കാനനഭംഗി ആസ്വദിച്ച് ജീപ്പ് സഫാരി; കൊല്ലംങ്കോടും കൽപ്പാത്തിയും കണ്ട് മടങ്ങാം..പാക്കേജ്
കേരളത്തിൽ ഏറ്റവും കൂടുതൽ വേനൽച്ചൂട് അനുഭവപ്പെടുന്ന ജില്ലകളിൽ ഒന്നാണ് പാലക്കാട്. അതുകൊണ്ട് തന്നെ പാലക്കാടിന്റെ പ്രകൃതിഭംഗിയും ഗ്രാമീണ കാഴ്ചകളുമൊക്കെ കണ്ട് ആസ്വദിക്കണമെങ്കിൽ ഇപ്പോൾ തന്നെ ബാഗ് പാക്ക് ചെയ്ത് വിട്ടേക്കണം. എങ്ങനെ പോകും, എപ്പോൾ പോകും എന്നൊക്കെയാണ് ആശങ്കയെങ്കിൽ കൂടുതൽ ആലോചിച്ച് കുഴപ്പിക്കേണ്ട, കൊല്ലം കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഫെബ്രുവരി പാക്കേജ് തിരഞ്ഞെടുക്കാം. അതാകുമ്പോൾ കുറഞ്ഞ ചിലവിൽ തന്നെ ജില്ലയിലെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ട് വരികയും ചെയ്യാം. അപ്പോൾ പാക്കേജിനെ കുറിച്ച് വിശദമായി നോക്കിയാലോ?
സൈലന്റ് വാലി
പാലക്കാടിന്റെ വന്യസൗന്ദര്യം ആസ്വദിക്കാനുള്ള യാത്രയാണിത്. ഏകദേശം 89 ചതുരശ്ര കിലോ മീറ്റർ ചുറ്റളവിലാണ് ഈ വനപ്രദേശം സ്ഥിതി ചെയ്യുന്നത്. കാടിന്റെ ബഹളൊന്നും ഇല്ലാതെ കാനനഭംഗി ആസ്വദിച്ച് സഫാരി നടത്താം എന്നതാണ് ഇവിടുത്തെ പ്രത്യേകത. അതുമാത്രമല്ല മലയണ്ണാന്‍, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി ഉഷ്ണ മേഖലയിലെ ജീവജന്തു ജാലകങ്ങളേയും ഈ യാത്രയിൽ സഞ്ചാരികൾക്ക് ആസ്വദിക്കാൻ സാധിക്കും.

വരിക്കാശേരി മന
ഈ പേര് കേൾക്കാത്ത മലയാളി കുറവായിരിക്കും. മലയാള സിനിമയിൽ ഒരു സമയത്ത് താരങ്ങളെക്കാൾ താരമായിരുന്നു ഈ മന. ദേവാസുരത്തെ മംഗലശേരിയായും ആറാം തമ്പുരാനിലെ കനിമംഗലം കോവിലകവും വല്ല്യേട്ടനിലെ അറക്കൽ മാധവനുണ്ണിയുടെ തറവാടായുമെല്ലാം പ്രേക്ഷകർ ഏറെ കണ്ട് കൊതിച്ച മനയാണിത്. ഒറ്റപ്പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ മന നാലുകെട്ടിലാണ് നിർമ്മിച്ചത്.
കൽപ്പാത്തി
രഥോത്സവത്തിന് പേര് കേട്ട കൽപാത്തിയും അവിടുത്തെ കാഴ്ചകളും നേരിട്ട് തന്നെ ആസ്വദിക്കണം. അഗ്രഹാരങ്ങളും കോലമെഴുത്തും അവിടുത്തുകാരുടെ ജീവിതവുമെല്ലാം വ്യത്യസ്തമാർന്ന അനുഭവമാണ് സമ്മാനിക്കുക. രഥോത്സവ നാളിൽ അല്ലെങ്കിൽ പ്രഭാതങ്ങളിലാണ് ഇവിടെ എത്തേണ്ടത്.
മലമ്പുഴ
പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴയും ഇവിടുത്തെ ഡാമും. ഭാരതപ്പുഴയുടെ പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴ നദിയ്ക്ക് കുറകെയാണ് ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടെ മനോഹരമായ റോപ് വേയും റോക്ക് ഗാർഡനുമൊക്കെ ആസ്വദിക്കാം.
പാലക്കാട് കോട്ട
തെക്കേ ഇന്ത്യയിൽ തന്നെ ഏറ്റവും മനോഹരമായി സംരക്ഷിക്കപ്പെടുന്ന കോട്ടകളിൽ ഒന്നാണ് പാലക്കാട് കോട്ട. ടിപ്പുവിന്റെ കോട്ടയെന്ന് കൂടി ഇതിന് വിളിപ്പോരുണ്ട്.
യാത്രയുടെ തിയതിയും ചെലവും അറിയാം
ഫെബ്രുവരി 12 നാണ് യാത്ര പുറപ്പെടുക. രണ്ട് ദിവസം നീണ്ട് നിൽക്കുന്നതാണ് യാത്ര. രാത്രി 9 മണിക്ക് പുറപ്പെട്ട് രണ്ടാം ദിവസം രാത്രി തിരിച്ചെത്തും. ആദ്യ ദിവസം. വരിക്കാശ്ശേരി മന, ഭാരതപ്പുഴ,കുഞ്ചൻ നമ്പ്യാർ സ്മാരകം കൽപാത്തി എന്നീ സ്ഥലങ്ങൾ കാണും. രണ്ടാം ദിനത്തിലാണ് സൈലന്റ് വാലി യാത്ര.
20 ന് പാലക്കാട്- നെല്ലിയാമ്പതി യാത്രയിൽ പാലക്കാട് കോട്ട, മലമ്പുഴ, തസ്രാക്ക്, കൊല്ലങ്കോട് ഗ്രാമം എന്നിങ്ങനെ മറ്റൊരു പാക്കേജും ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്-9747969768,9995554409












Click it and Unblock the Notifications