വെറും 580 രൂപയ്ക്ക് യാത്ര പാക്കാജോ? കൊളളാലോ കെഎസ്ആർടിസി..മെയ് തകർക്കാം
മലപ്പുറം: മെയ് യാത്രകളുടെ സമയാണ്. സ്കൂൾ തുറക്കും മുൻപ് കഴിയാവുന്നത്ര ഇടങ്ങൾ കണ്ട് തീർക്കാനുള്ള തത്രപാടിലായിരിക്കും കുടുംബങ്ങൾ. മഴക്കാലം വരും മുൻപ് ഇഷ്ട സ്ഥലങ്ങൾ സന്ദർശിക്കാൻ കാത്തിരിക്കുന്നവരും ഉണ്ടാകും. എന്ത് തന്നെയാണെങ്കിലും യാത്ര പ്രേമികളാണ് നിങ്ങളെങ്കിൽ മെയ് മാസം തകർക്കാൻ നിരവധി പാക്കേജുകൾ കെ എസ് ആർ ടി സിയുടെ ബജറ്റ് സെല്ലുകൾ ഒരിക്കിയിട്ടുണ്ട്.
ഒന്നും രണ്ടുമല്ല 15 ഓളം പാക്കേജുകളാണ് നിലമ്പൂർ ബജറ്റ് സെൽ അവതരിപ്പിച്ചിരിക്കുന്നത്. വെറും 580 രൂപ മുടക്കിയാൽ ഒരു ദിവസം തകർക്കാനുള്ള ചെലവ് കുറഞ്ഞ പാക്കേജുകളും ഇക്കൂട്ടത്തിൽ ഉണ്ട്. ആദ്യ ആഴ്ചകളിൽ പോകുന്ന സ്ഥലങ്ങൾ വിശദമായി നോക്കാം

മെയ് 1 ന് തന്നെ യാത്ര തുടങ്ങാം
ചൂടിൽ നിന്നും ആശ്വാസം തേടിയുള്ള യാത്രയാണ് നിങ്ങൾ താത്പര്യപ്പെടുന്നതെങ്കിൽ മെയ് 1 ന് നടത്തുന്ന നെല്ലിയാമ്പതി പാക്കേജ് തിരഞ്ഞെടുക്കാം. പുലർച്ചെ അഞ്ച് മണിയാകുമ്പോൾ ഡിപ്പോയിൽ നിന്നും യാത്ര തിരിക്കും. ഏകദിന പാക്കേജ് ആണ്. ചെലവ് വെറും 840 രൂപ മാത്രമാണ്.
പാലക്കാട് ജില്ലയിലെ അതിമനോഹരമായ ഹിൽസ്റ്റേഷൻ സമുദ്രനിരപ്പിൽ നിന്ന് 1572 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. നെല്ലിയാമ്പതി യാത്രയിൽ സീതാർക്കുണ്ട് വ്യൂപോയിന്റ്, പോത്തുണ്ടി ഡാം എന്നിവയൊക്കെയാണ് പ്രധാനമായി കാണേണ്ടത്.
ഒന്നിന് തന്നെ നിലമ്പൂരിൽ നിന്നും വയനാട്ടിലേക്കും പാക്കേജ് ഉണ്ട്. 580 രൂപ വരുന്ന ഈ പാക്കേജ് ഏകദിന യാത്രയാണ്. ഭാഗ്യമുണ്ടെങ്കിൽ വയനാട്ടിലെ വേനൽമഴയും സഞ്ചാരികൾക്ക് ആസ്വദിക്കാം.
മാമലക്കണ്ടവും മൂന്നാറും
എറണകുളം കോതമംഗലത്ത് നിന്ന് 34 കിമി സഞ്ചരിച്ചാൽ മാമലക്കണ്ടത്ത് എത്താം. ഇവിടുത്തെ സ്കൂളും ഇതിന്റെ പശ്ചാത്തലത്തിലുള്ള ഇളമ്പശേരി വെള്ളച്ചാട്ടത്തിന്റേയും ചിത്രങ്ങൾ വൈറലായതോടെയാണ് മാമലക്കണ്ടത്തിലേക്ക് ആളുകൾ ഒഴുകിത്തുടങ്ങിയത്.
