വീണ്ടുമൊരു വന്ദേഭാരത് കൂടി; ദീർഘകാല ആവശ്യത്തിന് റെയിൽവേയുടെ പച്ചക്കൊടി,ഡൽഹി യാത്ര എളുപ്പമാകും
ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ സെമി-ഹൈ-സ്പീഡ് ട്രെയിൻ ആണ് വന്ദേഭാരത്. വേഗത്തിലുള്ള യാത്ര, ആധുനിക സൗകര്യങ്ങൾ, മികച്ച യാത്രാനുഭവം എന്നിവയെല്ലാമാണ് വന്ദേഭാരതിനെ യാത്രക്കാർക്ക് പ്രീയപ്പെട്ടതാക്കുന്നത്. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ കൂടുതൽ വന്ദേഭാരതുകൾ വേണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്. അതിനിടയിൽ ഇപ്പോഴിതാ രാജസ്ഥാന്റെ ആവശ്യത്തിന് പച്ചക്കൊടി വീശിയിരിക്കുകയാണ് റെയിൽവെ. സംസ്ഥാനത്തിന് ലഭിക്കുന്ന അഞ്ചാമത്തെ വന്ദേഭാരത് ആയിരിക്കും ഇത്. കൂടുതൽ വിശദമായി നോക്കാം
ഡൽഹി-ബിക്കാനീർ റൂട്ടിലാണ് പുതിയ വന്ദേഭാരത് സർവ്വീസ് നടത്തുക. ബിക്കാനീർ എംപിയും കേന്ദ്ര നിയമ-നീതി സഹമന്ത്രിയുമായ അർജുൻ റാം മേഘ്‌വാൾ ആണ് പുതിയ സർവ്വീസിനെ കുറിച്ച് പ്രഖ്യാപിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അയച്ച ഔദ്യോഗിക കത്ത് തന്റെ എക്സ് ഹാൻഡിലിലൂടെ മന്ത്രി പങ്കുവെയ്ക്കുകയായിരുന്നു. പുതിയ വന്ദേഭാരത് യാത്രാ സമയം കുറയ്ക്കുമെന്നും യാത്ര കൂടുതൽ സുഖകരമാക്കുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.

പുതിയ സർവീസ് വിനോദസഞ്ചാരം, വ്യാപാര-വാണിജ്യ പ്രവർത്തനങ്ങൾ, വ്യവസായവൽക്കരണം എന്നിവയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിക്കും ബിക്കാനീറിനും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിനിന്റെ ലോഞ്ച് ഈ മേഖലയിലെ ജനങ്ങൾക്ക് ലഭിക്കുന്ന വലിയ സമ്മാനമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത് ദൈനംദിന യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനൊപ്പം വിനോദസഞ്ചാരത്തിനും വ്യാവസായിക വികസനത്തിനും പുതിയ ഊർജ്ജം നൽകും. ബിക്കാനീറിലെ റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനവും പുരോഗമിക്കുകയാണ്, ഇത് മേഖലയുടെ സമഗ്ര വികസനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
രാജസ്ഥാനിൽ നിലവിൽ നാല് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. 20977 അജ്മേർ-ചണ്ഡീഗഡ് വന്ദേ ഭാരത് എക്സ്പ്രസ്, 20980 ജയ്പൂർ-ഉദയ്പൂർ സിറ്റി വന്ദേ ഭാരത് എക്സ്പ്രസ്, 12461 ജോധ്പൂർ-സബർമതി വന്ദേ ഭാരത് എക്സ്പ്രസ്, 20981 ഉദയ്പൂർ-ആഗ്ര കാന്റ് വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ് ഈ ട്രെയിനുകൾ.
സൂപ്പർഹിറ്റാണ് വന്ദേങാരത്
2021 ൽ അവതരിപ്പിച ഈ സെമി സ്പീഡ് ട്രെയിനുകൾ രാജ്യത്ത് സൂപ്പർഹിറ്റാണ്. 100 ശതമാനമാണ് ട്രെയിനുകളുടെ ഒക്യുപെൻസി റേറ്റ് എന്നാണ് കഴിഞ്ഞ ദിവസം റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചത്. 2024-25 സാമ്പത്തിക വർഷത്തിൽ വന്ദേ ഭാരത് ട്രെയിനുകളുടെ മൊത്തം ഒക്യുപ്പൻസി 102.01 ശതമാനമായിരുന്നു. നിലവിൽ അത് (2025 ജൂൺ വരെ) 105.03 ശതമാനമായി ഉയർന്നു. 2024-25, 2025-26 (ജൂൺ 2025 വരെ) സാമ്പത്തിക വർഷങ്ങളിലെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ മൊത്തം ഒക്യുപ്പൻസി യഥാക്രമം 102.01%, 105.03% എന്നിങ്ങനെയാണെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.












Click it and Unblock the Notifications