അവധി ആഘോഷിക്കാൻ ഒരുങ്ങിക്കോ, മുന്നാറും ഗവിയും മാത്രമല്ല, അതിർത്തി കടന്ന് മഹബലിപുരവും കാണാം
ആഘോഷങ്ങളും അവധികളുമാണ് ഇനി വരാനിരിക്കുന്നത്. ക്രിസ്തുമസും പുതുവത്സരവും ഇക്കുറി തകർക്കണം എന്നാണ് പ്ലാനെങ്കിൽ കെ എസ് ആർ ടി സിയുടെ പത്തനംതിട്ട ബജറ്റ് ടൂറിസം സെൽ നിങ്ങളെ സഹായിക്കും. അവധി ആഘോഷിക്കാൻ മനോഹരമായ പാക്കേജുകളാണ് സെൽ അവതരിപ്പിച്ചിരിക്കുന്നത്. വളരെ ചിലവ് കുറഞ്ഞതാണ് യാത്രകൾ എന്നതിനാൽ ഏത് യാത്രാപ്രേമികൾക്കും കണ്ണുംപൂട്ടി പാക്കേജുകൾ തിരഞ്ഞെടുക്കാം. വിശദമായി വായിക്കാം
പാലക്കാട് ജില്ലയിൽ ഡിസംബറിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സൈലന്റ് വാലിയിലേക്കും നെല്ലിയാമ്പതിയിലേക്കും പത്തനംതിട്ടയിൽ നിന്നും പാക്കേജ് ഉണ്ട്. പ്രകൃതി സ്നേഹിയാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ യാത്ര ഇഷ്ടപ്പെടും. കാനനഭംഗി വേണ്ടുവോളം ആസ്വദിക്കാൻ ഈ യാത്രയിലൂടെ സാധിക്കും. മറ്റൊരു യാത്ര വയനാട്ടിലേക്കാണ്.

ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നു. എന്നാൽ ഡിസംബർ ആയതോടെ വയനാട്ടിലേക്ക് ആളുകൾ ഒഴുകിത്തുടങ്ങി. എങ്ങനെ ഒഴുകാതിരിക്കും കുളിരണിഞ്ഞ് നിൽക്കുന്ന വയനാടൻ കാഴ്ചകൾ ആർക്കാണ് ഒഴിവാക്കാൻ സാധിക്കുക അല്ലേ. ഡിസംബറിൽ സഞ്ചാരികൾ കൂടുതൽ എത്തുന്നത് കണക്കിലെടുത്ത് നേരത്തേ അടച്ച് കിടന്നിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം വീണ്ടും തുറന്നിട്ടുണ്ട്.
തെക്കിന്റെ കാശ്മീരായ മൂന്നാറിലേക്കാണ് മറ്റൊരു പാക്കേജ്. മൂന്നാറും മറയൂരും ശീതകാലപ്പച്ചറികൾക്ക് പേരുകേട്ട കാന്തല്ലൂരുമെല്ലാം ഉൾപ്പെടുത്തിയുള്ള പാക്കേജും ഉണ്ട്. ബോട്ടിംഗ്, ക്രൂയിസ് സാഹസിക യാത്രകളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മഹാബലിപുരം, തഞ്ചാവൂർ, കന്യാകുമാരി, വേളാങ്കണ്ണി,കേരളത്തിലെ പ്രധാന അയ്യപ്പ ക്ഷേത്രങ്ങളായ കുളത്തൂപുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം ,ശിവ ക്ഷേത്രങ്ങളായ പിറവം പുരുഷമംഗലം, തിരുവല്ലം, ആഴിമല, ചെങ്കൽ,വേളാങ്കണ്ണി പള്ളി, അർത്തുങ്കൽ ബസിലിക്ക, കൃപാസനം എന്നിങ്ങനെയുള്ള തീർത്ഥാടന പാക്കേജുകളും ആസ്വദിക്കാം.
വയനാട്ടിലേക്ക് പോകാം
കെ എസ് ആർ ടി സിയുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നിന്നും ഡിസംബര്‍ എട്ടിന് വയനാട് ടൂര്‍ സംഘടിപ്പിക്കുന്നു. ബാണാസുര സാഗര്‍, പൂക്കോട് തടാകം, എന്‍ ഉര്, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങള്‍ ആണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡിസംബര്‍ 19 ന് നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ യാത്രയും ഡിസംബര്‍ മാസത്തില്‍ മൂന്നാര്‍, ഗവി, ശബരിമല തീര്‍ത്ഥാടന യാത്രകളും സംഘടിപ്പിക്കുന്നുണ്ട്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും യാത്രകളുടെ വിശദാംശങ്ങൾ അറിയാനും 9446088378 എന്ന നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications