തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് മാത്രമല്ല, ഈ വന്ദേഭാരതുകളും സൂപ്പർ ഹിറ്റ്
ദക്ഷിണേന്ത്യയിലെ റെയിൽവേ യാത്രകളിലെ പുതിയ മുഖമായി മാറിക്കൊണ്ടിരിക്കുകയാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ. ഒരിക്കൽ മണിക്കൂറുകളോളം എടുത്തിരുന്ന നഗരാന്തര യാത്രകൾ വന്ദേഭാരതിൻ്റെ വരവോടെ കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമായി മാറിയിരിക്കുകയാണ്.
കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കോ ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കോ തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിലേക്കോ പോകുന്ന യാത്രകൾ ഇപ്പോൾ കൂടുതൽ എളുപ്പവും സുഖകരവുമായി. വിമാനയാത്രയുടെ സ്പീഡും ട്രെയിൻ യാത്രയുടെ സൗകര്യവും ഒരുമിച്ച് നൽകുന്ന അനുഭവമാണ് വന്ദേ ഭാരത് യാത്രകൾ യാത്രക്കാർക്ക് നൽകുന്നത്.

കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകൾ ഇന്ന് ദക്ഷിണേന്ത്യയിലെ യാത്രാ രീതികളെ തന്നെ മാറ്റിമറിക്കുകയാണ്. തീരദേശ പാതകൾ മുതൽ ക്ഷേത്ര നഗരങ്ങളിലേക്കും ഐടി നഗരങ്ങളിലേക്കും മലയോര മേഖലകളിലേക്കും വരെ അതിവേഗ ബന്ധം സൃഷ്ടിച്ച ഈ ട്രെയിനുകൾ യാത്രക്കാരുടെ പ്രിയ സർവീസുകളായി മാറിയിട്ടുണ്ട്.
കേരളത്തിലെ മാത്രം 3 വന്ദേഭാരതുകൾ സർവ്വീസ് നടത്തുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സർവീസുകളിൽ ഒന്നാണ് തിരുവനന്തപുരം-കാസർഗോഡ് വന്ദേ ഭാരത്. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിലേക്ക് ഏകദേശം 574 കിലോമീറ്റർ ദൂരം എട്ട് മണിക്കൂറുകൊണ്ടാണ് ട്രെയിൻ പിന്നിടുന്നത്. കായലുകളും പച്ചപ്പും നിറഞ്ഞ കേരളത്തിന്റെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ടുള്ള യാത്ര ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. ദക്ഷിണ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് സർവീസുകളിലൊന്ന് കൂടിയാണിത്.
തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് സർവീസും യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ആലപ്പുഴ പോകുന്ന ഈ ട്രെയിൻ ഏകദേശം 619 കിലോമീറ്റർ ദൂരം 8 മണിക്കൂർ 35 മിനിറ്റിനുള്ളിലാണ് ട്രെയിൻ പിന്നിടുന്നത്.
തമിഴ്നാട്ടിൽ തിരുനെൽവേലി-ചെന്നൈ വന്ദേ ഭാരത് ആണ് ഏറെ ജനപ്രിയം. മധുര, ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി, വില്ലുപുരം എന്നീ സ്ഥലങ്ങളിലൂടെയാണ് യാത്ര. ചെന്നൈ-വിജയവാഡ വന്ദേ ഭാരത് തമിഴ്നാടിനെയും ആന്ധ്രാപ്രദേശിനെയും അതിവേഗത്തിൽ ബന്ധിപ്പിക്കുന്ന പ്രധാന സർവീസാണ്. 455 കിലോമീറ്റർ ദൂരം വെറും 6 മണിക്കൂർ 40 മിനിറ്റിൽ പിന്നിടുന്ന ഈ ട്രെയിൻ റെനിഗുണ്ട, നെല്ലൂർ, ഒങ്കോൾ, തെന്നാലി ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു. വ്യാപാര ആവശ്യങ്ങൾക്കും വിനോദയാത്രകൾക്കും ഈ റൂട്ട് ഏറെ പ്രയോജനകരമാണ്.
ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് വ്യവസായ മേഖലയിലെ യാത്രക്കാർക്ക് ഏറെ ആശ്വാസമായ സർവീസാണ്. സേലം, ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുള്ള ഈ ട്രെയിൻ തുണി വ്യവസായ മേഖലയിലെ ബിസിനസ് യാത്രക്കാർക്കിടയിൽ വളരെ ജനപ്രിയമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലെത്താൻ കഴിയുന്നതാണ് പ്രധാന ആകർഷണം.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സർവീസായ ചെന്നൈ-മൈസൂരു ട്രെയിൻ ഇപ്പോഴും രാജ്യത്തെ ഏറ്റവും വിജയകരമായ സർവീസുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ചെന്നൈ, ബെംഗളൂരു, മൈസൂരു എന്നീ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത ഐടി പ്രൊഫഷണലുകൾക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ്.
കർണാടകയിൽ കലബുറഗി-ബെംഗളൂരു വന്ദേ ഭാരത് വടക്കൻ കർണാടകയെയും സംസ്ഥാന തലസ്ഥാനത്തെയും വേഗത്തിൽ ബന്ധിപ്പിക്കുന്നു. റായ്ച്ചൂർ, ഗുണ്ടക്കൽ, അനന്തപൂർ, യെലഹങ്ക എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഇത് വലിയ സഹായമായി മാറിയിട്ടുണ്ട്.
ബെംഗളൂരു-ബെളഗാവി വന്ദേ ഭാരത് കഴിഞ്ഞ വർഷം ആരംഭിച്ചെങ്കിലും ഇതിനോടകം തന്നെ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. തുമകുരു, ദാവനഗെരെ, ഹുബ്ബള്ളി, ധാർവാഡ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഈ ട്രെയിൻ 611 കിലോമീറ്റർ ദൂരം ഏകദേശം 8 മണിക്കൂർ 15 മിനിറ്റിനുള്ളിൽ പിന്നിടുന്നു.
അതേസമയം ബെംഗളൂരു-ധാർവാഡ് സർവീസ് ഐടി മേഖലയിലും ബിസിനസ് യാത്രക്കാർക്കിടയിലും വലിയ സ്വീകാര്യത നേടിയ സർവ്വീസാണ്. വെറും 6 മണിക്കൂർ 25 മിനിറ്റിൽ 489 കിലോമീറ്റർ ദൂരം പിന്നിടുന്ന ഈ ട്രെയിൻ നഗരാന്തര യാത്രകളെ കൂടുതൽ എളുപ്പമാക്കി.
ആന്ധ്രാപ്രദേശും തെലങ്കാനയും ബന്ധിപ്പിക്കുന്ന വിശാഖപട്ടണം-സെക്കന്തരാബാദ് വന്ദേ ഭാരത് ദക്ഷിണേന്ത്യയിലെ തിരക്കേറിയ പാതകളിലൊന്നാണ്. വിനോദസഞ്ചാരികളും വാരാന്ത്യ യാത്രക്കാരും കൂടുതലായി ആശ്രയിക്കുന്ന സർവീസായിത് മാറിയിട്ടുണ്ട്.
സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് തീർത്ഥാടകർക്ക് ഏറെ ആശ്വാസമാണ്. നൽഗൊണ്ട, ഗുണ്ടൂർ, ഒങ്കോൾ, നെല്ലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുള്ള ഈ ട്രെയിൻ തെലങ്കാനയിൽ നിന്ന് തിരുപ്പതിയിലേക്ക് വേഗത്തിൽ എത്താൻ സഹായിക്കുന്നു.
കേരളത്തിനും കർണാടകത്തിനുമിടയിലെ പ്രധാന സർവ്വീസാണ് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് സർവീസ്. കൊച്ചിയെയും ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ ഐടി പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. പുതിയ സർവീസായിട്ടും ഉയർന്ന യാത്രാനിരക്കാണ് ഈ ട്രെയിനിനുള്ളത്.












Click it and Unblock the Notifications