വന്ദേഭാരത് അല്ല; ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിന്‍ ഇതാണ്, ടിക്കറ്റ് നിരക്ക്, റൂട്ട് അറിയാം
ന്യൂഡല്‍ഹി: എക്‌സ്പ്രസ്, മെയില്‍, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങി വിവിധ തരം ട്രെയിനുകള്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നുണ്ട്. രാജധാനി, ശതാബ്ദി, വന്ദേഭാരത് എക്‌സ്പ്രസുകളും കേട്ടുപരിചയിച്ചതാണ്. വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ ഇന്ത്യന്‍ റെയില്‍വെയുടെ താരം. 150ഓളം വന്ദേഭാരതുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് വന്ദേഭാരതുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുകയാണ്.
എന്നാല്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെടുന്നതല്ല കോര്‍പറേറ്റ് ട്രെയിനുകള്‍. സ്വകാര്യ പങ്കാളിത്തത്തോടെ ഐആര്‍സിടിസിയുടെ മേല്‍ന്നോട്ടത്തില്‍ സര്‍വീസ് നടത്തുന്നതാണ് ഇത്തരം ട്രെയിനുകള്‍. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് കോര്‍പറേറ്റ് ട്രെയിനുകളിലെ സൗകര്യം വിപുലമായിരിക്കും. സ്വാഭാവികമായും ടിക്കറ്റ് നിരക്കും വര്‍ധിക്കും. ഇന്ത്യയിലെ ആദ്യത്തെ കോര്‍പറേറ്റ് ട്രെയിന്‍ ആയ തേജസ് എക്‌സ്പ്രസിനെ കുറിച്ച് അറിയാം...

തേജസ് എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്ന മലയാളികള്‍ കുറവാണ്. കാരണം, കേരളത്തില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നില്ല. മംഗലാപുരം-കോയമ്പത്തൂര്‍ റൂട്ടില്‍ തേജസ് സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും നടപ്പായില്ല. ഉയര്‍ന്ന സൗകര്യവും സ്റ്റോപ്പുകള്‍ കുറവുമായിരിക്കും ഈ ട്രെയിനിന്. അതിവേഗം ലക്ഷ്യത്തിലെത്താനും സാധിക്കും.
സ്വകാര്യ കമ്പനികളുടെ സഹായത്തോടെ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം (ഐആര്‍സിടിസി) ആണ് തേജസ് എക്‌സ്പ്രസ് നിയന്ത്രിക്കുന്നത്. ട്രെയിനിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, എഞ്ചിനുകള്‍ എന്നിവയെല്ലാം റെയില്‍വെ ലഭ്യമാക്കുന്നു. റെയില്‍വെ പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) പദ്ധതിയില്‍ ആദ്യം സര്‍വീസ് ആരംഭിച്ച ട്രെയിന്‍ ആണ് തേജസ് എക്‌സ്പ്രസ്.
ആദ്യ സര്‍വീസ് ആരംഭിച്ചത് ഈ റൂട്ടില്‍
2019ല്‍ ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് ആണ് തേജസ് എക്‌സ്പ്രസ് ആദ്യ സര്‍വീസ് തുടങ്ങിയത്. മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് രണ്ടാമത്തെ സര്‍വീസ് ആരംഭിച്ചു. മറ്റു ട്രെയിനുകള്‍ പോകുന്ന പാളത്തില്‍ കൂടി തന്നെയാണ് തേജസ് എക്‌സ്പ്രസും സര്‍വീസ് നടത്തുന്നത്. കാറ്ററിങ്, ട്രെയിനിലെ സേവനങ്ങള്‍ എന്നിവയെല്ലാം ഐആര്‍സിടിസിയാണ് നോക്കുന്നത്.
വിമാനത്തില്‍ പോകുന്ന പ്രതീതിയാണ് തേജസ് എക്‌സ്പ്രസിലെ യാത്ര. വൈകിയാല്‍ നഷ്ടപരിഹാരം, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവയെല്ലാം ലഭ്യമാണ്. സിസിടിവി, എല്‍സിഡി, ഓട്ടോമേറ്റഡ് വാതിലുകള്‍, ബയോ ടോയ്‌ലറ്റുകള്‍ എന്നിവയുമുണ്ട്. ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കാണ്‍പൂരിലും ഗാസിയാബാദിലും മാത്രമാണ് സ്റ്റോപ്പുള്ളത്.
ലഖ്‌നൗവില്‍ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന തേജസ് എക്‌സ്പ്‌സസ് ഉച്ചയ്ക്ക് 12.25ന് ഡല്‍ഹിയിലെത്തും. എസി കോച്ചിലെ യാത്രയ്ക്ക് 1280 രൂപയും എക്‌സിക്യൂട്ടീവ് കോച്ചിലെ യാത്രയ്ക്ക് 2450 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സീസണ്‍ അടിസ്ഥാനത്തില്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം വരാനും സാധ്യതയുണ്ട്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 4325 രൂപയാണ്. മുംബൈ ഗോവ, ചെന്നൈ മധുര, പട്‌ന ഡല്‍ഹി എന്നീ റൂട്ടുകളിലും തേജസ് സര്‍വീസുണ്ട്. സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ഭാരത് ഗൗരവ് ട്രെയിന്‍ രാജ്യത്തെ മറ്റൊരു കോര്‍പറേറ്റ് ട്രെയിന്‍ ആണ്.












Click it and Unblock the Notifications