പകൽ മൂന്നാറിൽ, ക്യാംപ് ഫയർ മറയൂരിൽ.. തഞ്ചാവൂരിന്റെ രഹസ്യങ്ങൾ.. ആനവണ്ടിയിൽ പോകാം,പാക്കേജ്
പ്ലാൻ ചെയ്തിരിക്കുന്ന യാത്രകൾ പോകാൻ പറ്റിയ സമയമാണ് ജനുവരി. മികച്ച കാലാവസ്ഥ, ക്ഷീണിപ്പിക്കാത്ത ചൂടും മടുപ്പിക്കാത്ത തണുപ്പും. എവിടേക്ക് പോകാനാണെങ്കിലും ബാഗും പാക്ക് ചെയ്ത് പ്ലാന് ഇടേണ്ട താമസമേയുള്ളൂ. എന്നാൽ പ്ലാനൊന്നുമില്ലാതെ കുറച്ച് മാത്രം പൈസ ചെലവാക്കി കുറച്ച് യാത്രകൾ പോയാലോ.. കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ഉള്ളപ്പോൾ സുഖമായി പോയി വരാം.
മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന, വന്നെത്തുന്നവരെ തണുപ്പിൽ വിറപ്പിക്കുന്ന ഇടുക്കി കാണണോ അതോ ചരിത്രവും ഐതിഹ്യങ്ങളും കൊണ്ട് അമ്പരപ്പിക്കുന്ന മധുരയും തഞ്ചാവൂരും കണ്ടു വരുന്ന യാത്ര വേണോ? ഇങ്ങനെ കൊതിപ്പിക്കുന്ന, വിട്ടുകളയുവാൻ തോന്നിപ്പിക്കാത്ത ബജറ്റ് ടൂറിസം സെല്ലിന്‍റെ രണ്ട് യാത്രകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

കോട്ടയം കെ എസ് ആപ്‍ ടി സിയാണ് മധുരയും തഞ്ചാവൂരും കണ്ട് മടങ്ങാൻ കഴിയുന്ന പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. 17 ന് രാവിലെ യാത്ര തുടങ്ങി , 19 ന് പുലർച്ചെ നാല് മണിയോടെ കോട്ടയത്തിന് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര. കെ എസ് ആർ ടി സിയുടെ സൂപ്പർ എക്സ്പ്രസ് വണ്ടിയിലായിരിക്കും യാത്ര. പുഷ് ബാക്ക് സീറ്റുള്ളത് കൊണ്ട് തന്നെ യാത്ര മടുപ്പിക്കില്ല. ഈ പാക്കേജിന് ഒരാൾക്ക് വരുന്ന ചിലവ് 2120 രൂപയാണ് ചിലവ് വരുന്നത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 8089158178 എന്ന നമ്പറിൽ ബന്ധപ്പെടാം.
മൂന്നാർ പാക്കേജ് കൊട്ടാരക്കര കെ എസ് ആർ ടി സിയുടേതാണ്. രണ്ട് ദിവസത്തെ യാത്രയാണിത്. ഒറ്റയാത്രയിൽ 11 സ്ഥലങ്ങളാണ് യാത്രക്കാർക്ക് കാണാൻ സാധിക്കുക. 11 ന് അതിരാവിലെ 4.30 നാണ് ഡിപ്പോയിൽ നിന്നും യാത്ര തിരിക്കുക. ആദ്യ ദിവസം ആറ് സ്ഥലങ്ങളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, ചതുരംഗപാറ, ഹാർട്ട് ലോക്ക് വ്യൂ പോയിന്റ് , മലൈ കള്ളൻ കേവ്, പെരിയ കനാൽ വെള്ളച്ചാട്ടം ,ലക്കം വെള്ളച്ചാട്ടം എന്നിവയാണ് കാണുക. അന്ന് രാത്രി മറയൂരിലാണ് താമസം ഏർപ്പെടുത്തുക. രാത്രി ക്യാമ്പ് ഫയർ ആഘോഷിക്കാം. രണ്ടാം ദിനം ഇരച്ചിൽപാറ വെള്ള ചാട്ടം, മറയൂർ ചന്ദനക്കാട് , മുനിയറ ,മറയൂർ ശർക്കര ഫാക്ടറി ,ഭ്രമരം ഷൂട്ടിംഗ് പോയിന്റ് എന്നിവ സന്ദർശിച്ച് മടങ്ങുന്ന തരത്തിലാണ് പാക്കേജ്. സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ ബിസിലാണ് യാത്ര. പാക്കജിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം, ജീപ്പ് ട്രെക്കിങ്, കാമ്പ്യ് ഫയർ, താമസം എന്നിവ ഉൾപ്പെടും. ഒരാൾക്ക് 2960 രൂപയാണ് ചെലവ് വരിക. സീറ്റുകൾ ബുക്ക് ചെയ്യുന്നതിന്
9567124271, 9447281459 എന്ന നമ്പറിൽ വിളിക്കാം












Click it and Unblock the Notifications