മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങൾ കടന്ന് മൂന്നാറിലെ കാഴ്ചചകളിലേക്ക്; ഒറ്റ ദിവസം 6 സ്ഥലങ്ങൾ കാണാൻ പാക്കേജ്
കോട്ടയം: മൂന്നാറിന്റെ വശ്യസൗന്ദര്യം വേണ്ടുവോളം ആസ്വാദിക്കണോ? അവസരമൊരുക്കുകാണ് കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ. ഈ മാസം 27 ന് രാവിലെയാണ് കോട്ടയത്ത് നിന്നും യാത്ര പുറപ്പെടുക. ഒന്നും രണ്ടും സ്ഥലങ്ങൾ അല്ല കേട്ടോ പാക്കേജിൽ. ഒറ്റ ദിവസം മൂന്നാറിലെ ആറിലെ സ്ഥലങ്ങളാണ് സഞ്ചാരികൾക്ക് കാണാകുക.
മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങളും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലമേടുകളും മരംകോച്ചുന്ന തണുപ്പിൽ മഞ്ഞപുതഞ്ഞ പാതകളും താണ്ടി മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി ചെലവ് കുറഞ്ഞ യാത്രയാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്. രാവിലെ അഞ്ച് മണിയോടെയാണ് കോട്ടയത്ത് നിന്ന് യാത്ര ആരംഭിക്കുക.

മാട്ടുപ്പെട്ടി ഡാം ആണ് മൂന്നാർ യാത്രയിലെ പ്രധാന കാഴ്ചകളിൽ ഒന്ന്. ദേവികുളം പഞ്ചായത്തിൽ മാട്ടുപ്പെട്ടിയിൽ ചിത്തിരപുരം ഗ്രാമത്തിലാണ് മാട്ടുപ്പെട്ടി ഡാം സ്ഥിതി ചെയ്യുന്നത്. മാട്ടുപെട്ടിയുടെ സൗന്ദര്യവും ഡാമുമെല്ലാം ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്. ഇത് കൂടാതെ മറ്റൊരു അണക്കെട്ടായ കുണ്ടള അണക്കെട്ടും സന്ദർശിക്കും. പെരിയാറിന്റെ പോഷകനദിയായ മുതിരപ്പുഴയാറിൽ പള്ളിവാസൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമ്മിച്ചതാണ് കുണ്ടള അണക്കെട്ട്. ദേവികുളം പഞ്ചായത്തിൽ തന്നെയാണ് ഈ അണക്കെട്ടും സ്ഥിതി ചെയ്യുന്നത്.
മൂന്നാറിന്റെ സൗന്ദര്യം തേടിയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് മൂന്നാറിലെ തേയില തോട്ടങ്ങൾ. തേയില നുള്ളുതും ചായപ്പൊടി തയ്യാറാക്കുന്നതുമെല്ലാം കാണാൻ എല്ലാ സഞ്ചാരികൾക്കും താത്പര്യം ഏറെയാണ്. ഇതിന് അവസരമൊരുക്കുന്ന ടീ മ്യൂസിയവും യാത്രയുടെ ഭാഗമായി സന്ദർശിക്കും. ചായപ്പൊടി ഉണ്ടാക്കുന്ന മെഷിനറികൾ, അവ തയ്യാറാക്കുന്ന രീതികൾ, കൗതുകം ഉണർത്തുന്ന ഫോട്ടോകൾ എന്നിവ ഉൾപ്പെടെ ചായയുമായി ബന്ധപ്പെട്ടതെല്ലാം നിങ്ങൾക്കിവിടെ കാണാൻ സാധിക്കും.
ഇത് കൂടാതെ ടോപ്പ് സ്റ്റേഷൻ എക്കോ പോയിന്റ് എന്നീ സ്ഥലങ്ങളിലും ഈ ഏകദിന യാത്രയിൽ സന്ദർശിക്കും. കെ എസ് ആർ ടി സിയുടെ ഡീലക്സ് ബസിലാണ് യാത്ര. രാത്രി 11.30 ഓടെ യാത്ര തിരിച്ച് കോട്ടയത്ത് എത്തും. യാത്രാ നിരക്ക് 900 രൂപയാണ്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും മറ്റും ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9188456895, 8547564093 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.












Click it and Unblock the Notifications