മൂന്നാർ, ഇരവികുളം, വാഗമൺ, കുമളി; അമ്പമ്പോ, പോക്കറ്റ് കീറാതെ യാത്ര പോകാം..32 പാക്കേജുകൾ
കോഴിക്കോട്: ഈ മാസത്തെ യാത്രകൾ പ്ലാൻ ചെയ്തോ? ഇല്ലെങ്കിൽ കോഴിക്കോട് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിലേക്ക് വിളിച്ചോളൂ. വേനലധി തകർക്കാൻ പറ്റിയ 32 ഓളം ഉല്ലാസ യാത്രകളാണ് സെൽ ഈ മാസം തയ്യാറാക്കിയിരിക്കുകയാണ്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പാക്കേജുകൾ വരെ ഇക്കൂട്ടത്തിൽ ഉണ്ട്. വിശദമായി അറിയാം
മൂന്നാർ, അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡാം, ഇരവികുളം, മാട്ടുപെട്ടി, കുണ്ടള ഡാം
എന്നിങ്ങനെ ഒറ്റയടിക്ക് 7 സ്ഥലങ്ങൾ രണ്ട് ദിവസകം കൊണ്ട് കണ്ട് തീർക്കാവുന്ന പാക്കേജാണ് ഏപ്രിലിലെ പ്രധാന ഹൈലൈറ്റ്. ഏപ്രിൽ 13, 20, 27 തിയതികളിലാണ് യാത്രകൾ. രാവിലെ ഏഴു മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്ന രീതിയിലാണ് യാത്രകൾ തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം വാഗമൺ, കുമളി എന്നിവിടങ്ങളിലേക്ക് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പാക്കേജും ഉണ്ട്. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍ കോടമഞ്ഞ്, പൈൻ കാടുകൾ തുടങ്ങി ഏതൊരു സഞ്ചാരിയും ഇഷ്ടപ്പെടുന്ന അതിമനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുന്ന സ്ഥലങ്ങളാണ് ഇവിടെയുള്ളത്. 25 നാണ് ഇനി പാക്കേജ് ഉള്ളത്. ട്രെക്കിങ്, പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന്, അഡ്വഞ്ചർ പോയിന്റ്, കെഎസ്ഇബി ടണൽ, കുമളി, കമ്പം, രാമക്കൽമേട് തുടങ്ങിയ സ്ഥലങ്ങളെല്ലാം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗവി -പരുന്തുംപാറയാണ് കോഴിക്കോട് നിന്നുള്ള മറ്റൊരു ദ്വിദിന പാക്കേജ്. ട്രെക്കിങ്, കക്കി ഡാം, പരുന്തൻമ്പാറ തുടങ്ങി അഞ്ച് സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. ഈ മാസം 21 നാണ് അടുത്ത യാത്ര. മറ്റ് യാത്രകൾ ഏകദിന പാക്കേജുകളാണ് ഇവയെ കുറിച്ചും അറിയാം
21 ന് പാലക്കാട് മലമ്പുഴയിലേക്കാണ് ഒരു യാത്ര. 16 നും 28 നും അതിരപ്പിള്ളി, മലക്കപ്പാറ, കൂടാതെ 21, 28 തീയതികളിൽ വയനാട് (തുഷാരഗിരി, തൊള്ളായിരം കണ്ടി, കുറുവ ദ്വീപ്, പൂക്കോട് തടാകം, എൻ ഊര്, ബാണാസുര സാഗർ അണക്കെട്ട്), 21 ,28 തീയതികളിൽ നെല്ലിയാമ്പതി (സീതാർകുണ്ട് വ്യൂ പോയിന്റ്, കേശവൻപാറ, പോത്തുണ്ടി ഡാം), 24 ന് കണ്ണൂരിലെ പൈതൽമല എന്നിങ്ങനെയാണ് പാക്കേജുകൾ.
15 ന് കൊച്ചി ആഡംബര നെഫർറ്റിറ്റി കപ്പൽ യാത്രയും ഒരുക്കിയിട്ടുണ്ട്. നെഫർടിറ്റി ആഡംബര ക്രൂസ് കപ്പലിൽ അറബിക്കടലിൽ മണിക്കൂറോളം ചെലവഴിക്കാൻ പാകത്തിലാണ് യാത്ര. കൂടുതൽ വിവരങ്ങൾക്ക് 9544477954, 9061817145












Click it and Unblock the Notifications