നീലക്കടലായി പരുന്തുംപാറ; പൂത്തു നിൽക്കുന്ന നീലക്കുറിഞ്ഞിക്കാണാൻ ഒഴുകി സഞ്ചാരികൾ
ഇടുക്കിയിൽ തേടിച്ചെല്ലാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന കാഴ്ചകൾ ഒരുപാടുണ്ടെങ്കിലും ലോകം മുഴുവൻ ഇവിടേക്ക് എത്തുന്നത് ഒറ്റൊറ്റ കാഴ്ച തേടിയാണ്. പൂത്തു നിൽക്കുന്ന നീലക്കുറിഞ്ഞിയുടെ വശ്യമനോഹരമായ ഭംഗി ഇടുക്കിയെ വേറിട്ട നിർത്തുന്നു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞി മുതൽ വർഷാവർഷം പൂത്തുലയുന്ന കുറിഞ്ഞി വരെയായി ഈ ചെടികളുടെ ഒരു വൈവിധ്യലോകം തന്നെ ഇടുക്കിയിലുണ്ട്. ഇപ്പോഴിതാ. പീരുമേട്ടിലെ പരുന്തുപാറയിൽ നീലക്കുറഞ്ഞി പൂത്തിരിക്കുകയാണ്. നീലക്കുറിഞ്ഞിയുടെ ഉപവിഭാഗമായ സ്‌ട്രോബൈലാന്തസ് വൈറ്റിയാനസ് ആണ് ഇവിടെ പൂവിട്ട് പരുന്തുംപാറയെ ഒരു നീലക്കടലാക്കി മാറ്റിയിരിക്കുന്നത്. പരുന്തുംപാറയിലെ നീലവസന്തം കാണാൻ സഞ്ചാരികൾ ഇങ്ങോട്ട് ഒഴുകുകയാണ്. ഇനി എവിടെയാണ് നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്നതെന്ന് അറിയാം
പരുന്തുംപാറയിലെ വ്യൂ പോയിന്റിന് നേരെ എതിര്‍ വശത്തുള്ള സ്ഥലത്താണ് ഇവ പൂത്തുനിൽക്കുന്നത്. സാധാരണഗതിയിൽ ഈ ഭാഗത്ത് പൂക്കൾ ഉണ്ടാകാറില്ല. അത് തന്നെയാണ് ഇത്തവണ കൂടുതൽ പേരെ ഇങ്ങോട്ട് അടുപ്പിക്കുന്നത്. ഏകദേശം രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ ഇവിടെ പൂവുണ്ടായിട്ട്. പൊതുവെ രണ്ട് മാസം വരെ ഈ പൂക്കൾ വാടാതെ നിൽക്കും. ഇപ്പോൾ തുടർച്ചയായി മഴയുള്ളതിനാൽ കൂടുതൽ ദിവസം പൂക്കൾ കൊഴിയാതെ നിൽക്കുമെന്നാണ് കരുതപ്പെടുന്നത്.

ഏത് സമയവും നീലക്കുറിഞ്ഞി കാണാൻ ഇവിടേക്ക് പോകാം. എന്നിരുന്നാലും മഴ തകർത്ത് പെയ്യുമ്പോൾ ഇവിടേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. മാത്രമല്ല ഉച്ചകഴിഞ്ഞും ഇറങ്ങേണ്ട, കാരണം കോടമൂടിയാൽ പിന്നെ വിചാരിക്കുന്ന ഭംഗിയിൽ അവ കാണാനായെന്നും സാധിക്കില്ല. ശനി, ഞായർ ദിവസങ്ങളിലും ഇങ്ങോട്ടുള്ള യാത്ര ഒഴിവാക്കാം. തിരക്കിൽ വന്ന് പെട്ടിട്ട് ഇഷ്ട കാഴ്ച മതിവരുവോളം ആസ്വദിക്കാനാകാതെ മടങ്ങേണ്ടി വന്നാലോ.
അതേസമയം പരുന്തുംപാറ കൂടാതെ കല്യാണത്തണ്ട് മലനിരകളിലും നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. ഇവിടെ മൂന്നാര് രാജമലയിൽ പൂക്കുന്ന നീലക്കുറിഞ്ഞിക്ക് സമാനമായ കുറിഞ്ഞിയാണ് പൂവിട്ടിരിക്കുന്നത്. തുടക്കത്തിൽ ചെറിയ രീതിയിലായിരുനനുവെങ്കിലും ഇപ്പോൾ മഴയിൽ ഒരു പ്രദേശത്തെയാകെ കുറിഞ്ഞി ചെടികൾ പൂവിട്ടു നിൽക്കുന്ന കാഴ്ചയാണ് കല്യാണത്തണ്ടിലുള്ളത്. ഓണമാകുന്നതോടെ ഇവിടുത്തെ മലനിരകളിലാകെ കുറിഞ്ഞി പൂക്കുമെന്നാണ് കരുതുന്നത്. ഇടുക്കി ജലശയവും അവിടുത്തെ കോടമഞ്ഞും കൂടി ആസ്വദിക്കാൻ തയ്യാറെടുക്കു വേണം കല്യാണത്തണ്ടിലേക്ക് വരാൻ. കട്ടപ്പനയിൽ നിന്ന് കല്യാണത്തണ്ടിലേക്ക് 16 കിലോമീറ്ററാണ് ദൂരം. കോട്ടയത്ത് നിന്ന് 140 കിമിയും.












Click it and Unblock the Notifications