ബാഗ് പാക്ക് ചെയ്തോളൂ; പുഷ്പമേളയ്ക്കൊരുങ്ങി ഊട്ടി, ഇക്കുറി പൂക്കൾ കണ്ട് കണ്ണ് തള്ളും
ഊട്ടി കാണാൻ പോകുന്ന സഞ്ചാരികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാഴ്ചയാണ് ഊട്ടിയിലെ പുഷ്പമേള. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും പൂക്കൾ തീർക്കുന്ന വിസ്മയ കാഴ്ച കാണാൻ സഞ്ചാരികൾ എത്താറുണ്ട്. ഈ വർഷത്തെ ഊട്ടി പുഷ്പമേള മേയ് 10 നാണ് ആരംഭിക്കുന്നത്. 20 വരെ നീണ്ടുനിൽക്കുന്ന പുഷ്പമേളയിൽ പല അത്ഭുതങ്ങളും സഞ്ചാരികൾക്കായി കാത്തിരിപ്പുണ്ട്.
ഇതാദ്യമായാണ് 10 ദിവസം ഫ്ലവർ ഷോ നടക്കുന്നത്. മുൻപ് 7 ദിവസമായിരുന്നു ഷോ നടത്തിയിരുന്നത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മറ്റ് ഷോകൾ നടത്താൻ സാധിച്ചിരുന്നില്ല. അതിനാണ് ദിവസം നീട്ടിയതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഊട്ടി ഗവൺമെന്‍റ് ബൊട്ടാണിക്കൽ ഗാർഡനിൽ ആണ് പുഷ്പമേള നടക്കുക. 250 ൽ അധികം പ്രദർശകർ ആണ് ഷോയുടെ ഭാഗമാകുന്നത്. 150 ഓളം വൈവിധ്യമാർന്ന പൂക്കളുകൾ ഷോയിൽ കാണാൻ സാധിക്കും.15000ത്തോളം ചട്ടികളിലായി പൂച്ചെടികൾ പ്രദർശനത്തിന് തയ്യാറാക്കിയിട്ടുണ്ട്. ഡാൻസ്, മ്യൂസിക് പരിപാടികളും നടക്കും. പൂക്കളുടെ പ്രദർശനം മാത്രമല്ല കേട്ടോ, പഴങ്ങൾ, പച്ചക്കറികൾ, റോസ് ഷോ, പലവ്യജ്ഞന പ്രദർശനം എന്നിവയെല്ലാം പ്രദർശനത്തിന്റെ ഭാഗമായി കാണാനാകും.
ഗവൺമെന്റ് റോഡ് ഗാർഡനിലായിരിക്കും റോസ് ഷോ നടക്കുക. ഈ വർഷം, ജെറേനിയം, ബാൽസം, ലിസിയാന്തസ്, സാൽവിയ, ഡെയ്‌സി, സൈക്ലമെൻസ്, ഓറിയൻ്റൽ, ഏഷ്യാറ്റിക് ലില്ലി, ജമന്തി, ആസ്റ്റേഴ്‌സ് തുടങ്ങി 35,000-ലധികം വ്യത്യസ്ത ചെടികൾ പ്രദർശിപ്പിക്കും. 75 വ്യത്യസ്ത സസ്യ കുടുംബങ്ങളും 388 വ്യത്യസ്ത ഇനങ്ങളും പുഷ്പമേളയിൽ പ്രദർശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പൂന്തോട്ടത്തിൽ 6.5 ലക്ഷം ചെടികൾ പ്രദർശനം ലക്ഷ്യം വെച്ച് നട്ടുപിടിപ്പിച്ചിട്ടുണ്ട്.ഹോട്ടികൾച്ചർ വകുപ്പിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. നേരിട്ട് കൗണ്ടറിൽ നിന്നും ടിക്കറ്റെടുക്കാം. മുതിർന്നവർക്ക് 50 ഉം കുട്ടികൾക്ക് 30 ഉം രൂപയാണ് ടിക്കറ്റ് തുക.
വേനലവധി ആയതോടെ ഊട്ടിയിലേക്ക് സഞ്ചാരികൾ ഒഴുകുകയാണ്.ഇക്കഴിഞ്ഞ ശനിയാഴ്ച മാത്രം 34,000ത്തോളം പേരാണ് ഊട്ടിയിലെത്തിയത്. അതുകൊണ്ട് തന്നെ ഊട്ടി യാത്രയ്ക്കായി പ്രത്യേക ഊട്ടി സന്ദർശനത്തിന് പ്രത്യേക ഇ-പാസ് ഏർപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. പുഷ്പമേളയുടെ തിരക്ക് കൂടി പരിഗണിച്ച് കോയമ്പത്തൂരിൽ നിന്ന് ഊട്ടിയിലേക്ക് പ്രത്യേത ബസുകൾ സർവീസ് നടത്തും. ഇന്നു മുതൽ കോയമ്പത്തൂരിൽ നിന്നും ഊട്ടിയിലേക്ക് 25 സ്‌പെഷ്യൽ ബസുകളാണ് സർവ്വീസ് നടത്തുക.ഈ റൂട്ടിൽ ഓടുന്ന 80 സർവ്വീസുകൾക്ക് പുറമെയാണിത്.












Click it and Unblock the Notifications