ചുട്ടുപൊള്ളി പാലക്കാട്, പക്ഷേ നെല്ലിയാമ്പതി ചിൽ ആണ്, കോടയും വേഴാമ്പലും..പൊളിക്കാം അവധി
പാലക്കാട് ചുട്ടുപൊള്ളുകയാണ്. ചിലയിടങ്ങളിൽ ചൂട് രേഖപ്പെടുത്തിയത് 42 ഡിഗ്രി വരെയായിരുന്നു. നിലവിൽ 39 ഡിഗ്രിയാണ് ജില്ലയിലെ ചൂട്. പുറത്തിറങ്ങാനും വീടിനുള്ളിൽ നിൽക്കാനും കഴിയുന്നില്ലെന്നാണ് ജനം ഒരുപോലെ പറയുന്നത്. എന്നാൽ ഈ കൊടും ചൂടിലും ചിൽ ആകാൻ പറ്റിയൊരിടം പാലക്കാടുണ്ട്.ഏതാണെന്നല്ലേ? നെല്ലിയാമ്പതി.
നെല്ലിയാമ്പതിയിൽ സമതലപ്രദേശങ്ങളെക്കാൾ 6 മുതൽ 10 ഡിഗ്രി വരെ കുറവ് ചൂടാണ് അനുഭവപ്പെടുന്നത്. രാവിലെയെത്തിയാൽ കോടമഞ്ഞും കാണാം. അപ്പോൾ പിന്നെ നെല്ലിയാമ്പതിയിലേക്ക് ഒരു യാത്ര ആയാലോ? ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ പങ്കിട്ട കുറിപ്പ് വായിക്കാം

'മല മുഴക്കി വേഴാമ്പലുകളുടെ നെല്ലിയാമ്പതി
പാലക്കാട് ചൂട് കൂടുതലായി തന്നെ തുടരുന്നെങ്കിലും നെല്ലിയാമ്പതിയിൽ സമതലപ്രദേശങ്ങളെക്കാൾ 6 മുതൽ 10 ഡിഗ്രി വരെ കുറവ് ചൂടാണ് അനുഭവപ്പെടുന്നത്. ഭാഗ്യമുണ്ടെങ്കിൽ രാവിലെ ചെറിയ കോടമഞ്ഞും കാണാൻ സാധിക്കും. സീതാർകുണ്ട് വ്യൂ പോയിന്റും കേശവൻ പാറയും കാരപ്പാറ വഴിയുള്ള ഡ്രൈവും മിന്നാംപാറ ഓഫ് റോഡ് ഡ്രൈവും ഒക്കെ മനോഹരമായ അനുഭവങ്ങളാണ്.
വേഴാമ്പലിന്റെ നെസ്റ്റിംഗ് ടൈം ആയതിനാൽ കാപ്പിത്തോട്ടങ്ങൾക്കും തേയിലത്തോട്ടങ്ങൾക്കും ഇടയിലൂടെ സഞ്ചരിക്കുമ്പോൾ ചിറകടിയുടെ ശബ്ദം കേട്ട് നിശബ്ദമായി ശ്രദ്ധിച്ചു പോയാൽ ഒരുപക്ഷേ വേഴാമ്പലുകളെയും കാണാൻ സാധിച്ചേക്കും. രാവിലെയും വൈകുന്നേരവും കാഴ്ചകൾ കണ്ടു സ്വസ്ഥമായ ഒരു അവധിക്കാല യാത്രയ്ക്ക് നെല്ലിയാമ്പതി നിങ്ങളെ കാത്തിരിക്കുന്നു.
പാവങ്ങളുടെ ഊട്ടി
പറമ്പിക്കുളം കടുവാസങ്കേതത്തോടു ചേർന്ന് നിൽക്കുന്ന ഈ വനപ്രദേശം സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയർത്തിലാണ് സ്ഥിതി ചെയ്യുന്നത്. ന്മാറയില്‍ നിന്ന് പോത്തുണ്ടി അണക്കെട്ട് വഴി ഏകദേശം 10 ഓളം ഹെയർ പിൻ വളവുകൾ പിന്നിട്ട് കൊണ്ടാണ് നെല്ലിയാമ്പതിയിലേക്ക് എത്തേണ്ടത്. പാലക്കാടിന്റെ അതിമനോഹരമായ സമതല കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികൾക്ക് സാധിക്കും.
ചാലക്കുടിയിൽ നിന്നും നെല്ലിയാമ്പതിയിലേക്ക്
കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ കുറഞ്ഞ ചിലവിൽ നെല്ലിയാമ്പതിയിലേക്ക് പാക്കേജ് അവതരിപ്പിക്കാറുണ്ട്. മെയ് മാസത്തിൽ ചാലക്കുടിയിൽ നിന്നും ഇവിടേക്ക് പാക്കേജ് ഉണ്ട്. രണ്ട് യാത്രകളാണ് ഉളളത്, മെയ് 18 നും 19 നും. രാവിലെ ആറരയോടെ പുറപ്പെട്ട് രാത്രി 8.30 യോടെ തിരിച്ചെത്തുന്ന തരത്തിലാണ് പാക്കേജ്. കൂടുതൽ വിവരങ്ങൾക്ക്: 9074503720, 9747557737












Click it and Unblock the Notifications