click it and Unblock the Notifications