മൂന്നാറിലെ കോടയിൽ ക്രിസ്മസ് തകർക്കാം; രണ്ട് ദിവസം കൊണ്ട് 14 സ്ഥലം കാണാം, കെഎസ്ആർടിസി പാക്കേജ്
ക്രിസ്മസ് അവധിയിങ്ങ് എത്താറായി. ആഘോഷങ്ങൾ പൂർണമാകണമെങ്കിൽ ഒരു യാത്രയും കൂടി വേണം. ഈ സമയത്ത് യാത്ര പോകുന്നത് ചിലവല്ലേയെന്നാണ് ചിന്തയെങ്കിൽ ആശങ്കയില്ലാതെ പോയി വരാൻ കെഎസ്ആർടിസിയുടെ ബജറ്റ് സെല്ലുകൾ അവതരിപ്പിക്കുന്ന പാക്കേജുകളുടെ ഭാഗമാകാം.
ഇഷ്ട സ്ഥലങ്ങളിലേക്കായിരിക്കുമോ യാത്ര എന്നാണ് ചോദ്യമെങ്കിൽ യാതൊരു ആശങ്കയും വേണ്ട, ഈ ഡിസംബറിൽ കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലേക്കാണ് കെ എസ് ആർ ടി സി പാക്കേജ് ഒരുക്കിയിരിക്കുന്നത്. പാറശാല കെ എസ് ആർ ടി സി മൂന്നാറിലേക്കാണ് ക്രിസ്മസ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന പാക്കേജിൽ 14 സ്ഥലങ്ങൾ സന്ദർശിക്കാം.

ആദ്യ ദിനം ആറ് ഇടങ്ങൾ
ഡിസംബർ 27,28 ദിവസങ്ങളിലാണ് ഇവിടേക്കുള്ള പാക്കേജ്. 26 ന് വൈകീട്ട് 6 നാണ് പാറശാലയിൽ നിന്നും യാത്ര പുറപ്പെടുക. തട്ടേക്കാടാണ് ആദ്യം സന്ദർശിക്കുക. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലാണ് തട്ടേക്കാട് സ്ഥിതിചെയ്യുന്നത്. ഡോ സലീം അലി പക്ഷിസങ്കേതം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പക്ഷി നിരീക്ഷണത്തിന് താത്പര്യമുള്ളവർക്ക് നിർബന്ധമായും ഇവിടം സന്ദർശിക്കാം. ഇവിടെ നിന്ന് കുട്ടമ്പുഴയിലൂടെ മാമലക്കണ്ടം സന്ദർശിക്കും. കുട്ടമ്പുഴയിൽ നിന്ന് 12 കിനി ദൂരത്താണ് മാമലക്കണ്ടം. കാടിന് നടുവിലെ അതിമനോഹരമായ ഗ്രാമമാണ് മാമലക്കണ്ടം.കുന്നുകളും നീരരുവികളും കാട്ടുചോലകളുമെല്ലാം നിറഞ്ഞ് നിൽക്കുന്നതാണ് മാമലക്കണ്ടത്തിലെ കാഴ്ച. ഇവിടെ നിന്ന് മാങ്കുളത്തേക്കായിരിക്കും യാത്ര. പ്രകൃതിഭംഗി നിറഞ്ഞ് നിൽക്കുന്ന ഗ്രാമമാണ് മാങ്കുളം. ആനകളുടെ വിഹാരകേന്ദ്രമായ ഇവിടം വെള്ളംകുടിക്കാനെത്തുന്ന ആനകളെ കാണാൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. ഇവിടെ നിന്ന് കൊരങ്ങാടിയും ലക്ഷ്മി എസ്റ്റേറ്റുമെല്ലാം സന്ദർശിച്ചാണ് ഒന്നാം ദിനം അവസാനിക്കുന്നത്.
രണ്ടാം ദിനം സിഗ്നൽ പോയിന്റും ഗ്യാപ് റോഡുമാണ് ആദ്യ സന്ദർശിക്കുക. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ കോടയും തണുപ്പും ആസ്വദിച്ച് പോകാൻ കഴിയുന്ന മനോഹരമായ അനുഭവമാണ് ഗ്യാപ് റോഡ് നിങ്ങൾക്ക് സമ്മാനിക്കുക. ഇവിടെ നിന്ന് മലയിൻ കള്ളൻ ഗുഹ സന്ദർശിക്കും. ഗ്യാപ് റോഡിന് ഇടത് വശത്തുള്ള പാറക്കെട്ടിലെ ഒരു ചെറിയ ഗുഹയാണ് മലയിൽ കള്ളൻ ഗുഹ. ഒരു സമയം ഒരാൾക്ക് മാത്രം നിൽക്കാൻ സാധിക്കുന്നത്ര വലുപ്പം മാത്രമേ ഗുഹയ്ക്കുള്ളൂ. ഇവിടെ നിന്ന് ചിന്നകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം, ചതുരംഗപ്പാറ എന്നിവ കൂടി സന്ദർശിച്ചാണ് രണ്ടാം ദിനം അവസാനിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9895266476,9633115545,9446704784.












Click it and Unblock the Notifications