കോടമൂടിയ കാട്ടുവഴിയിലൂടെ ട്രെക്കിങ്, ഫ്ലോട്ടിങ് പാർക്കിലും പൊളിക്കാം; കണ്ണൂരേക്ക് വിട്ടോ
തെയ്യങ്ങളുടെ നാടാണ് കണ്ണൂർ, മറ്റ് അനവധി കാഴ്ചകളുടേയും. കടലും കോട്ടകളും ക്ഷേത്രങ്ങളും ട്രെക്കിങ് സ്പോട്ടുകളും എല്ലാമായി കണ്ണൂരിൽ കണ്ട് തീർക്കാൻ ഒരുപാട് ഇടങ്ങളുണ്ട്. കണ്ണൂരിലേക്ക് ഒരു ഏകദിന യാത്ര ആയാലോ? കോഴിക്കോട് കെഎസ്ആർടിസിയാണ് കണ്ണൂരിലെ അിമനോഹരമായ ഇടങ്ങളിലേക്ക് യാത്ര പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബറിലാണ് യാത്ര. കണ്ണൂരിലെ തന്നെ വ്യത്യസ്ത ഇടങ്ങൾ ഉൾപ്പെടുത്തിയുള്ള മൂന്ന് പാക്കജുകളാണ് ഉള്ളത്. വിശദമായി അറിയാം
പൈതൽമല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയം തട്ട്
ആറ് കിലോമീറ്റർ ട്രെക്കിങ് നടത്തി മുകളിലെത്തിയാൽ അതിമനോഹരമായ കാഴ്ചകൾ, നടന്ന് കയറുന്ന കാട്ടുവഴിയിൽ ചെറിയ വെള്ളച്ചാട്ടങ്ങളും-പൈതൽമല സാഹസിക സഞ്ചാരികൾക്ക് പറ്റിയ ഇടമാണ്. കോടമൂടി നിൽക്കുന്ന കാട്ടുവഴിയിലൂടെ രസകരമായ യാത്ര ആസ്വദിക്കാൻ താത്പര്യം ഉണ്ടെങ്കിൽ ഈ പാക്കേജ് തിരഞ്ഞെടുക്കാം.

പൈതൽമഴയുടെ താഴ്വരയിലാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. എട്ട് തട്ടുകളിലൂടെ താഴേക്ക് പതിക്കുന്നതിനാലാണ് ഈ വെള്ളച്ചാട്ടം ഏഴരക്കുണ്ട് എന്ന പേരിൽ അറിയപ്പെടുന്നത്.
കണ്ണൂരിന്റെ ഊട്ടി എന്ന് വിളക്കുന്ന പാലക്കയം തട്ടാണ് യാത്രയിലെ മറ്റൊരു ആകർഷണം. മലമുകളിൽ മഞ്ഞുവന്ന് മൂടുന്ന കാഴ്ചയാണ് ഇവിടുത്ത ആകർഷണം.
അടുത്ത മാസം രണ്ടിനും 31 നുമാണ് ഇവിടേക്ക് പാക്കേജുള്ളത്. ഒരാൾക്ക് 730 രൂപയാണ് യാത്ര ചെലവ്. അതിരാവലെ 5 മണിയോടെയാണ് യാത്ര തിരിക്കുക.
കണ്ണൂർ കോട്ട-അറക്കൽ മ്യൂസിയം, വയലപ്ര പാർക്ക്
ചരിത്രകാഴ്ചകളോട് കമ്പമുണ്ടോ? എന്നാൽ ധൈര്യമായി പോര്. ജില്ലയിലെ ചരിത്ര നിര്‍മ്മിതികളില്‍ പ്രധാനപ്പെട്ട സെന്റ് ആഞ്ചലോസ് കോട്ട എന്ന പേരിൽ അറിയപ്പെടുന്ന കണ്ണൂർ കോട്ടയാണ് പാക്കേജിൽ പ്രധാനമായും കാണനുള്ളത്. ഡച്ചുകാരുടേയും ബ്രിട്ടീഷുകാരുടേയും താവളമായിരുന്നു ഇവിടം.
ഏക മുസ്ലീം രാജകുടുംബമായ അറക്കൽ അലി രാജാക്കന്മാരുടെ വസതിയായ വലിയ അറക്കൽ കെട്ട് മ്യൂസിയവും പഴയങ്ങാടിയിലെ വയലപ്ര പാർക്കും കണ്ടായിരിക്കും മടക്കം. ചെമ്പല്ലിക്കുണ്ട്-വയലപ്ര പരപ്പിനോട് ചേർന്ന് നിർമ്മിച്ച നടപ്പാതയും ഫ്ലോട്ടിംഗ് പാർക്കുമാണ് വയപ്രയിലെ പ്രധാന ആകർഷണം. ഒക്ടോബർ 6 നും 20 നുമാണ് പാക്കേജ്. ഒരാൾക്ക് 270 രൂപയാണ് ഈടാക്കുന്നത്.
കണ്ണൂർ കോട്ട, വയലപ്ര പാർക്ക്, പറശിനികടവ്, പയ്യാമ്പലം എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മറ്റൊരു പാക്കേജും ഉണ്ട്. 690 രൂപയാണ് പാക്കേജ് തുക. ഒക്ടോബർ 13, 27 എന്നീ ദിവസങ്ങളിലേക്കാണ് ഇവിടേക്ക് യാത്ര. കൂടുതൽ വിവരങ്ങൾക്ക് 9544477954












Click it and Unblock the Notifications