ഓണം തകർത്താൽ പിന്നെ കോട മൂടിയ കാഴ്ചകളിലേക്ക് ഒരു യാത്ര പോകാം?;കെഎസ്ആർടിസിയുടെ പാക്കേജ്
അങ്ങനെ ഓണം വന്നെത്തിയിരിക്കുകയാണ്. പൂക്കളമൊരുക്കിയും ഓണ സദ്യ വിളമ്പിയുമെല്ലാം മവാലേി തമ്പുരാനെ വരവേൽക്കാനുള്ള അവസാനവട്ട ഓട്ടത്തിലായിരിക്കും പലരും. കെങ്കേമമായി ഓണം ആഘാഷിച്ച് കഴിഞ്ഞാൽ ഓണം തീർന്നോ? ഇല്ല, ഒരു യാത്രയൊക്കെ പോകാതെ എന്ത് ഓണം. തിരുവോണ ദിവസം വീട്ടിൽ തന്നെ ചെലവഴിക്കാനാണ് മലയാളികൾക്ക് പൊതുവെ ഇഷ്ടം. അതുകഴിഞ്ഞാൽ ബാഗും തയ്യാറാക്കി ഇറങ്ങിക്കോളൂ, ഓണാവധി രസകരമാക്കാൻ നിരവധി ട്രാവൽ പാക്കേജുകളുമായി കെഎസ്ആർടിസിയുടെ കിളിമാനൂർ ബജറ്റ് സെൽ തയ്യാറായി ഇരിക്കുകയാണ്. പാക്കേജുകൾ എന്തൊക്കെയാണ് അറിയാം
ഓണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം , അതായത് 16 ന് വാഗമൺ-മൂന്നാർ പാക്കേജാണ്. 16 ന് വാഗമൺ വഴി മാമലക്കണ്ടവും കണ്ട് മൂന്നാറിലേക്ക് എത്തുന്നതാണ് ട്രിപ്പ്. ഈ കാലസ്ഥയിൽ കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ കൂടിയാണിവ. വാഗമണിലെ നൂൽമഴയും മൊട്ടക്കുന്നും ചില്ല് പാലവും കാടിന് നടുവിലെ അതിമനോഹര ഗ്രാമമായ മാമലക്കണ്ടവുമെല്ലാം കണ്ടാണ് മൂന്നാറിലേക്ക് എത്തുന്നത്. തീർന്നില്ല ഒരു ദിവസം മൂന്നാറിൽ തങ്ങി കാന്തല്ലൂരും മറയൂരും കണ്ടതിന് ശേഷമായിരിക്കും നാട്ടിലേക്കുള്ള മടക്കം. കോടയുടെ തണുപ്പിൽ പൊതിഞ്ഞ് നിൽക്കുന്ന കാന്തല്ലൂരിന്റെ ഭംഗി പ്രത്യേകം വിവരിക്കേണ്ടതില്ലല്ലോ. മറയൂരിലെ കാഴ്ച കരിമ്പിൻ തോട്ടങ്ങളും ചന്ദന മരങ്ങളുമാണ്.

17 ന് ഇലവീഴാപൂഞ്ചിറയിലേക്കാണ് ട്രിപ്പ്. ആയിരം ഏക്കറിൽ പരന്ന് കിടക്കുന്ന മനോഹരമായ താഴ്വരയാണ് ഇലവീഴാപൂഞ്ചിറ. ഇവിടുത്തെ മഴ കാഴ്ചകൾക്ക് പ്രത്യേക ഭംഗിയാണ്. ഇല്ലിക്കൽ കല്ലും കണ്ടായിരിക്കും മടക്കം. 19 ന് രാമക്കൽമേട്, അഞ്ചുരുളി, 20ന് അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവയാണ് പാക്കേജുകൾ. ട്രെക്കിങ് പ്രേമികൾക്ക് മാത്രം വേണ്ടിയുള്ള പാക്കേജുകളാണോ എന്ന് ചിന്തിക്കുന്നുണ്ടോ? ആശങ്ക വേണ്ട 18 ന് അടവി കുട്ടവഞ്ചി സവാരിയും ഗുരുവായൂർ , ചോറ്റാനിക്കര, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിലേക്കുള്ള യാത്രയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ആറന്മുള വള്ള സദ്യ കാണാനും പാക്കേജ് ഉണ്ട്.
തേക്കടി, കേരള തമിഴ്നാട് വ്യൂ പോയിന്റ്, മുന്തിരിപ്പാടം ജീപ്പ് സവാരിയെല്ലാം ഉൾപ്പെടുത്തിയൊരു യാത്ര സപ്റ്റംബർ 20 ന് ഉണ്ട്. 21 ന് ആനച്ചാടികുത്ത് വെള്ളച്ചാട്ടം, പട്ടുമല ദേവാലയം എന്നീ യാത്രകളും ഈ മാസത്തെ ലിസ്റ്റിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9633732363, 9447013457, 9645667733












Click it and Unblock the Notifications