എഐ തോറ്റുപോകുന്ന ദൃശ്യങ്ങള്‍; മലനിരകള്‍ക്കു നടുവിലൂടെ ടോയ് ട്രെയിന്‍ യാത്ര; സര്‍വസ് പുനരാരംഭിച്ചു
എഐ പോലും തോറ്റു പിന്‍മാറുന്ന പ്രകൃതി ദൃശ്യങ്ങള്‍. അതാണ് മഹാരാഷ്ട്രയിലെ മാതേരന്‍ എന്ന ഹില്‍ സ്‌റ്റേഷനില്‍ എത്തിയാല്‍ നിങ്ങള്‍ കാണുക. മലനിരകള്‍ക്കിടയിലൂടെ ടോയ് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ പച്ചപ്പു നിറഞ്ഞ മനോഹരമായ പ്രകൃതി ദൃശ്യങ്ങളും വെള്ളച്ചാട്ടവുമൊക്കെ മുന്നിലേക്കു വരും. ഇപ്പോഴിതാ മഴക്കാലം കഴിഞ്ഞതോടെ മാതേരനിലെ ടോയ് ട്രെയിന്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നവംബര്‍ ആറ് മുതലാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്.
മഴക്കാലത്ത് അപകട സാധ്യതകള്‍ ഒഴിവാക്കാന്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഈ ടോയ് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മാതേരാന്‍ എന്ന അതിമനോഹരമായ ഹില്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏക വാഹന രഹിത പ്രദേശമാണ് ഇവിടം. സമുദ്രനിരപ്പില്‍ നിന്ന് 800 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മാതേരന്‍ വനപ്രദേശങ്ങളാല്‍ സമ്പന്നമാണ്.

റായ്ഗഡിലെ നേരാല്‍ പട്ടണത്തിനും മാതേരന്‍ ഹില്‍ സ്റ്റേഷനും ഇടയിലുള്ള ഈ ടോയ് ട്രെയിന്‍ സര്‍വീസുകള്‍ യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ വരെ ഇടംപിടിച്ചിട്ടുണ്ട്. പ്രകൃതിയുടെ മനോഹരമായ പനോരമിക് കാഴ്ചകളാണ് ഈ പ്രദേശം വാഗ്ദാനം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനാണിത്.
21 കിലോമീറ്ററാണ് നേരാല്‍-മാതേരന്‍ സ്ട്രച്ചിനുള്ളത്. പ്രതിദിനം ഓരോ സ്റ്റേഷനില്‍ നിന്നും രണ്ട് വീതം സര്‍വീസുകള്‍ ഉള്‍പ്പെടെ അങ്ങോട്ടുമിങ്ങോട്ടും നാല് സര്‍വീസുകളാണ് നടത്തുന്നത്. നേരാലില്‍ നിന്ന് ആദ്യത്തെ ടോയ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് രാവിലെ 8.50 നാണ്. രണ്ടാമത്തെ സര്‍വീസ് ആരംഭിക്കുന്നത് രാവിലെ 10.25-നും. മാതേരനില്‍ നിന്നുള്ള മടക്കയാത്ര ഉച്ചയ്ക്ക് 2.45നും വൈകിട്ട് നാലിനും ആണ്. വനമേഖലയിലൂടെയും മലനിരകള്‍ക്കിടയിലൂടെയുമുള്ള ഈ യാത്ര ഓരോ സഞ്ചാരിക്കും അവിസ്മരണീയമായ കാഴ്ചാനുഭവമാണ് സംഭാവന ചെയ്യുന്നത്.
ഈ ടോയ് ട്രെയിനുകള്‍ക്ക് പുറമെ, അമന്‍ ലോഡ്ജിനും മാതേരനും ഇടയിലുള്ള ഷട്ടില്‍ സര്‍വീസുകളും ദിവസേനയുണ്ടാകും. തിങ്കള്‍ മുതല്‍ വെള്ളി വരെ മതേരനും അമന്‍ ലോഡ്ജിനും ഇടയില്‍ ആറ് ഷട്ടില്‍ സര്‍വീസുകളാണുള്ളത്. ഞായറാഴ്ചകളിലും ശനിയാഴ്ചകളിലും രണ്ടെണ്ണം കൂടി ഉണ്ടാകുമെന്ന് റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.
സെക്കന്‍ഡ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, വിസ്റ്റാഡോം കോച്ചുകള്‍ എന്നിവ ട്രെയിനില്‍ ഉള്‍ക്കൊള്ളുന്നു. ഇവയുടെ ടിക്കറ്റ് നിരക്കിലും വ്യത്യാസമുണ്ടാകും. പശ്ചിമ ഘട്ടത്തിന്റെ മനോഹരമായ കാഴ്ചകളാണ് യാത്രക്കാര്‍ക്ക് ടോയ് ട്രെയിന്‍ യാത്ര സമ്മാനിക്കുന്നത്. ഏഴ് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മാതേരനില്‍ 4,000 ആളുകള്‍ മാത്രമാണ് താമസിക്കുന്നത്.












Click it and Unblock the Notifications