മൺറോ തുരുത്തും സാമ്പ്രാണിക്കൊടിയും കണ്ട് 7 മണിക്കൂർ ബോട്ട് യാത്ര , കരിമീനും കൂട്ടി ചോറ്, പാക്കേജ് ഇതാ
കോട്ടയം: വാക്കുകൾക്കും വിവരണങ്ങൾക്കും അപ്പുറമാണ് അഷ്ടമുടി കായലിന്‍റെ സൗന്ദര്യം. പരന്നൊഴുകുന്ന കായലും പച്ചപ്പ് അതിരിടുന്ന കരയും മാത്രമല്ല ഇവിടെയുള്ളത്. എത്ര കണ്ടാലും മതിവരാത്ത തുരുത്തുകളും അതിനുള്ളിലൂടെയുള്ള കനാൽ യാത്രയും കടവുകളും ഒക്കെയായി ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണ് കൊല്ലത്തിന്‍റെ അഷ്ടമുടി.
ഇങ്ങനെ കായൽ കാഴ്ചകളും യാത്രകളും ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ഒരു പകൽ മുഴുവൻ കായലിൽ ചെലവഴിച്ച് തീരത്തെ കാഴ്ചകളും കായൽ യാത്രയുടെ അനുഭവങ്ങളും അറിയാൻ പോയാലോ. കോട്ടയം ബജറ്റ് ടൂറിസം സെൽ എസി ഹൗസ് ബോട്ടിൽ ഒരുക്കുന്ന സീ അഷ്ടമുടി പാക്കേജ് ബുക്കിങ് തുടങ്ങിയിരിക്കുകയാണ്.

ഫെബ്രുവരി 6 ന് രാവിലെ കോട്ടയത്ത് നിന്നാരംഭിക്കുന്ന യാത്ര കൊല്ലത്തേയ്ക്കാണ്. കൊല്ലം ബോട്ട് ജെട്ടിയിൽ നിന്ന് പത്ത് മണിയോടെ ഹൗസ് ബോട്ടിൽ കയറുന്നതോടെ കാത്തിരുന്ന യാത്രയ്ക്ക് തുടക്കമായി. കൊല്ലത്തെ മനോഹരമായ കാഴ്ചകൾ കണ്ടു മുന്നേറുന്ന യാത്ര മടുപ്പിക്കുകയേയില്ല. കൊല്ലം അഡ്വഞ്ചർ പാർക്ക്, തേവള്ളി പാലം, കടവൂർ പള്ളി. റാവിസ് ഹോട്ടല്‍, ജെകെ ഫ്ലെമിംഗോ, വിളക്കമ്മ, കാവനാട് ബൈപ്പാസ് ബ്രിഡ്ജ്, ക്ലബ് മഹീന്ദ്ര, സാമ്പ്രാണിക്കൊടി, കണ്ണങ്കാട്ട് കടവ് പാലം തുടങ്ങിയ സ്ഥലങ്ങൾ ബോട്ട് യാത്രയിൽ കാണാം.
മൺറോ തുരുത്ത്, സാമ്പ്രാണിക്കൊടി എന്നിവിടങ്ങൾ വിശദമായി കാണാനുള്ള അവസരവും യാത്രയിലുണ്ടാകും. അഷ്ടമുടി കായലിന്‍റെ നടുവിലായി സ്ഥിതി ചെയ്യുന്ന സാമ്പ്രാണിക്കൊടി തുരുത്തിൽ സഞ്ചാരികൾക്ക് ഇറങ്ങാം. മുട്ടറ്റം വെള്ളമുള്ള തുരുത്തിൽ അപകട സാധ്യതയില്ലാതെ ഇറങ്ങാം എന്നതിനാൽ കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട ഇടമായി ഇവിടം മാറിയിട്ടുണ്ട്. അഷ്ടമുടിയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഇവിടം കണ്ടൽകാടുകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു.
അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന മൺറോ തുരുത്ത് ദ്വീപുകളുടെ ഒരു കൂട്ടമാണ്. അതിനിടയിലെ ചെറുകനാലുകളിലൂടെ വള്ളത്തിലുള്ള യാത്രയാണ് ഇവിടുത്തെ പ്രത്യേകത. കരയിലെയും കായലിലെയും കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രക്ക് വിദേശികളടക്കമുള്ളവർ എത്തുന്നു.
അങ്ങോട്ടും ഇങ്ങോട്ടും കൂടി 52 കിലോമീറ്റർ കായൽ യാത്രയാണ് പാക്കേജിന്‍റെ ഭാഗമായുള്ളത്. കൊല്ലത്തു നിന്നും മൺറോ തുരുത്തിൽ പോയി വരുന്ന യാത്രയിൽ മൂന്നു നേരം ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. 11.00 മണിക്ക് കപ്പയും മീൻകറിയും, 12.30 ന് കരിമീൻ പൊള്ളിച്ചതും ഐസ്ക്രീമും ഉൾപ്പെടെ വിഭവ സമൃദ്ധമായ സദ്യ, തുടർന്ന് നാലു മണിക്ക് ചായയും ഏത്തക്കാ ബോളിയും ആണ്. മനസ്സു മാത്രമല്ല, വയറും നിറയ്ക്കുന്ന ഈ യാത്രയുടെ ചെലവ് 1580 രൂപയാണ്. അതിനൊപ്പം 250 രൂപ വള്ളത്തിന്‍റെ ചാർജും അധികം നല്കണം. ബുക്കിങ്ങിന് - 8089158178












Click it and Unblock the Notifications