മൂന്നാർ മാത്രമല്ല ഇടുക്കിയിൽ മസ്റ്റ് വിസിറ്റാണ് ഈ ഹിൽ സ്റ്റേഷനുകൾ; ഈ വെള്ളച്ചാട്ടങ്ങളും
ഇടുക്കി ഈ മഴയത്ത് എന്ത് മാത്രം മിടുക്കിയാണെന്ന് നേരിട്ട് പോയി അനുഭവിച്ചറിയണം. ഇവിടുത്തെ ഹിൽസ്റ്റേഷനുകളും വെള്ളച്ചാട്ടങ്ങളും അതിന്റെ പൂർണ ഭംഗയിൽ ആസ്വദിക്കാൻ കഴിയുന്ന സമയം കൂടിയാണിത്. ഈ ലേഖനത്തിൽ ഇടുക്കിയിൽ ഈ സമയത്ത് കണ്ടിരിക്കേണ്ട 5 ഹിൽസ്റ്റേഷനുകളേയും 5 വെള്ളച്ചാട്ടങ്ങളേയും കുറിച്ചാണ് പറയുന്നത്. വിശദമായി നോക്കാം
മൂന്നാർ
സമുദ്രനിരപ്പിൽ നിന്ന് 1,600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽസ്റ്റേഷനാണ് മൂന്നാർ. ഈ സമയത്ത് മഴ മൂന്നാറിനെ കൂടുതൽ സുന്ദരിയാക്കുന്നു. എക്കോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം, ടോപ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക് എന്നീ സ്ഥലങ്ങൾ സഞ്ചാരികൾക്ക് കാണാം. മഴ അധികമായാൽ മൂന്നാറിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും അടക്കും. കർശന നിയന്ത്രണങ്ങൾ വരുന്നതിന് മുൻപ് മൂന്നാറിലേക്ക് പുറപ്പെടാം.

തേക്കടി
പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തേക്കടി, പ്രകൃതി പ്രേമികൾക്ക് ഒരു അഭയകേന്ദ്രമാണ് . ബോട്ടിംഗ്, ജംഗിൾ ട്രക്കിങ് എന്നിവ സഞ്ചാരികൾക്ക് ആസ്വദിക്കാം. കാട്ടിലൂടെയുള്ള ട്രെക്കിങ്ങിന് പ്രത്യേക പാക്കേജുകൾ ലഭ്യമാണ്. നിശ്ചിത തുകയ്ക്ക് പാക്കേജ് എടുത്താൽ കാടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഫോറസ്റ്റ് വാക്ക് നടത്താം. വന്യമൃഗങ്ങളേയും കാണാം.
വാഗമൺ
"കേരളത്തിന്റെ സ്കോട്ട്‌ലൻഡ്" എന്നറിയപ്പെടുന്ന വാഗമൺ, പുൽമേടുകളും പൈൻ മരങ്ങളും നിറഞ്ഞ ഹിൽസ്റ്റേഷനാണ്. മഴയിൽ വാഗമണിന് പ്രത്യേക ഭംഗിയാണ്. വാഗമൺ മൊട്ടക്കുന്നും, തങ്കൽപ്പാറ, മർമല വെള്ളച്ചാട്ടം എന്നിവ സന്ദർശിക്കാനും അനുയോജ്യമായ സമയമാണിത്.
രാമക്കൽമേട്
തമിഴ്‌നാടിന്റെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് രാമക്കൽമേട്, നിർത്താതെ കാറ്റ് വീളിക്കൊണ്ടിരിക്കുന്ന ഇടം. ഓഗസ്റ്റിൽ, മഞ്ഞു മൂടിയ മലനിരകൾ കാഴ്ചക്കാർക്ക് ഒരു ദൃശ്യവിരുന്നാണ് സമ്മാനിക്കുക. ഇവിടെ നിന്നുള്ള സൂര്യോദയവും സൂര്യാസ്തമയവും അവിസ്മരണീയമാണ്. ഈ മഴയത്ത് പക്ഷെ അത് ആസ്വദിക്കാനില്ല കേട്ടോ, മഴയുടെ ഭംഗി ആസ്വദിക്കാനും രാമക്കൽമേട്ടിലേക്ക് പോകാം.
വെള്ളച്ചാട്ടങ്ങൾ
ശ്രീനാരായണപുരം വെള്ളച്ചാട്ടം
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ, കുഞ്ചിത്തണ്ണി വഴി രാജാക്കാട്ടേക്ക് പോകുന്ന വഴിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം, മുതിരപ്പുഴയാറ്റിലെ അഞ്ച് വെള്ളച്ചാട്ടങ്ങൾ ചേർന്നുള്ളതാണ് ഈ വെള്ളച്ചാട്ടം.മഴ കനത്തതോടെ ഇവിടേക്ക് സഞ്ചാരികൾ നിരവധി എത്തുന്നുണ്ട്..
ആറ്റുകാട് വെള്ളച്ചാട്ടം
മൂന്നാറിനും പള്ളിവാസലിനും ഇടയിൽ, തേയില കാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണിത്. മൂന്നാർ മേഖലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം കൂടിയാണിത്. ഈ മഴക്കാലത്ത് ഫോട്ടോഗ്രാഫർമാരുടേയും സഞ്ചാരികളുടേയും പ്രീയപ്പെട്ട ഇടംകൂടിയാണിത്.
തൊമ്മൻകുത്ത് വെള്ളച്ചാട്ടം
തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തൊമ്മൻകുത്ത്, ഏഴ് തട്ടുകളിലായി ഒഴുകുന്ന വെള്ളച്ചാട്ടമാണ്.ക്കുത്ത്, നാക്കയം കുത്ത്, മുത്തിമുക്ക് കുത്ത്, കുടച്ചിയാല്‍ കുത്ത്, ചെകുത്താന്‍കുത്ത്, തേന്‍കുഴിക്കുത്ത്, കൂവമലക്കുത്ത് എന്നിങ്ങനെയാണ് ഈ ഏഴെണ്ണം. ഇവിടേക്ക് പോകാൻ വഴുക്കൽ ഉള്ള പാറകൾ ഉള്ളതിനാൽ സന്ദർശകർ ജാഗ്രത പാലിക്കണം.
ലക്കം വെള്ളച്ചാട്ടം
മൂന്നാർ-മറയൂർ റോഡിൽ, ഇരവികുളം നാഷണൽ പാർക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ലക്കം വെള്ളച്ചാട്ടം, വാകമരങ്ങളുടെ ഇടയിൽ സ്ഥിതിചെയ്യുന്ന അതിസുന്ദരമായ വെള്ളച്ചാട്ടമാണ്. മറയൂരിൽ എത്തുന്ന സഞ്ചാരികൾക്ക് കുളിരേകുന്ന കാഴ്ച കൂടിയാണ് ഈ വെള്ളച്ചാട്ടം ഒരുക്കുക.
മരച്ചുവട് വെള്ളച്ചാട്ടം
ഇടുക്കി ജില്ലയിലെ ഉടുമ്പൻ ചോലയിൽ നിന്നും 15 കിമി പോയാൽ
ശാന്തൻപാറ പഞ്ചായത്തിൽ, പുത്തടിയാറിൽ സ്ഥിതി ചെയ്യുന്നതാണ് ഈ വെള്ളച്ചാട്ടം. ചലച്ചിത്ര ലൊക്കേഷനായും ഇത് പ്രശസ്തമാണ്. റംമ്പൂട്ടാന്‍, ഓറഞ്ച്, ബേര്‍ ആപ്പിള്‍, സുരിനാം ചെറി, തുടങ്ങി സ്വദേശിയും വിദേശിയുമായി നിരവധി ഫല വൃക്ഷങ്ങള്‍ നിറഞ്ഞ ക്യഷിയിടങ്ങളിലൂടെ വേണം ഇവിടേക്ക് കയറി ചെല്ലാൻ.












Click it and Unblock the Notifications