തണുപ്പ് തേടി ഊട്ടിയേലേക്കൊന്നും പോകേണ്ട; കൊടും ചൂടിലും തണുപ്പ്, ഇതാ രണ്ട് പാക്കേജുകൾ
കേരളത്തിൽ വേനൽ ചുട്ടുപൊള്ളിക്കുകയാണ്. വരാൻ പോകുന്ന ദിവസങ്ങളും ആശ്വാസകരമായിരിക്കില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയപ്പ്. ചൂട് കനത്തതോടെ തണുപ്പുള്ള സ്ഥലങ്ങൾ തേടി യാത്ര ചെയ്യുകയാണ് ഇപ്പോൾ മലയാളികൾ. പലരും ഇപ്പോൾ വെച്ച് പിടിക്കുന്നത് ഊട്ടിയിലേക്കാണ്. അല്ലെങ്കിലും കേരളം 'പൊള്ളുമ്പോൾ' ഊട്ടിയാണ് ആശ്വാസം എന്നാണ് പലരുടേയും ചിന്ത. എന്നാൽ ചുട്ടുപൊള്ളുന്ന വേനലിലും കുളിരണിയാൻ പറ്റുന്ന സ്ഥലം നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാകുമ്പോൾ ഇനി ഊട്ടിക്ക് വെച്ച് പിടിക്കേണ്ടതുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ പയ്യന്നൂർ കെ എസ് ആർ ടി സിയുടെ ബജറ്റ് പാക്കേജുകളുടെ ഭാഗമായി അത്തരം ഇടങ്ങളിലേക്ക് പോകാം. കുറഞ്ഞ ചെലവിൽ യാത്ര പോയി മടങ്ങാം എന്നതാണ് മറ്റൊരു ആശ്വാസം. എന്നാൽ പാക്കേജുകളെ കുറിച്ച് അറിഞ്ഞാലോ?
സൈലന്റ് വാലി
കേരളത്തിൽ പലയിടങ്ങളിലും താപനില 35 ഉം 37 ഉം ഒക്കെ കടന്നെങ്കിലും സൈലന്റ് വാലിയിൽ ഇതുവരെ 30 തൊട്ടിട്ട് പോലുമില്ല. കാടിനെ അറിഞ്ഞ്, പ്രകൃതി ഭംഗി വേണ്ടുവോളം ആസ്വദിച്ച് പോകാൻ കഴിയുന്നതാണ് ഈ യാത്ര. വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സിംഹ വാലൻ കുരങ്ങുകളുടെ അഭയ സ്ഥാനമാണ് ഇവിടം.കൂടാതെ ആന, പുള്ളിപ്പുലി, കടുവ, മ്ലാവ്, കരിങ്കുരങ്ങ്,
മലമുഴക്കി വേഴാമ്പൽ, തവള വായൻ കിളി തുടങ്ങി നിരവധി പക്ഷിമൃഗാദികളേയും കാണാം.മാർച്ച് 14 നാണ് യാത്ര പുറപ്പെടുന്നത്. രാത്രി 10 ന് പുറപ്പെട്ട് 15 ന് പുലർച്ചെ അഞ്ചിന് തിരിച്ചെത്താം.

വാഗമൺ - കുമരകം
സൈലന്റ് വാലിയെക്കാൾ തണുപ്പുള്ള ഇടമാണ് വാഗമൺ. സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിലാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്. സാഹസിക സഞ്ചാരികൾക്കും ട്രെക്കിങ് പ്രേമികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന സ്ഥലം കൂടിയാണിത്. ഈ പാക്കേജിനൊപ്പം കുമരകം കൂടി കണ്ട് മടങ്ങാം. മാർച്ച് 14 ന് വൈകീട്ട് 6 ന് പുറപ്പെട്ട് 17 ന് രാവിലെ ആറിന് തിരിച്ചെത്തുന്നതാണ് പാക്കേജ്.
യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും - 8075823384, 97455 34123 നമ്പറിൽ ബന്ധപ്പെടാം. പാക്കേജിന് പുറത്തുവരുന്ന ചിലവുകൾ യാത്രക്കാർ സ്വന്തം നിലയിൽ വഹിക്കേണ്ടതാണെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications