ഇനി വന്ദേ ഭാരതത്തില്‍ കിടന്നു പോകാം: ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ എപ്പോള്‍ എത്തും? മറുപടിയുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: യാത്രക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍. നിരവധി അത്യാധുനിക സവിശേഷതകളോടെയാണ് സ്ലീപ്പര്‍ ട്രെയിന്‍ എത്തുന്നത്. യൂറോപ്യന്‍ ട്രെയിനുകളുടെ ഡിസൈന്‍ അനുകരിച്ചുള്ള സവിശേഷതകളാണ് ഈ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിമാനത്തിലെ ശുചിമുറി പോലെയുള്ള മോഡുലാര്‍ ബയോ വാക്വം ടോയ്ലറ്റുകള്‍ ട്രെയിനിന്റെ പ്രത്യേകതയാണ്.
ഇപ്പോഴിതാ ട്രെയിന്‍ യാത്രക്കാരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അടുത്തമാസം ആരംഭിക്കുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗുജറാത്തിലെ ഭാവ്‌നഗര്‍ ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ റെയില്‍വേ വലിയ പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇത് ഉടന്‍തന്നെ കമ്മീഷന്‍ ചെയ്യും.
മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ വരുന്നതോടെ രണ്ടു നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം വെറും രണ്ടു മണിക്കൂര്‍ ഏഴ് മിനിറ്റായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സെപ്റ്റംബറില്‍ എന്ന് പുറത്തിറക്കുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല. ആദ്യ ട്രെയിനിന്റെ റൂട്ടും ഇതുവരെ അന്തിമമാക്കിയിട്ടില്ല. എന്തായാലും കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിനുള്ള കാത്തിരിപ്പിലാണ്.
വേഗത, സുരക്ഷ, യാത്രാ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ രാജധാനി എക്‌സ്പ്രസ് ട്രെയിനിനേക്കാള്‍ ഏറെ മുന്നിലാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍. ഈ ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും.
യുഎസ്ബി ചാര്‍ജിങ് സൗകര്യം, വിഷ്വല്‍ ഡിസ്‌പ്ലേകളുള്ള പബ്ലിക് അനൗണ്‍സ്മെന്റ്, രാത്രിയില്‍ പ്രത്യേക പ്രകാശം, ഓരോരുത്തര്‍ക്കും വായിക്കാനുള്ള ലൈറ്റുകള്‍, മോഡുലാര്‍ പാന്‍ട്രികള്‍, ഓട്ടോമാറ്റിക് ഇന്റര്‍കണക്റ്റിങ് ഡോറുകള്‍, ലഘുഭക്ഷണത്തിനുള്ള ടേബിളുകള്‍ തുടങ്ങിയ മെച്ചപ്പെട്ട സൗകര്യങ്ങളാണ് ട്രെയിനിലുള്ളത്. സാധാരണ ട്രെയിനുകളേക്കാള്‍ സുരക്ഷയും കൂടുതലാണ്.
എല്ലാ കോച്ചുകളിലും സിസിടിവി നിരീക്ഷണ ക്യാമറകള്‍, ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി പ്രത്യേക ബെര്‍ത്തുകള്‍, ടോയ്ലറ്റുകള്‍, കുഞ്ഞുങ്ങളുടെ ഡയപ്പര്‍ മാറ്റുന്നതിനുള്ള സ്റ്റേഷന്‍ എന്നിവയുമുണ്ട്. ഫസ്റ്റ് എസി യാത്രക്കാര്‍ക്കായി കുളിക്കാന്‍ ചൂടുവെള്ളത്തിനുള്ള സൗകര്യവും ട്രെയിനിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാരനും ലോക്കോ പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തിനായി എമര്‍ജന്‍സി ടോക്ക്-ബാക്ക് യൂണിറ്റുകള്‍ ഉണ്ടായിരിക്കും.












Click it and Unblock the Notifications