ന്യൂസിലാന്റ് ഒന്ന് കറങ്ങിയാലോ; ജോലി ചെയ്യാം, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണാം, 28000 രൂപ മതി
വെല്ലിങ്ടണ്‍: ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യമായ ന്യൂസിലാന്റിലേക്ക് അടുത്ത കാലത്തായി നിരവധി പേര്‍ യാത്ര പോകുന്നുണ്ട്. വിസിറ്റ് വിസയില്‍ ന്യൂസിലാന്റ് സന്ദര്‍ശിക്കാനും റിമോട്ട് വര്‍ക്ക് ചെയ്യാനും ഇപ്പോള്‍ അവസരമുണ്ട്. ന്യൂസിലാന്റിലെ കമ്പനിയിലോ അവിടെയുള്ള സ്ഥാപനങ്ങളിലോ ജോലി ചെയ്യാന്‍ സാധിക്കില്ല. പുറംരാജ്യങ്ങളിലെ ജോലി ചെയ്യാം.
നിലവിലുള്ള ജോലി രാജിവച്ച് ന്യൂസിലാന്റിലേക്ക് പോകണം എന്നില്ല. ജോലി ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് ആ ജോലി തുടര്‍ന്നുകൊണ്ടുതന്നെ വിസിറ്റ് വിസയില്‍ ന്യൂസിലാന്റില്‍ പോകാം. വിനോദ സഞ്ചാരം എന്ന ലക്ഷ്യത്തോടെയാകണം ന്യൂസിലാന്റിലേക്കുള്ള യാത്ര. കൂടെ നിലവിലുള്ള ജോലി ചെയ്യുന്നതില്‍ തടസമുണ്ടാകുകയുമില്ല.

AI Generated Image
മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ ആറ് മാസം വരെ ന്യൂസിലാന്റില്‍ താമസിക്കാന്‍ സാധിക്കും. ഒറ്റത്തവണ പ്രവേശിക്കാന്‍ സാധിക്കുന്ന വിസയില്‍ ഒമ്പത് മാസം വരെയും താമസിക്കാം. സന്ദര്‍ശനകാലത്ത് ഹൃസ്വകാല പഠനവും സാധ്യമാണ്. ചില രാജ്യങ്ങള്‍ക്ക് ന്യൂസിലാന്റ് വിസ ഇല്ലാതെ യാത്ര അനുവദിക്കുന്നുണ്ട്. അത്തരം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ തടസങ്ങളുണ്ടാകില്ല.
എത്ര രൂപയുടെ വരുമാനമാണ് വേണ്ടത്
ന്യൂസിലാന്റിന്റെ എമിഗ്രേഷന്‍ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വിസിറ്റ് വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. ന്യൂസിലാന്റില്‍ താമസിക്കുന്ന കാലത്തേക്ക് കാലപരിധിയുള്ള പാസ്‌പോര്‍ട്ട് ആവശ്യമാണ്. മടക്കയാത്രയ്ക്കുള്ള വിമാനടിക്കറ്റ് ഉണ്ടായിരിക്കണം. പ്രതിമാസം 51400 രൂപ (1000 ന്യൂസിലാന്റ് കറന്‍സി) വരുമാനം ആവശ്യമാണ്. താമസ സൗകര്യമുണ്ടെങ്കില്‍ 400 ന്യൂസിലാന്റ് ഡോളര്‍ വരുമാനം മതിയാകും.
വിസിറ്റിങ് വിസയുടെ അപേക്ഷ ഫീസ് 22655 രൂപയാണ്. ടൂറിസം ലെവി ആയി 5140 രൂപയും അടയ്ക്കണം. അതായത് മൊത്തം 27795 രൂപയാണ് ഫീസ് ഇനത്തില്‍ ചെലവ് വരിക. അതേസമയം, വിസ വേണ്ടാത്ത രാജ്യമാണെങ്കില്‍ ന്യൂസിലാന്റ് ഇലക്ട്രോണിക് ട്രാവര്‍ അതോറിറ്റി ഫീസ് 874 രൂപയും വെബ്‌സൈറ്റ് ഫീസ് 1182 രൂപയും ലെവി ആയി 5140 രൂപയും വേണ്ടി വരും. മൊത്തം 6322 രൂപ.
ഇന്ത്യക്കാര്‍ക്ക് ന്യൂസിലാന്റ് ഇളവ് നല്‍കുന്നില്ല
എല്ലാ രേഖകളും സമര്‍പ്പിച്ച് അപേക്ഷ സമര്‍പ്പിച്ചാല്‍ മൂന്നര ആഴ്ചയ്ക്കകം വിസ അനുവദിക്കും. ഇന്ത്യയ്ക്കാര്‍ക്ക് ന്യൂസിസാന്റ് വിസ രഹിത യാത്ര അനുവദിക്കുന്നില്ല. അതേസമയം, അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങൡ നിന്നുള്ളവര്‍ക്ക് ഇളവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ക്ക് നേരത്തെ വിസ തരപ്പെടുത്തിയ ശേഷമേ യാത്ര ചെയ്യാന്‍ സാധിക്കൂ.
വിസിറ്റ് വിസയില്‍ എത്തിയ ശേഷം ന്യൂസിലാന്റിലെ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യാന്‍ സാധിക്കില്ല. പുറംരാജ്യങ്ങളിലെ റിമോട്ട് ജോലികള്‍ ചെയ്യാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണെങ്കില്‍ മറ്റു രാജ്യങ്ങളിലേക്ക് യാത്ര പോകാനും തിരിച്ചുവരാനും അനുമതിയുണ്ടാകും. ആറ് മാസത്തേക്കാള്‍ കൂടുതല്‍ ന്യൂസിലാന്റില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വൈദ്യപരിശോധന രേഖ വേണം.












Click it and Unblock the Notifications