തെക്കിന്റെ കാശ്മീർ ആയ മൂന്നാർ ആണ് സന്ദർശിക്കുന്ന മറ്റൊരു സ്ഥലം. കേരളം മുഴുവൻ ചൂട് കൊണ്ട് വെന്തുരുകുമ്പോൾ മൂന്നാറിൽ രാത്രിയും രാവിലേയുമൊക്കെ തണുപ്പ് തന്നെ. അതുകൊണ്ട് ഈ യാത്ര തീർച്ചയായും സഞ്ചാരികളെ മടുപ്പിക്കില്ല.
മെയ് മൂന്നിനാണ് ഇവിടേക്കുള്ള യാത്ര. ദ്വിദിന പാക്കേജ്.ഒരു നേരത്തെ ഭക്ഷണവും താമസവും ബസ് ചാർജും എല്ലാം ചേർത്ത് 1780 രൂപയാണ് പാക്കേജ് തുക.
ഗവി കാണണ്ടേ?
ഓഡിനറി എന്ന ഒറ്റ സിനിമയാണ് ഗവിയെ കേരളത്തിന്റെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയത്. കാട്ടിലൂടെയുള്ള യാത്രയും ചെറിയ വെള്ളച്ചാട്ടങ്ങളും പ്രകൃതി ഭംഗിയും ഒരിക്കലെങ്കിലും നേരിട്ട് കണ്ടാസ്വദിക്കണം. മഞ്ഞ് കാലമാണ് ഗവി സന്ദർശിക്കാൻ ഏറ്റവും ഉചിതമായ സമയം. ഇനി മഞ്ഞിൽ പോകാൻ ഒക്കാത്തവർ ഇപ്പോൾ തന്നെ വിടുന്നതാകും നല്ലത്. കാരണം മഴയായി കഴിഞ്ഞാൽ ഗവി പലപ്പോഴും അടക്കാറുണ്ട്. അപകട സാധ്യത കൂടി പരിഗണിച്ചാണിത്. ഗവി മാത്രമല്ല നിലമ്പൂര് നിന്നുള്ള പാക്കേജിൽ ലഭിക്കുന്നത്. പത്തനംതിട്ടയിലെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അടവിയും കണ്ടാണ് മടങ്ങുക. 3200 രൂപയാണ് ഈ പാക്കേജിന് വരുന്ന ചെലവ്. മെയ് 4 നാണ് യാത്ര.
മറയൂരും കാന്തല്ലൂരും മൂന്നാറും
മൂന്നാറിൽ പോയാൽ പിന്നെ മറയൂരും കാന്തല്ലൂരും കണ്ടില്ലെങ്കിൽ പിന്നെ എന്ത് യാത്ര? മൂന്നാറിൽ നിന്ന് ഏകദേശം 50 കിമി അപ്പുറത്താണ് ഈ രണ്ട് സ്ഥലങ്ങളും. സ്വാഭാവിക ചന്ദനമരങ്ങൾ ധാരാളം ഉള്ള കേരളത്തിലെ ഏക സ്ഥലമാണ് മറയൂർ. ഇവിടുത്തെ മറ്റ് പ്രധാന പ്രത്യേകതകൾ മുനിറുയും മറയൂർ ശർക്കരയുമാണ്. ഇവിടുത്തെ കരിമ്പ് കൃഷിയും ശർക്കര നിർമ്മാണവുമൊക്കെ എല്ലാവർക്കും ആസ്വദിക്കാനാകും. തൊട്ടടുത്തുള്ള കാന്തല്ലൂർ കൂടി കണ്ട് തിരിച്ചുവരുന്ന തരത്തിലാണ് പാക്കേജ്. മെയ് 9 നാണ് യാത്ര.
യാത്രകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും 9447436967 എന്ന നമ്പറിൽ വിളിക്കാം












Click it and Unblock the Notifications