നമ്മുടെ കൊച്ചി വാട്ടര്‍ മെട്രോ അടുത്തത് ലക്ഷദ്വീപിലേക്ക്; ആലപ്പുഴയും കൊല്ലവും ക്യൂവില്‍
വിനോദ സഞ്ചാരികളും സാധാരണ യാത്രക്കാരും ഒരു പോലെ ഇരു കൈയും നീട്ടി സ്വീകരിച്ച പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. അന്താരാഷ്ട്ര നിലവാരത്തിലുള്ള വാട്ടര്‍ മെട്രോയുടെ രൂപകല്‍പനയും മികച്ച സൗകര്യങ്ങളുമാണ് വാട്ടര്‍ മെട്രോയെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. സര്‍വീസ് തുടങ്ങി ഏറെ നാളായെങ്കിലും ഇതുവരെയും വലിയ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സാധാരണ യാത്രക്കാര്‍ക്കൊപ്പം നിരവധി വിനോദസഞ്ചാരികളും കൊച്ചിയുടെ ഓളപ്പരപ്പിലൂടെ സഞ്ചരിക്കാന്‍ വാട്ടര്‍ മെട്രോ തിരഞ്ഞെടുക്കാറുണ്ട്.
അതിമനോഹരമായ രൂപകല്‍പനയാണ് വാട്ടര്‍ മെട്രോയുടെ പ്രത്യേകത. ജലഗതാഗത സംവിധാനത്തില്‍ ലോകത്തിനു തന്നെ മാതൃകയാവുകയാണ് നമ്മുടെ കൊച്ചി വാട്ടര്‍ മെട്രോ. ഇതിനോടകം നിരവധി അയല്‍ സംസ്ഥാനങ്ങള്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനം വിശദമായി പഠിച്ചശേഷം അവിടെ ഇത് നടപ്പാക്കാനാണ് മറ്റ് സംസ്ഥാനങ്ങള്‍ താല്‍പര്യപ്പെടുന്നത്.

അടുത്തിടെ ഗോവന്‍ ജലഗതാഗത മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കൊച്ചി മെട്രോ ആസ്ഥാനത്തെത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോവ ഉള്‍പ്പെടെ ഇന്ത്യയിലുള്ള 21 സംസ്ഥാനങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനാണ് ശ്രമം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ കേരളത്തില്‍ നിന്ന് ആലപ്പുഴയും കൊല്ലവും ഉള്‍പ്പെടുന്നുണ്ട്. മുംബൈ, ശ്രീനഗര്‍, പട്‌ന, കൊല്‍ക്കത്ത, തുടങ്ങിയ നഗരങ്ങളും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിനകം 50 ലക്ഷത്തിലേറെ യാത്രക്കാര്‍ സഞ്ചരിച്ച വാട്ടര്‍ മെട്രോയുടെ വിജയഗാഥ വൈകാതെ ലക്ഷദ്വീപിലേക്കും എത്തുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അതിന് കാരണം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ലക്ഷദീപ് ഉള്‍പ്പെടുന്നുണ്ട് എന്നതാണ്.
ജലഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച കൊച്ചിയിലെ വാട്ടര്‍ മെട്രോ സര്‍വീസ് 2023 ഏപ്രില്‍ 25-നാണ് ആരംഭിച്ചത്. കൊച്ചി വാട്ടര്‍ മെട്രോയുടെ സുരക്ഷിതത്വമാണ് യാത്രക്കാരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. വെള്ളത്തിലെ ഓളങ്ങളുടെ ചെറുചലനം പോലും അനുഭവപ്പെടാത്ത രീതിയിലാണ് ബോട്ടിന്റെ രൂപകല്‍പന. ആരംഭിച്ച ഉടന്‍ തന്നെ വലിയ തോതില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ വാട്ടര്‍ മെട്രോയ്ക്ക് കഴിഞ്ഞിരുന്നു. ഉത്സവ സീസണുകളിലും നിരവധി ആകര്‍ഷകമായ പദ്ധതികളുമായി കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും എത്താറുണ്ട്.
അടുത്തിടെ വാട്ടര്‍ മെട്രോയുടെ രണ്ട് ടെര്‍മിനുകള്‍ മട്ടാഞ്ചേരിയിലും വില്ലിങ്ടണ്‍ ഐലന്‍ഡിലും ഉദ്ഘാടനം ചെയ്തിരുന്നു. മട്ടാഞ്ചേരിയിലേക്ക് വാട്ടര്‍ മെട്രോ വരുന്നത് പശ്ചിമ കൊച്ചിയുടെ മുഖച്ഛായ തന്നെ മറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ കൊച്ചി വാട്ടര്‍ മെട്രോ ശൃംഖല നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വരെ നീട്ടുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ഇത് യാഥാര്‍ത്ഥ്യമായാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന നിരവധി യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യും.
കൊല്ലത്തേക്കും ആലപ്പുഴയിലേക്ക് വാട്ടര്‍ മെട്രോ എത്തിയാല്‍ അത് കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ ഊര്‍ജം പകരും.












Click it and Unblock the Notifications