നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത് എക്സപ്രസ് പാസഞ്ചർ ട്രെയിനിനേക്കാൾ ശോകം;പരാതി പ്രളയം
വളരെ പ്രതീക്ഷയോടെയാണ് മലയാളികൾ അമൃത് ഭാരത് എക്സ്പ്രസിനെ വരവേറ്റത്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വന്ദേഭാരതിന് സമാനമായ യാത്ര സാധ്യമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സർവ്വീസ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ അമൃത് ഭാരതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യാത്രക്കാർ.
നാഗർകോവിലിനും മംഗളൂരുവിനും ഇടയിൽ സർവീസ് നടത്തുന്ന നാഗർകോവിൽ ജംഗ്ഷൻ-മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് പ്രതിവാര എക്സ്പ്രസ് ട്രെയിനിൻ്റെ സമയക്രമത്തിൽ ഉൾപ്പെടെയാണ് യാത്രക്കാർ പരാതി ഉയർത്തുന്നത്. സർവീസിന്റെ പ്രവർത്തന രീതിയേയും വേഗതയേയും യാത്രക്കാർ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ജനവരി 23 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ട്രെയിൻ സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ട്രെയിൻ നമ്പർ 16329, ചൊവ്വാഴ്ച രാവിലെ 11.40-ന് നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5-ന് മംഗളൂരു ജംഗ്ഷനിൽ എത്തും. മടക്ക സർവീസായ 16330 ബുധനാഴ്ച രാവിലെ 8-ന് മംഗളൂരുവിൽ നിന്ന് ആരംഭിച്ച് രാത്രി 10:05-ന് നാഗർകോവിലിൽ എത്തിച്ചേരും. എട്ട് സ്ലീപ്പർ, 11 ജനറൽ സെക്കൻഡ് ക്ലാസ്, ഒരു പാൻട്രി കാർ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്-കം-ലഗേജ് ബ്രേക്ക് വാൻ കോച്ചുകൾ എന്നിവയാണ് ട്രെയിനിലുൾപ്പെടുന്നത്.

നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് മംഗളൂരുവിലേക്ക് ഏകദേശം 705-706 കിലോമീറ്റർ ദൂരമാണ് ഉള്ളത്. ഈ ദൂരം താണ്ടാൻ ട്രെയിൻ എടുക്കുന്ന സമയം 17 മണിക്കൂറും 20 മിനിറ്റുമാണ്. ഏകദേശം 41 കിലോമീറ്റർ വേഗത മാത്രമുള്ള ഈ സർവീസ് ഒരു സാധാരണ പാസഞ്ചർ ട്രെയിനിന്റെ വേഗതക്ക് സമാനമാണെന്ന് റെയിൽവേ ഉപയോക്താക്കൾ പരാതിപ്പെടുന്നു.
മംഗളൂരുവിൽ നിന്ന് നാഗർകോവിലിലേക്കുള്ള മടക്കയാത്രയ്ക്ക് 14 മണിക്കൂറും 5 മിനിറ്റാണ് സമയമെടുക്കുന്നത്. ഈ യാത്ര കൂടുതലും പകൽസമയത്തായതിനാൽ ട്രെയിനിലെ സ്ലീപ്പർ ക്ലാസ് കോച്ചുകളുടെ ആവശ്യകതയെക്കുറിച്ചും ഉപയോക്താക്കൾ ചോദ്യങ്ങളുയർത്തുന്നുണ്ട്. തിരുവനന്തപുരം മുതൽ മംഗളൂരു വരെയുള്ള യാത്രയ്ക്ക് ഈ ട്രെയിൻ 15 മണിക്കൂറും 45 മിനിറ്റാണ് എടുക്കുന്നത്.
ജനറൽ കോച്ചുകൾ മാത്രമുള്ള തിരുവനന്തപുരം-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് ഇതേ ദൂരം താണ്ടാൻ വെറും 11 മണിക്കൂറും 50 മിനിറ്റും മാത്രമാണ് എടുക്കുന്നത്. ദൂരയാത്രകൾക്ക് വേഗത ഉറപ്പാക്കാനായി രൂപകൽപ്പന ചെയ്ത ട്രെയിനുകളാണ് അമൃത് ഭാരത്. 110 കിമി വേഗതയിൽ യാത്ര ചെയ്യാൻ സാധിക്കുന്ന ഈ ട്രെയിനുകൾ ഇത്രയും പതുക്കെ ഓടിക്കുന്നത് ഈ സർവ്വീസിൻ്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നാണ് ആളുകൾ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications