കുളിരും മഴയും നിറഞ്ഞ മൂന്നാർ; തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും..കൊതിപ്പിക്കുന്നൊരു യാത്ര
മഴക്കാലത്ത് അതിസുന്ദരിയാണ് മൂന്നാർ. മഴയും കോടയും നിറഞ്ഞ് നിൽക്കുന്ന തേയില തോട്ടങ്ങളും മലമേടും അരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാമായി മൂന്നാർ ഇങ്ങനെ സഞ്ചാരികളെ മാടി വിളിക്കും. അപ്പോൾ പിന്നെ ബാഗ് തയ്യാറാക്കാതെ എങ്ങനെ അല്ലേ?
യാത്രയ്ക്ക് മനസ് കൊണ്ട് തയ്യാറെടുത്ത് കഴിഞ്ഞാൽ പിന്നെ നേരെ വിളിച്ചോളൂ കെഎസ്ആർടിസിയുടെ കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിലേക്ക്. കിടിലനൊരു പാക്കേജ് ആണ് കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുന്നത്. ദ്വിദിന യാത്രയിൽ ഏതൊക്കെ സ്ഥലങ്ങൾ കാണാമെന്ന് വിഷദമായി അറിയാം

വൈകീട്ട് പുറപ്പെട്ട് രാവിലെ ഇരവികുളം നാഷ്ണൽ പാർക്ക് കണ്ടാണ് യാത്ര തുടങ്ങുന്നത്. മൂന്നാറിൽ നിന്നും 16 കിമി അകലെയാണ് ഇരവികുളം ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ താഴ്വരയായ ഇരവികുളം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം കൂടിയാണ്. അടുത്ത കാഴ്ച ലക്കം വെള്ളച്ചാട്ടമാണ്.ആനമുടി മലനിരകളിൽ ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായിട്ടുള്ള പുൽമേടുകളിൽ നിന്നുമാണ് പാതയോരത്തുള്ള ഈ വെള്ളച്ചാട്ടം ഒഴുകിയെത്തുന്നത്.
യാത്രയിലെ അടുത്ത സ്ഥലം മറയൂർ ശർക്കര ഫാക്ടറിയാണ്. ലോകപ്രശസ്തമാണ് മറയൂർ ശർക്കര. ഇവിടെ നിന്ന് നേരേ കാന്തല്ലൂരിലേക്ക് വണ്ടി തിരിക്കും. ആരെയും കൊതിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് കാന്തല്ലൂരിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ശീതകാല പച്ചക്കറികളും പഴങ്ങളുടെയും മലയോര നാടിന്റെ വശ്യതയും കാനനഭംഗിയും മഞ്ഞും തണുപ്പുമെല്ലാം കാന്തല്ലൂരിൽ നിങ്ങൾക്ക് ആസ്വദിക്കാം. കാന്തല്ലൂർ കാഴ്ച കഴിഞ്ഞാൽ ആദ്യ ദിനത്തെ യാത്ര അവസാനിക്കും. പിന്നീട് താമസ സ്ഥലത്തെത്തി ഫ്രഷ് ആയി കഴിഞ്ഞാൽ കമ്പ് ഫയറും ആസ്വദിച്ച് ഭക്ഷണവും കഴിച്ച് ഉറക്കം.
രണ്ടാമത്തെ ദിവസം ആദ്യം ചതുരംഗപാറ വ്യൂ പോയിന്റ് ആണ് ആദ്യം കാണുക. കാറ്റും കോടയും മഴയും നിറഞ്ഞ ഇടുക്കിയിലെ മനോഹര ഇടങ്ങളിൽ ഒന്നാണ് ചതുരംഗപ്പാറ. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പറുദീസ കൂടിയാണ് ഈ ടൂറിസ്റ്റ് കേന്ദ്രം. ഇവിടുത്തെ വ്യൂ പോയിന്റിൽ നിന്നും തമിഴ്നാടിന്റെ അതിസുന്ദരമായ വിദൂര കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. നന്നായി കാറ്റ് വീശുന്ന ഇടംകൂടിയാണിത്. ധാരാളം കാറ്റാടി യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ നിന്ന് പൊൻമുടി ഡാമിലെത്തി പിന്നീട് ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ഓറഞ്ച് ഗാർഡൻ, മാലൈ കള്ളൻ കേവ്, ഫോട്ടോ പോയിന്റ് എന്നിവ സന്ദർശിച്ച് അന്ന് രാത്രിയോടെ വീണ്ടും വണ്ടി കണ്ണൂരേക്ക് തിരിക്കും. ഒക്ടോബർ 21 നാണ് യാത്ര സംഘടിപ്പിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ഫോൺ: 8089463675, 9496131288.












Click it and Unblock the Notifications