കൊടുംചൂടിലും കോടമഞ്ഞും തണുപ്പും; വേനൽ ചൂടിലും വാടാതെ യാത്ര പോകാം ഇവിടങ്ങളിലേക്ക്
യാത്ര ചെയ്യാൻ എത്ര ഇഷ്ടമുള്ളവരാണെങ്കിലും വേനൽക്കാലത്തെ യാത്രകൾ ആരേയും മടുപ്പിക്കും. ചൂടും, പൊടിയും മടുപ്പിക്കുന്ന അന്തരീക്ഷവുമൊക്കെയാകുമ്പോൾ മടുപ്പ് ഇരട്ടിക്കും. ട്രെക്കിങ്ങ് ഒക്കെയാകുമ്പോൾ പിന്നെ പറയുകയേ വേണ്ട. എന്നാൽ ഈ കൊടുംചൂടിലും കോടമഞ്ഞും തണുപ്പുമുള്ള കുറച്ച് ഇടങ്ങളിലേക്കാണ് യാത്രയെങ്കിലോ? കേരളത്തിന് പുറത്തെ കാര്യമല്ല പറയുന്നത്. വേനൽ മടുപ്പിക്കാതെ യാത്ര പോകാൻ പറ്റുന്ന നമ്മുടെ നാട്ടിലെ തന്നെ അധികമാരും പോകാത്ത സ്ഥലങ്ങളെ കുറിച്ചാണ്. ഏതൊക്കെയെന്ന് നോക്കിയാലോ
1. ഉറുതൂക്കിമല
കോഴിക്കോട് ജില്ലയിലെ സാഹസിക ലക്ഷ്യസ്ഥാനമാണ് ഉറിതൂക്കിമല. സമുദ്രനിരപ്പിൽ നിന്നും 2000ത്തോളം അടി ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. എത്ര ചൂടിലും തണുപ്പ് നിറഞ്ഞ കാലാവസ്ഥയും ഇടയ്ക്കിടെ എത്തുന്ന കോടമഞ്ഞുമാണ് ഇവിടുത്തെ പ്രത്യേകത. ചെങ്കുത്തായ പാറക്കൂട്ടങ്ങൾ ഉള്ളതിനാൽ തന്നെ വളരെ ശ്രദ്ധയോട് വേണം ഇവിടേക്ക് യാത്ര ചെയ്യാൻ.

2. ജോസ് ഗിരി
കണ്ണൂരിലെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിലൊന്നാണ് ജോസ് ഗിരി. കേരള -കർണാടക അതിർത്തിയോട് ചേർന്നാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മലയോരക്കാഴ്ചകളുടെ മനോഹരമായ വ്യൂ ആണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇവിടുത്തെ ഓഫ് റോഡ് യാത്ര ആസ്വദിക്കാനായി മറ്റ് ജില്ലകളിൽ നിന്നും ആളുകൾ എത്താറുണ്ട്. കടുത്ത വേനനലിലും കോടമഞ്ഞിറങ്ങുന്ന വൈകുന്നേരങ്ങളാണ് ജോസ് ഗിരിയുടെ പ്രത്യേകത.
3. കൊടികുത്തിമല
മലപ്പുറത്തുകാരുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് കൊടികുത്തിമല. വേനലെത്ര കടുത്താലും കൊടികുത്തമല ഉള്ളതിനാൽ മലപ്പുറംകാർക്ക് മറ്റൊരു സ്ഥലം ആലോചിക്കുകയേ വേണ്ട. പശ്ചിമഘട്ടത്തിലെ അമ്മിണിക്കാടൻ മലനിരകളിൽ ഉൾപ്പെട്ടിരിക്കുന്ന കൊടികുത്തിമല സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ മലനിരയിൽ നിന്ന് നോക്കിയാൽ താഴെ പെരിന്തൽമണ്ണ നഗരത്തിന്റെ ദൂരക്കാഴ്ച കാണാം. മാത്രമല്ല മലപ്പുറത്തേയും പാലക്കാടേയും മറ്റ് ചില സ്ഥലങ്ങൾ കൂടി സഞ്ചാരികൾക്ക് ആസ്വദിക്കാം.
4. നെല്ലിയാമ്പതി
പാലക്കാടൻ ചൂട് എത്ര കൂടിയാലും അതൊന്നും ഏശാതെ കൂളായി നിൽക്കുന്ന ഇടമാണ് നെല്ലിയാമ്പതി. 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെയാണ് കടല്‍ നിരപ്പില്‍ നിന്ന് ഈ മലനിരകളുടെ ഉയരം. പാലക്കാടന്‍ സമതലങ്ങളുടെ ചൂടില്‍ നിന്ന് നെല്ലിയാമ്പതി മലനിരകളുടെ ഈ കാഴ്ച തന്നെ കുളിര്‍മ്മയേകും.
ഈ സ്ഥലങ്ങളൊന്നും കൂടാതെ മൂന്നാർ, ഗവി, പൊൻമുടി,വാഗമൺ, തേക്കടി , മലക്കപ്പാറ, വട്ടവട തുടങ്ങി നിരവധി ഇടങ്ങൾ വേറേയും ഉണ്ട്.












Click it and Unblock the Notifications