ആള്‍ക്കൂട്ടത്തില്‍ പുതുവത്സരം ആഘോഷിക്കാന്‍ താല്‍പര്യമില്ലേ; എങ്കില്‍ ശാന്തമായ ഈ സ്ഥലങ്ങളിലേക്കു പോകാം
പുതുവര്‍ഷത്തിന്റെ ആരവങ്ങളിലേക്കു ലോകം ഉണരുമ്പോള്‍, ചിലര്‍ക്കെങ്കിലും ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്‍ നിന്ന് മാറിനില്‍ക്കാനാകും മോഹം. ഡിസംബര്‍ മുപ്പത്തിയൊന്നിന് രാത്രി കാതടിപ്പിക്കുന്ന സംഗീതവും ആള്‍ക്കൂട്ടവും ഗതാഗതക്കുരുക്കും മൊബൈല്‍ ഫോണുകളുടെ ഫ്‌ളാഷ് വെളിച്ചവും ഒന്നുമില്ലാതെ മനസിനെ സ്വസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രകൃതി കരുതിവെച്ച ചില ശാന്തസുന്ദരമായ ഇടങ്ങളുണ്ട്. തിരക്കുകളില്ലാതെ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുന്ന സ്വപ്നഭൂമികളിലൂടെ ഒരു യാത്ര പോയാലോ?
അരുണാചല്‍ പ്രദേശിലെ സിറോ വാലി പുതുവര്‍ഷം ശാന്തമായി ആഘോഷിക്കാന്‍ പറ്റിയ ഇടങ്ങളില്‍ ഒന്നാണ്. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ താഴ്വര സ്വര്‍ഗമാണ്. നഗരത്തിന്റെ പുറംമോടികളില്ലാത്ത ഇവിടെ ജീവിതം വളരെ സാവധാനത്തിലാണ് ഒഴുകുന്നത്. മഞ്ഞും കുളിരുമുള്ള മനോഹരമായ ഏകാന്തതയില്‍, നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിന് താഴെ തീ കാഞ്ഞും പരമ്പരാഗത ഭക്ഷണത്തിന്റെ രുചിയറിഞ്ഞും പുതുവര്‍ഷത്തെ വരവേല്‍ക്കാം.

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കടല്‍ത്തീരങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ ഏറെയാണ്. ഇതിനായി ഗോവയാണ് മിക്കവരും തിരഞ്ഞെടുക്കുന്ന സ്ഥലം. എന്നാല്‍ അനിയന്ത്രിതമായ തിരക്കാണ് ഇവിടുത്തെ പ്രശ്‌നം. ഗോവയിലെ തിരക്ക് വേണ്ട എന്നുള്ളവര്‍ക്ക് അനുയോജ്യമായ സ്ഥമാണ് കര്‍ണാടകയിലെ ഗോകര്‍ണ നഗരം. ഇവിടുത്തെ കുഡ്ലെ ബീച്ചിന്റെ വിദൂര കോണുകളും ഹാഫ് മൂണ്‍ ബീച്ചും ശാന്തതയുടെ തുരുത്തുകളാണ്. തിരമാലകളുടെ സംഗീതം കേട്ടും പാറക്കെട്ടുകള്‍ക്ക് പിന്നില്‍ മറയുന്ന അസ്തമയ സൂര്യന് സാക്ഷിയായും പുതുവര്‍ഷത്തെ വരവേല്‍ക്കാം.
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങിലെ കലിംപോങ് എന്ന സുന്ദരഭൂമി തിരക്കുകളില്‍ നിന്ന് ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ്. മനോഹരമായ ബുദ്ധ ആശ്രമങ്ങളും ഓര്‍ക്കിഡ് തോട്ടങ്ങളും ഹിമാലയത്തിന്റെ വിശാലമായ കാഴ്ചകളും ഈ നഗരത്തെ ഒരു ധ്യാനകേന്ദ്രം പോലെയാക്കുന്നു. തിരക്കില്ലാത്ത റോഡുകളും കൊച്ചു കഫേകളും ആത്മപരിശോധനയോടെ ഒരു വര്‍ഷം അവസാനിപ്പിക്കാന്‍ നിങ്ങളെ സഹായിക്കും.
ചരിത്രത്തെ അനുസ്മരിപ്പിക്കുന്ന ഓര്‍ച്ചയാണ് മറ്റൊരു ശാന്തമായ ഇടം. മധ്യപ്രദേശിലെ ബെത്വ നദിക്കരയിലിരുന്ന് പുരാതന കോട്ടകളുടെയും സ്മാരകങ്ങളുടെയും പശ്ചാത്തലത്തില്‍ പുതുവര്‍ഷത്തെ സ്വീകരിക്കാം. ശൈത്യകാലത്തെ ഇളം വെയിലേറ്റു കിടക്കുന്ന കൊട്ടാരങ്ങളും നദീതീരത്തെ സായാഹ്ന ആരതിയും മനസിന് നല്‍കുന്ന ശാന്തി വാക്കുകള്‍ക്ക് അതീതമായ അനുഭവമാണ് സമ്മാനിക്കുന്നത്. ആരവങ്ങളില്ലാതെ, തിരക്കുകളില്ലാതെ, ഫോണുകളുടെ ഫ്‌ളാഷ് ലൈറ്റുകളുടെ ശല്യമില്ലാതെ പുതുവര്‍ഷം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും ഓര്‍ച്ച ഒരു പുത്തന്‍ അനുഭവം വാഗ്ദാനം ചെയ്യുന്നു.
ഹിമാചല്‍ പ്രദേശിലെ ഖജ്ജിയാറും ചമ്പയും ശൈത്യകാലത്ത് ഒരു യക്ഷിക്കഥയിലെ രംഗങ്ങള്‍ പോലെ മനോഹരമാണ്. ദേവദാരു മരങ്ങള്‍ക്കിടയിലൂടെ വീശുന്ന കാറ്റിന്റെ മര്‍മ്മരം മാത്രം കേള്‍ക്കാവുന്ന നിശബ്ദതയില്‍, വെളുത്ത മഞ്ഞുപുതച്ച പുല്‍മേടുകളില്‍ ഇരുന്ന് പുതുവര്‍ഷത്തെ സ്വീകരിക്കാം. തണുപ്പിനെ അകറ്റാന്‍ ഒരു കപ്പ് ചൂടുചായയും കമ്പിളി വസ്ത്രങ്ങളുമായി ഹിമാലയത്തിന്റെ മടിത്തട്ടില്‍ സമാധാനമായി ഇരുന്ന് അടുത്ത വര്‍ഷത്തേക്കുള്ള ഗോളുകള്‍ സെറ്റ് ചെയ്യാം.












Click it and Unblock the Notifications