മൂന്നാറിനെ പുതച്ച് വയലറ്റ് പൂക്കൾ; പൂത്തുലഞ്ഞ് ജക്കരന്ത..നീലവസന്തം കാണാം, റീലെടുക്കാം, പൊളിക്കാം
ഇടുക്കി: പൂത്തുലഞ്ഞ് നിൽക്കുകയാണ് മൂന്നാർ. നാട്ടിലെ ചൂടിൽ നിന്നും രക്ഷപെടാൻ മൂന്നാറിലേക്ക് പോകുന്നവർക്ക് ഡബിൾ ധമാക്കയാണ്. കുളിരുള്ള കാലാവസ്ഥയും കണ്ണെത്തുന്നിടത്തെങ്ങും നീലവസന്തവും. അതെ കണ്ണിനും മനസിനും ഒരുപോലെ കുളിർമ നൽകുന്ന ജക്കരാന്തയാണ് മൂന്നാറിലെങ്ങും. ഇതിലും ഭംഗിയിൽ മൂന്നാറിനെ എപ്പോൾ കാണാം എന്നതു മാത്രമാണ് സംശയം.
ജക്കരന്തയുടെ പശ്ചാത്തലത്തിൽ നല്ല കിടിലൻ റീൽസും വീഡിയോകളുമൊക്കെ എടുക്കാൻ താത്പര്യമില്ലാത്തവർ ആരാണല്ലേ. എന്നാൽ എല്ലായിടത്തും അതത്ര എളുപ്പമല്ല കേട്ടോ. അങ്ങനെ ജക്കരാന്ത ആസ്വദിക്കണമെങ്കിൽ ഇവിടങ്ങളിൽ പോകണം. വിശദമായി അറിയാം

മൂന്നാർ എന്നാൽ മഞ്ഞ് മൂടി നിൽക്കുന്ന, പച്ചപ്പ് പുതഞ്ഞു നിൽക്കുന്ന, തേയില തോട്ടങ്ങൾ നിറയെ ഉള്ള അതിമനോഹരമായ കാഴ്ചകളായിരിക്കും സഞ്ചാരികളുടെ മനസിൽ ഓടിവരിക. എന്നാൽ ജകരന്ത പൂത്തുനിൽക്കുന്ന അതിമനോഹരമായ മറ്റൊരൂ മൂന്നാർ കാഴ്ചയാണ് ഇപ്പോൾ പോയാൽ സഞ്ചാരികൾക്ക് ആസ്വദിക്കാനാകുക. വേനൽക്കാലത്ത് ജക്കരന്ത പൂക്കുന്നത് കാണാൻ വേണ്ടി മാത്രം സഞ്ചാരികൾ ഇവിടേക്ക് ഒഴുകാറുണ്ട്. ജക്കരാന്ത റീലുകൾക്ക് ആരാധകർ കൂടിയതോടെ ഇൻസ്റ്റയിൽ റീൽ പങ്കുവെയ്ക്കാൻ വേണ്ടി ഇവിടേക്ക് എത്തുന്നവരും കുറവല്ല. ജക്കരാന്തയുടെ ഡ്രോൺ കാഴ്ചകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.
എന്നാലും മൂന്നാറിൽ ഈ ജക്കരന്ത മരങ്ങൾ എങ്ങനെയെത്തിയെന്നൊരു അതിശയം ഇല്ലേ? സംശയം തീർത്തു തരാം- ജക്കരാന്ത ശരിക്കുമൊരു വിദേശിയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്ലാന്‍റർമാരാണത്രേ ഇവിടെ ജക്കരാന്തയെ കൊണ്ടുവന്നത്. അക്കാലത്തെ വഴികളുടെ ഇരുവശങ്ങളിലും ബംഗ്ലാവുകളുടെ സമീപത്തും
ഇവ ധാരാളം വെച്ചുപിടിപിച്ചിരുന്നു. എന്തായാലും അത് വല്യ ഉപകാരമായല്ലോല്ലേ. നീല വാക എന്ന് കൂടി അറിയപ്പെടുന്ന ജക്കരന്ത മരങ്ങൾ 50 അടിയിലേറെ ഉയരത്തിൽ വളരും.
സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ജക്കരാന്തയെ പരീക്ഷ പൂക്കൾ എന്ന് വിളിക്കാറുണ്ടത്രേ. ഇവയുടെ പൂക്കൾ ദേഹത്ത് വീണാൽ പരീക്ഷ ജയിക്കുമെന്നാണ് ഇവരുടെ വിശ്വാസം. മലയാളികൾക്ക് അത്തരം വിശ്വാസങ്ങളൊന്നുമില്ല,മറിച്ച് ആസ്വദിക്കണം, ചിത്രങ്ങൾ പകർത്തണം പോകണം.
കാണാം , ഇവിടങ്ങളിൽ
മൂന്നാറിൽ വിവിധ ഇടങ്ങളിലായി ജക്കാരന്ത പൂത്തുനിൽക്കുന്നുണ്ടെങ്കിൽ പൂർണമായി ആസ്വദിക്കണമെങ്കിൽ. മൂന്നാർ- ഉടുമല്‍പേട്ട റൂട്ടിൽ 85 കിമീ പോയാൽ റോഡിനിരുവശവും ഉള്ള തേയിലത്തോട്ടങ്ങൾക്ക് അരികിലും ചുറ്റുമായുമെല്ലാം ഇവ പൂത്തുനിൽക്കുന്നത് കാണാം. കൂടാതെ ഇരവികുളം, ചിന്നാർ മറയൂർ എന്നീ പ്രദേശങ്ങളിലും ഉണ്ട്.. ഉമിയാംമലയിലെ താഴ്വാരമായ വാഗവരൈയാണ് ജക്കരന്ത കാണാൻ പറ്റിയ മറ്റൊരിടം. സഞ്ചാരികളുടെ താത്പര്യം പരിഗണിച്ച് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ ജക്കരാന്ത പൂത്തത് കാണാൻ മാത്രമായി പ്രത്യേക പാക്കേജുകളും നടത്തുന്നുണ്ട്.












Click it and Unblock the Notifications