മൂന്നാറിലേയും പൊൻമുടിയിലേയും മഴ കാണാം; പൊലിയം തുരുത്തും ഓക്സിവാലിയും പാക്കേജ്..വിട്ടാലോ?
കൊല്ലം: ദീർഘ ദൂര യാത്രികർക്കായി പുതിയ പാക്കേജുകൾ അവതരിപ്പിച്ച് കൊല്ലം കെ എസ് ആർ ടി സി ബജറ്റ് സെൽ. കാസർഗോഡ് ജില്ലയിലെ പ്രശസ്ത എക്കോ ടൂറിസം സെന്റർ ആയ പൊലിയം തുരുത്ത്, പാലക്കാട് അട്ടപ്പാടി മേഖലയിലെ ഓക്സി വാലി എന്നീ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ളതാണ് പുതിയ പാക്കേജുകൾ. യാത്രയെ കുറിച്ച് വിശദമായി അറിഞ്ഞാലോ?
പൊലിയം തുരുത്തിലേക്ക്
പയസ്വിനി പുഴയിലാണ് ഈ ഇക്കോ ടൂറിസം സെന്റർ സ്ഥിതി ചെയ്യുന്നത്. ബോവിക്കാനം - എരിഞ്ഞിപ്പുഴ - കുറ്റിക്കോൽ റോഡിൽ നിന്നും രണ്ട് കിമി യാത്ര ചെയ്താൽ ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പൊലിയംതുരുത്ത് ഇക്കോ സെന്ററിലെത്താം. ആറ് ഏക്കറിലാണ് ഈ എക്കോ ടൂറിസം വില്ലേജ് സ്ഥിതി ചെയ്യുന്നത്. തുരുത്തിന്റെ ഭംഗി ഒട്ടും ചോരാതെയാണ് ഈ ടൂറിസം വില്ലേജ് ഒരുക്കിയിരിക്കുന്നത്.

പൊലിയം തുരുത്തിനൊപ്പം കാസർഗോഡ് ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും കൂടി സഞ്ചരിക്കുന്ന പാക്കേജ് ജൂലൈ 16 നാണ് കൊല്ലത്ത് നിന്ന് പുറപ്പെടുന്നത്. വൈകുന്നേരം 7 മണിക്ക് യാത്ര ആരംഭിക്കും. പ്രവേശന ഫീസുകൾ ഒരു ദിവസത്തെ ഭക്ഷണം എന്നിവ ഉൾപ്പടെ 3860 രൂപയാണ് ഒരാൾക്കുള്ള ചെലവ് വരുന്നത്.
ഓക്സി വാലിയിലേക്ക് പോകാം
പാലക്കാട് അട്ടപ്പാടി മേഖലയിൽ സ്ഥിതിചെയ്യുന്ന ഓക്സിവാലി യാത്ര ജൂലൈ 23 നാണ്. ഒരു ദിവസത്തെ ത്രീസ്റ്റാർ ഭക്ഷണം,താമസം എന്നിവ ഉൾപ്പെടെ 4480 രൂപയാണ് ഒരാൾക്ക് വരുന്ന ചിലവ്.
വാഗമൺ യാത്ര പോകാം
കേരളത്തിലെ മഴക്കാല ഡെസ്റ്റിനേഷനുകളിൽ മുന്നിലാണ് വാഗമൺ. കോട്ടയം ജില്ലയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്റ്റേഷൻ മഴക്കാലത്തെ വേറിട്ട അനുഭവമാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക. മൊട്ടക്കുന്ന്, പൈൻവാലി കൂടാതെ അഡ്വഞ്ചർ പാർക്ക് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
ജൂലൈ 6, 20 എന്നീ ദിവസങ്ങളിലാണ് കൊല്ലത്ത് നിന്നുള്ള വാഗമൺ യാത്ര. ഒരാൾക്ക് 1020 രൂപയാണ് നിരക്ക്. ബസ് യാത്ര ചാർജിന് ഒപ്പം ഉച്ചഭക്ഷണം കൂടി പാക്കേജിൽ ഉൾപ്പെടും.
മഴയിൽ ഗവി കാണാതെ എങ്ങനെ
മഴയിൽ ഗവിയെ കാണാൻ സഞ്ചാരികളുടെ തിരക്കാണ്. കോട മഞ്ഞും മഴയും ആസ്വദിച്ച് 90 കിമിയോളം നീണ്ട വനയാത്ര തന്നെയാണ് ഗവി യാത്രയിലെ പ്രധാന ആകർഷണം. ജൂലൈ 10,18,30 എന്നീ ദിവസങ്ങളിലാണ് ഗവിയിലേക്ക് യാത്ര. 1750രൂപയാണ് ഒരാൾക്ക് നിരക്ക്. ഗവിയിൽ മാത്രമല്ല പാക്കേജിൽ അടവി കുട്ടവഞ്ചി സവാരിയും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രവേശന ഫീസുകളും, ഗൈഡ് ഫീ, ഗവി ഉച്ചഭക്ഷണം എന്നിവ പാക്കേജിൽ ഉൾപ്പെടും.
മൂന്നാർ, പൊന്മുടി, മലരിക്കൽ എന്നിങ്ങനെ മൂന്ന് യാത്രകളാണ് ജൂലൈ 12ന് ചാർട്ട് ചെയ്തിട്ടുള്ളത്. രാവിലെ അഞ്ചു മണിക്ക് ആരംഭിച്ച് 13ന് രാത്രി മടങ്ങിയെത്തും. ഒരു ദിവസത്തെ താമസം,ജീപ്പ് സഫാരി, ഉച്ചഭക്ഷണം എന്നിവ ഉൾപ്പടെ 2380 രൂപയാണ് നിരക്ക്. ജൂലൈ 13ന് മംഗോ മെഡോസ്, കന്യാകുമാരി എന്നിങ്ങനെ രണ്ട് യാത്രകൾ ഉണ്ടായിരിക്കും.. മാംഗോ മെഡോസ് എൻട്രി ഫീ, രണ്ടു നേരത്തെ ഭക്ഷണം എന്നിവ ഉൾപ്പെടെ 1790 രൂപയാണ് നിരക്ക്. കന്യാകുമാരി യാത്ര രാവിലെ 4 30ന് ആരംഭിക്കും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം എന്നിവ കണ്ട ശേഷം കന്യാകുമാരിലെത്തി സൂര്യാസ്തമയശേഷം മടങ്ങുന്ന യാത്രയ്ക്ക് 800 രൂപയാണ് നിരക്ക്.












Click it and Unblock the Notifications