ഊട്ടി ചതിച്ചാശാനേ..പുഷ്പമേളയെ മുക്കി വേനൽമഴ..സങ്കടപ്പെടേണ്ട,ഗംഭീര കാഴ്ചകൾ കേരളത്തിലുണ്ട്,ഇവിടെ
മലയാളികളുടെ വേനൽക്കാല ലക്ഷ്യസ്ഥാനങ്ങളിൽ സ്ഥിരം ഇടംപിടിക്കുന്ന സ്ഥലമാണ് ഊട്ടി. നാട്ടിലെ ചൂടും വെയിലും ഒന്നും ഇവിടെയില്ല എന്നതാണ് ഊട്ടിയെ പ്രിയപ്പെട്ടതാക്കുന്നത്. മാത്രമല്ല, തണുപ്പും കോടമഞ്ഞും വളഞ്ഞു പുളഞ്ഞ റോഡുകളും തേയിലത്തോട്ടങ്ങളും ചേരുമ്പോൾ ഊട്ടി ഒരു 'മസ്റ്റ് വിസിറ്റ്' ഡെസ്റ്റിനേഷനായി മാറുന്നു.
ഈ വേനൽക്കാലത്ത് സഞ്ചാരികളെ ഇവിടേക്ക് അടുപ്പിക്കുന്ന മറ്റൊരു കാഴ്ചകൂടിയുണ്ട്, ഊട്ടി ഫ്ലവർ ഷോ. നീലഗിരിയിലെ വേനൽക്കാല ഉത്സവം എന്ന് വേണമെങ്കിൽ ഊട്ടി ഫ്ലവർ ഷോയെ വിശേഷിപ്പിക്കാം. ഫ്ലവർ ഷോയെന്നാൽ ചില്ലറ ചെടികളും പൂക്കളുമൊന്നുമല്ല. കണ്ടാൽ അന്തംവിട്ട് പോകുന്നത്രയും വൈവിധ്യങ്ങൾ. ഇക്കുറിയാകട്ടെ ആന്തൂറിയം, ഗോള്‍ഡ്, ഡാലിയ, ഡെയ്‌സി, സിനിയ, റുഗാന്‍ഡിഡുപ്റ്റൈ തുടങ്ങി 10 ലക്ഷത്തോളം പൂക്കളുടെ വൈവിധ്യങ്ങളാണ് സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ടായിരുന്നത്. കൂടാതെ പര്‍വത തീവണ്ടിയാത്ര, പ്രദര്‍ശനങ്ങള്‍, സ്വാദിഷ്ഠമായ ഊട്ടി ഭക്ഷണവിഭവങ്ങള്‍, കുട്ടികളുടെ ആകര്‍ഷണകേന്ദ്രമായ 'ഡിസ്‌നി വേള്‍ഡ് ഫെയറി കാസ്റ്റിൽ തുടങ്ങി ആരേയും അത്ഭുതപ്പെടുന്ന കാഴ്ചകളും സഞ്ചാരികൾക്കായി ഒരുക്കിയിരുന്നു.

ഇതോടെ അവധിക്കാലത്ത് കുട്ടികളെയും കൂട്ടി, പോക്കറ്റ് കാലിയാക്കാതെ ഒരു ലോങ് ട്രിപ്പ് എന്ന ലക്ഷ്യവുമായി നിരവധി പേരാണ് ഇത്തവണ ഊട്ടിയിലേക്ക് വിട്ടത്. ദിവസേന 15000ത്തിനടുത്ത് ആളുകളാണത്രേ ഇവിടേക്ക് വന്നിരുന്നത്. എന്നാൽ ഇപ്പോഴിതാ പോകാനിരിക്കുന്നവരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഊട്ടിയിൽ നിന്നും വരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി വേനൽമഴ തകർത്ത് പെയ്യുകയാണ് ഇവിടെ. മഴ പെയ്ത് തുടങ്ങിയതോടെ സഞ്ചാരികളും കുറഞ്ഞെന്നാണ് അധികൃതർ പറയുന്നത്. മഴ തുടർന്നാൽ പൂക്കൾ കൊഴിഞ്ഞുതുടങ്ങും. ഈ പാസ് ഏർപ്പെടുത്തിയത് മൂലം ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞിരുന്നു. ഇതിന് പിന്നാലെ മഴ കൂടി എത്തിയതോടെ ആശങ്കയിലാണ് അധികൃതരും.
ഊട്ടിയെ മഴ ചതിച്ചെങ്കിൽ എന്താ, മൂന്നാറിന് കോളടിച്ചല്ലോ..
വേനൽ കടുത്തതോടെ മൂന്നാറിനെ സഞ്ചാരികൾ കൈയ്യൊഴിഞ്ഞിരുന്നു. പലരും കൊടൈക്കനാലും ഊട്ടിയുമായിരുന്നു വേനലവധി ചെലവഴിക്കാനായി തിരഞ്ഞെടുത്തത്. സമയവും പൈസയും ചിലവിട്ടാലും തണുപ്പും ഫ്ലവർ ഷോയുമെല്ലാം വേണ്ടുവോളം ആസ്വദിച്ച് മടങ്ങാമെന്ന് കരുതി വണ്ടികയറിയവർ നിരവധിയാണ്. എന്നാൽ ഊട്ടിയിൽ വേനൽമഴ കനത്തത് തിരിച്ചടിയായി. ഇതിൽ ലോട്ടറി അടിച്ചത് മൂന്നാറിനും.
മൂന്നാറിലും വേനൽമഴയാണ്. അതോടെ ചുട്ടെരിഞ്ഞ വേനലിൽ മാഞ്ഞ് പോയ കോടയൊക്കെ തിരികെയെത്തി. മഞ്ഞ് പുതഞ്ഞ് നിൽക്കുന്ന തേയില തോട്ടങ്ങളും മൂന്നാറിലെ ഗ്യാപ് റോഡുമെല്ലാം അതീവ സുന്ദരികളാണ് ഇപ്പോൾ. സഞ്ചാരികൾ കൂട്ടത്തോടെ ഇങ്ങോട്ട് ഒഴുകി തുടങ്ങി. കഴിഞ്ഞ 18 വർഷത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് മൂന്നാറിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. എന്തായാലും മഴ തുടർന്നാൽ ഇനി മൂന്നാറിന്റെ ചേല് തന്നെ മാറുമെന്നും സഞ്ചാരികളുടെ വരവ് കൂടുമെന്നും ഇവിടുത്തെ കച്ചവടക്കാർ പറയുന്നു.












Click it and Unblock the Notifications