ഡിസംബറിലെ യാത്രകൾ കളറാക്കം, മുന്നാർ കാണാം, ഗവി കയറാം..സൈലന്റ് വാലിയിലേക്കും പാക്കേജ്
അങ്ങനെ ഡിസംബർ മാസം ഇങ്ങെത്താറായി. ഡിസംബർ ക്രിസ്തുമസിനോടൊപ്പം തന്നെ അവധിയുടേയും ആഘോഷങ്ങളുടേയും മാസമാണ്. ക്രിസ്തുമസിലെ അവധിക്കാലത്ത് എവിടെയെങ്കിലും ഒരു യാത്ര പോയില്ലെങ്കിൽ പിന്നെ എന്ത് ഡിസംബർ അല്ലേ. കേരളം വിട്ട് പോകാൻ ബജറ്റ് ഒത്തില്ലെങ്കിൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലൊരുക്കുന്ന കിടിലൻ യാത്രകളുടെ ഭാഗമായാലോ. കുറഞ്ഞ ചെലവിൽ ആഗ്രഹിക്കുന്ന സ്ഥലങ്ങളെല്ലാം കണ്ട് മടങ്ങി വരാൻ പറ്റുന്ന തരത്തിലുള്ള പാക്കേജുകളാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് കെഎസ്ആർടിസിയുടെ പാക്കേജുകളെ കുറിച്ച് കൂടുതൽ അറിയാം
ആദ്യ യാത്ര അതിരപ്പിള്ളി-മൂന്നാറിലേക്ക്
കോടമൂടിയ വഴികൾ താണ്ടി , മഞ്ഞിനെ വകഞ്ഞ് മാറ്റി അതിരപ്പിള്ളിയെന്ന കേരളത്തിന്റെ നയാഗ്ര കാണാൻ പോയാലോ. മഴക്കാലത്തെ പോലെ രൗദ്രഭാവം ഇല്ലെങ്കിലും അതിരപ്പിള്ളി ഈ തണുപ്പ് കാലത്തും അതിസുന്ദരിയാണ്. ആദ്യം അതിരപ്പിളളി കയറി പിന്നെ തെക്കിന്റെ കാശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറിലേക്കാണ് യാത്ര. കോഴിക്കോട് നിന്ന് ഡിസംബറിൽ നാല് യാത്രകളാണ് ഉള്ളത്. 7, 14, 21, 28 തീയതികളിലാണ് യാത്രകൾ. രാവിലെ 7 മണിയോടെയായിരിക്കും യാത്ര പുറപ്പെടുക. 2 ദിവസം നീണ്ട് നിൽക്കുന്ന യാത്രയ്ക്ക് ഒരാൾക്ക് ചെലവ് 1830 രൂപയാണ്.

ഗവിയും പരുന്തുംപാറയും കണ്ടാലോ
ബജറ്റ് ടൂറിസം സെല്ലിന്റെ ഏറ്റവും ഡിമാന്റുള്ള യാത്രകളിലൊന്നാണ് ഗവി. കാടിന് നടുവിലൂടെ മണിക്കൂറുകളോളം നീളുന്ന കെഎസ്ആർടിസി യാത്രയും ഗവിയുടെ സൗന്ദര്യവുമെല്ലാം തന്നെയാണ് ഈ യാത്രയിലെ പ്രധാന ആകർഷണം. ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ പരുന്തുംപാറ കൂടി കണ്ടി്ട്ടായിരിക്കും നാട്ടിലേക്കുള്ള മടക്കം. ദ്വിദിന പാക്കേജാണ്. 3600 രൂപയാണ് പാക്കേജ് തുക. 9 നും 24 നും യാത്രയുണ്ട.
വാഗമൺ-കുമളി യാത്ര; 3 ദിവസം തകർക്കാം
കോഴിക്കോട് നിന്ന് ഒറ്റ പാക്കേജ് മാത്രമാണ് ഇവിടേക്ക് ഉള്ളത്. 19 നാണ് യാത്ര. 3 ദിവസം നീണ്ട് നിൽക്കുന്ന യാത്രയ്ക്ക് 4430 രൂപയാണ് ചെലവ് വരുന്നത്.
ക്രിസ്തുമസ് അവധി സൈലന്റ് വാലിയിലാക്കാം
പാലക്കാട് ജില്ലയിലെ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പ്രദേശമാണ് സൈലന്റ് വാലി. പ്രകൃതിയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവരെങ്കിൽ ഈ പാക്കേജ് തിരഞ്ഞെടുക്കാം. ക്രിസ്തുമസ് ദിനമായ 25 നാണ് സൈലന്റ് വാലിയിലേക്ക് യാത്ര. 1ദിവസത്തെ യാത്രയ്ക്ക് 1750 രൂപയാണ് ചെലവ് വരുന്നത്.












Click it and Unblock the Notifications