മൂന്നാർ ഇപ്പോൾ കാണണം; കാത്തിരുന്ന കാഴ്ച വീണ്ടും; കൂടെ കാന്തല്ലൂരും മറയൂരും കാണാം, പാക്കേജ്
മൂന്നാറിലെ മഞ്ഞ് മൂടിയ കാഴ്ചകൾ ഇനി കാണില്ലെന്ന് വിഷമിച്ചിരിക്കുകയാണോ? പേടിക്കേണ്ട, ഇപ്പോൾ തന്നെ വിട്ടേക്ക്, കേരളത്തിൽ മറ്റിടങ്ങളിൽ ചൂട് കൂടി തുടങ്ങിയെങ്കിലും മൂന്നാറിലെ താപനില വീണ്ടും കുറയുകയാണ്. കഴിഞ്ഞ ദിവസം ഇവിടെ താപനില പൂജ്യത്തിലെത്തി. ഇതോടെ രാവിലെയും രാത്രിയുമെല്ലാം മൂന്നാറിൽ വലിയ തണുപ്പാണ് അനുഭവപ്പെടുന്നത്.
ദേവികുളം, സെവൻമല, നല്ലതണ്ണി, മൂന്നാർ ടൗൺ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രേഖപ്പെടുത്തി താപനില ഒരു ഡിഗിയാണ്. സൈലന്റ്‌വാലി, മാട്ടുപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് ഡിഗ്രി സെൽഷ്യസും. കന്നിമല, പെരിയവരെ എന്നിവിടങ്ങളിൽ അതിരാവിലെ പുൽമേടുകളിൽ മഞ്ഞുമൂടിക്കെട്ടി നിൽക്കകയാണ്. രാത്രിയിൽ പലയിടങ്ങളിൽ കനത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും പകൽ സമയത്ത് അത്ര കഠിനമല്ല തണുപ്പ്. 25 ഡിഗ്രിവരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ താപനില രേഖപ്പെടുത്തിയത്. അതേസമയം വരും ദിവസങ്ങളിലും മൂന്നാറിൽ താപനില കുറയും എന്നാണ് റിപ്പോർട്ടുകൾ.

മഞ്ഞ് കാഴ്ചകൾ കാണാൻ ഇപ്പോഴും മൂന്നാറിൽ സഞ്ചാരികളുടെ തിരക്കാണ്. നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ളവരും ധാരാളം എത്തുന്നുണ്ട്. തണുപ്പ് ആസ്വദിക്കാൻ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലുകൾ ഇവിടേക്ക് വിവിധ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. കൊട്ടാക്കര കെ എസ് ആർ ടി സിയുടെ ഫെബ്രുവരി പാക്കേജുകളിൽ മൂന്നാറിനൊപ്പം കാന്തല്ലൂരും മറയൂരും കാണാനുള്ള അവസരമുണ്ട്. പാക്കേജിനെ കുറിച്ച് അറിഞ്ഞാലോ?
ഫെബ്രുവരി 8 നാണ് മൂന്നാർ പാക്കേജുള്ളത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന യാത്രയ്ക്ക് ഒരാൾക്ക് 2960 രൂപയാണ് ചെലവ് വരുന്നത്. അതിരാവിലെ 4.30 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11.50 ഓടെയായിക്കും തിരിച്ചെത്തുക.
അതേസമയം കൊട്ടാരക്കരയിൽ നിന്നും ഫെബ്രുവരി ആദ്യ വാരം മലക്കപ്പാറയിലേക്കും പൊൻമുടി തുടങ്ങിയ സ്ഥലങ്ങളിലേക്കും പാക്കേജുണ്ട്. വിശദമായി അറിയാം
മലക്കപ്പാറ പാക്കേജിൽ കേരളത്തിലെ നയാഗ്രയെന്ന് അറിയപ്പെടുന്ന അതിരപ്പിള്ളിയും വാഴച്ചാലും ഉൾപ്പെടുത്തിയിട്ടുണ്ട്. നിബിഡ വനത്തിലൂടെ യാത്ര ചെയ്ത് മലക്കപ്പാറയിലെ ഗ്രാമീണക്കാഴ്ചകളും കണ്ട് മടങ്ങാവുന്ന ഏകദിന പാക്കേജ് ആണിത്. ഒരാൾക്ക് 1500 രൂപയാണ് ചിലവ് വരുന്നത്. ഇതുകൂടാതെ ഇലവീഴാപൂഞ്ചിറ-ഇല്ലിക്കൽകല്ല്, തിരുവനന്തപുരത്തെ പ്രധാന ഹിൽ സ്റ്റേഷനായ പൊൻമുടി-മങ്കയം-കല്ലാർ മീൻമുട്ടി, ഗവി-അടവി-പരുന്തുംപാറ, സൈലന്റ് വാലി, ചതുരംഗപ്പാറ-മൂന്നാർ പാക്കേജുകളും ഫിബ്രവരിയിൽ കൊട്ടാക്കരയിൽ നിന്നുണ്ട്. യാത്രകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9567124271
.












Click it and Unblock the Notifications