കേരളത്തിന്റെ കാശ്മീര്, മൂന്നാർ ഇപ്പോഴും ചില്ലാണ്; ജനവരിയിൽ ഇറങ്ങാൻ പറ്റിയ പാക്കേജുകൾ
യാത്ര ചെയ്യാൻ പ്ലാനുണ്ടോ? എന്നാൽ അതിപ്പോൾ തന്നെ ആയിക്കോട്ടെ. പൊതുവെ ജനവരി, ഫിബ്രവരി മാസങ്ങളിലൊക്കെ കേരളത്തിൽ തണുപ്പ് കാലവസ്ഥ ആയതിനാൽ ഈ സമയത്തെല്ലാം സഞ്ചാരികൾ ബാഗും പാക്ക് ചെയ്ത് ഇറങ്ങാറുണ്ട്.എന്നാൽ ഇക്കൊല്ലം തണുപ്പ് ഫിബ്രവരി വരെയൊന്നും പേയേക്കില്ല. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പ് ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിൽ തണുപ്പും കോടയുമൊക്കെ ആസ്വദിക്കണമെങ്കിൽ ഇപ്പോൾ തന്നെ ഇറങ്ങുന്നതാവും ബുദ്ധി.
കെ എസ് ആർ ടി സി ബജറ്റ് സെൽ പാക്കേജുകൾ ഉള്ളതിനാൽ എവിടേക്ക് എന്ന ആശങ്ക വേണ്ട. ജനവരിയിൽ പോകാൻ യോജിച്ച സ്ഥലങ്ങൾ ഉൾപ്പെട്ടെ പാക്കേജ് വിവിധ സെല്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്. പയ്യന്നൂർ കെ എസ് ആർ ടി സി സെൽ അവതരിപ്പിച്ച പാക്കേജുകൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

പയ്യന്നൂരിൽ നിന്ന് 19 ന് യാത്ര പോകുന്നത് അതിരപ്പിള്ളിയിലേക്കാണ്. മഞ്ഞ് കാലത്ത് എന്ത് വെള്ളച്ചാട്ടമെന്ന് ചോദിച്ചാൽ അതിനും ഉണ്ട് പ്രത്യേകത, നേരിട്ട് പോയി ആസ്വദിക്കണമെന്ന് മാത്രം. വാഴച്ചാൽ വെള്ളച്ചാട്ടവും പാക്കേജിൽ കാണും. ഇവിടെ നിന്നും നേരെ പോകുന്നത് അതിർത്തി ഗ്രാമമായ മലക്കപ്പാറയിലേക്കാണ്. വനത്തിലൂടെയുള്ള യാത്ര, അത് കഴിഞ്ഞാൽ ഏറെ നേരം തേയിലക്കാട്ടിലൂടെ , ഇടയ്ക്ക് വന്യജീവികളേയും ആസ്വദിക്കാം. 18 ന് രാത്രിയാണ് ഇവിടെ നിന്ന് യാത്ര പുറപ്പെടുക. 20 ന് പുലർച്ചെ തിരിച്ചെത്താവ്‍ സാധിക്കും. 2550 രൂപയാണ് പാക്കേജ് വരുന്നത്.
19 നുള്ള മറ്റൊരു യാത്ര വയനാട്ടിലേക്കാണ്. വയനാട് ജംഗിൾ സഫാരി, പഴശിയുടെ ശവകുടീരം, കാരാപ്പുഴ, എൻ ഊര് തുടങ്ങി വയനാട്ടിലെ പ്രധാന ഇടങ്ങളെല്ലാം പാക്കേജിൽ ഉണ്ട്. 1490 രൂപയാണ് ഒരാൾക്ക് വരുന്ന ചെലവ്.
തെക്കിന്റെ കാശ്മീരാണ് മൂന്നാർ. ഈ ശൈത്യത്തിൽ മൂന്നാറിലേക്ക് പോയില്ലെങ്കിൽ പിന്നെന്ത് അവധി? 25 ,26 തീയതികളിലാണ് മൂന്നാർ യാത്ര. 24 ന് വൈകീട്ട് 6 ന് പുറപ്പെട്ട് 27 ന് രാവിലെ 7 ന് തിരിച്ചെത്തുന്ന തരത്തിലാണ് പാക്കേജ്. മൂന്നാറിൽ ദേവികുളത്ത് അടക്കം ചിലയിടത്ത് താപനില മൈനസാണ്. മഞ്ഞിലൂടെയുള്ള നടപ്പും കോട വീഴുന്ന കാഴ്ചകളൊക്കെയും ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. മൂന്നാർ യാത്രയിൽ അത് മാത്രമല്ല കേട്ടോ, ശർക്കരക്കും ചന്ദനത്തിനും പ്രസിദ്ധമായ മറയൂരും ശീതകാല പച്ചക്കറി കൃഷിക്ക് പേരുകേട്ട കാന്തല്ലൂരുമെല്ലാം ഉൾപ്പെടുന്നുണ്ട്. ഈ രണ്ട് ദിവസത്തെ യാത്രക്ക് 4500 രൂപയാണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും -8075823384












Click it and Unblock the Notifications