കുറുവയും ബാണാസുര അണക്കെട്ടുമല്ല.. വയനാട്ടിൽ സഞ്ചാരികൾക്ക് പ്രിയം ഇവിടം, സന്ദർശകരൊഴുകുന്നു
ബാംഗ്ലൂരിൽ നിന്നടക്കമുള്ളവരുടെ അവധിക്കാല ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് വയനാട്. അവധിക്കാലമായതോടെ ഇവിടേക്ക് സഞ്ചാരികൾ ഒഴുകുകയാണ്. ബെംഗളൂരു-മൈസൂർ എക്സ്പ്രസ് വേ വന്നതോടെ വളരെ വേഗത്തിൽ ഇവിടെ എത്താം എന്നതും വയനാട്ടിനെ പ്രിയപ്പെട്ട ഇടമാക്കിയിട്ടുണ്ട്.
കാണേണ്ട ഒരുപാട് സ്ഥലങ്ങൾ വയനാട്ടിൽ ഉണ്ടെങ്കിലും സഞ്ചാരികൾ നിർബന്ധമായും പോകേണ്ട ഇടമാണ് മുത്തങ്ങ. വനംവകുപ്പിന്റെ വൈൽഡ് സഫാരി ആസ്വദിക്കാനാണ് സഞ്ചാരികളേറെയും ഇവിടെ എത്തുന്നത്.

കര്‍ണ്ണാടകയും തമിഴ്‌നാടുമായി അതിർത്തി ചേരുന്ന സ്ഥലമാണ് മുത്തങ്ങ വന്യജീവി സങ്കേതം. വടക്കു കിഴക്കായി തോല്‍പ്പെട്ടി, കുറിച്യാട് റേഞ്ചുകളിലും, തെക്കു കിഴക്കായി സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ റേഞ്ചുകളിലുമായി 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ സംരക്ഷിത വനപ്രദേശം. കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ വനമേഖലയുമായും തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന മുത്തങ്ങ നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. മൂന്നു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആനത്താര ഉളളതിനാല്‍ ഈ പ്രദേശം 'പ്രോജക്ട് എലിഫന്റി'ന്റെ ഭാഗമാണ്.
കാടിനുള്ളിലൂടെയുള്ള യാത്ര ആസ്വദിക്കുന്നതിനൊപ്പം വന്യജീവികളേയും സഞ്ചാരികൾക്ക് ഇവിടെ കാണാം. കടുവകളുടെയും പുള്ളിപ്പുലികളുടെയും ആവാസ കേന്ദ്രമാണ് ഇവിടം കൂടാതെ മാൻ, കാട്ടുപോത്ത്, മ്ലാവ്, വ്യത്യസ്തങ്ങളായ പക്ഷികള്‍, ചിത്രശലഭങ്ങള്‍, മറ്റു ഉരഗങ്ങള്‍, സസ്തനികള്‍ എന്നിവയും ധാരാളമുണ്ട്.
വന്യജീവി സങ്കേതത്തിലൂടെ വനംവകുപ്പ് നടത്തുന്ന വൈൽഡ് ലൈഫ് സഫാരി ഒരു മണിക്കൂർ ദൈർഘ്യമുള്ളത്. രാവിലെ ഏഴ് മുതൽ പത്ത് വരേയും വൈകീട്ടുമാണ് സഫാരിയ്ക്ക് പോകാനുള്ള സമയക്രമം. വന്യജീവികളെ കാണാൻ കൂടുതൽ സാധിക്കുന്ന സമയമായതിനാലാണ് ഇത്. നാല് മിനി ബസുകളിലും ജീപ്പുകളിലുമായാണ് സഫാരി. സഫാരിക്കിടെ മാനും കാട്ടാനയും മ്ലാവും കാട്ടുപോത്തുമൊക്കെ എളുപ്പത്തിൽ കാണാൻ സാധിക്കുമെങ്കിലും പുലിയേയും കടുവയേയുമൊക്കെ കാണണമെങ്കിൽ അൽപം ബുദ്ധിമുട്ടാണ്. 300 രൂപയാണ് ഒരാൾക്കുള്ള പ്രവേശന നിരക്ക്. കുട്ടികൾക്ക് 150 രൂപയും വിദേശികൾക്ക് 600 രൂപയും നൽകണം.
തിരക്ക് കൂടുന്നു
ക്രിസ്മസ് മുതൽ ദിവസേന 700 സഞ്ചാരികൾ വരെ ഇവിടെ എത്തുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ഇതിൽ വിദേശികളും ധാരളമായുണ്ട്. തിരക്ക് കൂടാൻ തുടങ്ങിയതോടെ ബത്തേരി അടക്കമുള്ള സ്ഥലങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. ബത്തേരിയിലെ ജൈനക്ഷേത്രമടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്..












Click it and Unblock the Notifications