ബെംഗളൂരിലെ വേനലിൽ മടുത്തോ? ചില്ലാകാം മൂന്നാറിലേക്ക് വിട്ടോളൂ, പ്രത്യേക പാക്കേജുമായി ഐആർസിടിസി
കൊടും ചൂടാണ് ബാംഗ്ലൂരിൽ, ഈ വേനൽച്ചൂടിൽ നിന്നും രക്ഷപ്പെട്ട് എങ്ങോട്ടെങ്കിലും ഒരു യാത്ര പോകണമെന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ എങ്ങോട്ട് പോകും? മടിക്കേണ്ട ഇവിടെ കേരളത്തിൽ മൂന്നാർ ഉള്ളപ്പോൾ കൂടുതൽ ആലോചന എന്തിനാണ്. ഐ ആർ സി ടി സി മൂന്നാറിലേക്ക് പ്രത്യേക പാക്കേജ് തന്നെ നടത്തുന്നുണ്ട്. മൂന്നാറും തേക്കടിയുമൊക്കെ കണ്ട് മടങ്ങിവരാൻ സാധിക്കുന്ന തരത്തിലാണ് പാക്കേജ്. മൂന്നാര്‍ തേക്കടി റെയിൽ ടൂർ പാക്കേജിനെ കുറച്ച് കൂടുതൽ അറിയാം
എല്ലാ വ്യാഴാഴ്ചയും ബാംഗ്ലൂരിൽ നിന്നും പാക്കേജ് ഉണ്ട്. രാത്രി 8.10 ന്റെ ട്രെയിനാണ് എറണാകുളത്തേക്ക് യാത്ര തിരിക്കുക. രാവിലെ 7.20 ഓടെ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ എത്തും. ഇവിടെ നിന്ന് നേരെ മൂന്നാറിലേക്ക്. വൈകീട്ട് തന്നെ സ്ഥല സന്ദർശനം തുടങ്ങും. മൂന്നാറിലെ പ്രധാന സ്ഥലങ്ങളിലൊന്നായ ടീ മ്യൂസിയം തന്നെയാണ് ആദ്യ കാഴ്ച. ഇതുകഴിഞ്ഞാൽ അന്ന് രാത്രി നേരെ മുറിയിലേക്ക്. അടുത്ത ദിവസം രാവിലെ പ്രഭാത ഭക്ഷണവും കഴിഞ്ഞ് ഇരവികുളം ദേശീയോദ്യാനത്തിലേക്ക് തിരിക്കും. ഇരവികുളത്തേക്ക് പോകാൻ സാധിച്ചില്ലെങ്കിൽ സാഹചര്യം അനുസരിച്ച് ആദ്യം ടോപ് സ്റ്റേഷൻ വ്യൂ പോയിന്റും തിരഞ്ഞെടുത്തേക്കാം.

മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്‍റ്, കുണ്ടള ഡാം എന്നീ സ്ഥലങ്ങൾ ഉച്ചകഴിഞ്ഞാണ് സന്ദർശിക്കുക. മൂന്നാറിൽ വന്ന് കാഴ്ചകൾ മാത്രം കണ്ടാൽ മതിയോ? മൂന്നാറിറിലെ ടൗണിലിറങ്ങി ഷോപ്പിങ് നടത്താനുള്ള അവസരവും ഉണ്ടാകും. അന്നേ ദിവസം മറ്റ് യാത്രകൾ ഇല്ല.
അടുത്ത ദിവസം രാവിലെ തേക്കടിയിലേക്കാണ് യാത്ര. ഒരു ദിവസം മുഴുവൻ തേക്കടി കറങ്ങാം. അഞ്ചാം ദിവസം പെരിയാർ വന്യജീവി സങ്കേതം കാണാം. ഇവിടെ നിന്ന് ബോട്ട് യാത്രയും ആസ്വദിച്ചായിരിക്കും മടക്കം. വൈകീട്ട് 5.55 എറണാകുളത്ത് നിന്ന് ബാംഗ്ലൂരേക്ക് തിരിക്കും. രാവിലെ ആറോടെ ബാംഗ്ലരിൽ തിരിച്ചെത്താം.
ചെലവ് അറിയാം
ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 16890 രൂപയാണ് ചെലവ് വരുന്നത്. ഡബിൾ ഷെയറിങ്ങിൽ 20830 രൂപയും സിംഗിൾ ഷെയറിങ്ങിൽ 37640 രൂപയും വരും. സ്റ്റാൻഡേർഡ് സ്ലീപ്പർ ക്ലാസിൽ ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 14680,ഡബിൾ ഷെയറിങ്ങിൽ 18620, സിംഗിൾ ഷെയറിങ്ങിൽ 35440 രൂപ എന്നിങ്ങനെയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 8595931292
, 8595931294, 8595931293 നമ്പറിൽ ബന്ധപ്പെടാം












Click it and Unblock the Notifications