പൈതൽമലയിലെ കോടയും മഴയും കാണാൻ പോകാം? ഏഴരക്കുണ്ട് വെള്ളച്ചാട്ടവും പാലക്കയം തട്ടും കാണാം; പാക്കേജ്
കണ്ണൂരിന്റെ മൂന്നാർ അതാണ് പൈതൽ മല അല്ലെങ്കിൽ വൈതൽമല. വേനൽക്കാലത്ത് പോലും നല്ല തണുപ്പും കാറ്റുമാണ് ഇവിടെ, അപ്പോൾ പിന്നെ മഴക്കാലത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതുണ്ടോ? കോടയും മഞ്ഞും കാറ്റുമൊക്കെയായി സഞ്ചാരികളെ ത്രില്ലടിപ്പിക്കാനുള്ളതെല്ലാം പൈതൽമലയിൽ ഉണ്ടാകും.ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും പൈതൽമല യാത്ര ഇഷ്ടമാകും. എങ്ങനെയെത്തുമെന്നാണോ? കെ എസ് ആർ ടി സിയുടെ കോഴിക്കോട് ബജറ്റ് സെൽ ജൂൺ 22 ന് ഇവിടേക്ക് പാക്കേജ് നൽകുന്നുണ്ട്. പൈതൽമല മാത്രമല്ല പാലക്കയം തട്ടും ഏഴരക്കുണ്ട് വെള്ളച്ചാട്ടവും ഉൾപ്പെടുത്തിയുള്ളതാണ് പാക്കേജ്. പാക്കേജിനെ കുറിച്ച് വിശദമായി അറിയാം.
പൈതൽമല
കടൽനിരപ്പിൽ നിന്ന് ഏകദേശം 4500 അടി (1372 മീറ്റർ) ഉയരത്തിലാണ് പൈതൽമല സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ട് കിലോ മീറ്ററാണ് മലകയറേണ്ടത്. കയറ്റ്റത്തിനിടയിൽ പച്ചപ്പും കോടമഞ്ഞും ചെറിയ വെള്ളച്ചാട്ടങ്ങളുമെല്ലാം ആസ്വദിക്കാം. മഴയിലെ മലകയറ്റം അൽപം കടുപ്പമേറിയതാകും എന്നുകൂടി പറയട്ടെ. ഇടയ്ക്കുള്ള വെള്ളച്ചാട്ടങ്ങളിലൂടെ വെള്ളം കുത്തിയൊലിച്ച് ഇറങ്ങും അതിനാൽ ശ്രദ്ധ വേണം. മാത്രമല്ല കോട മറഞ്ഞ് മുന്നിലുള്ള ആളെ പോലും കാണാൻ സാധിച്ചെന്ന് വരില്ല, അതുകൂടി ശ്രദ്ധിക്കണം.

മലകയറി കഴിഞ്ഞ് മുകളിലെത്തിയാൽ പച്ചപരവതാനി വിതച്ച പുൽമേടാണ്. കോടമഞ്ഞും കൂടി നിറഞ്ഞ് നിന്നാൽ ഇവിടുത്തെ കാഴ്ച അതിമനോഹരമാണ്. മുകളിലെ വ്യൂ പോയിന്റിൽ നിന്നും നോക്കിയാൽ കുടക് മലനിരകളും രസകരമായി ആസ്വദിക്കാം. നല്ല മഴയുണ്ടെങ്കിൽ മഴക്കോട്ടോ കുടയോ ഇല്ലാതെ കയറാൻ നിൽക്കരുതെന്ന് പ്രത്യേകം ഓർമ്മിപ്പിക്കട്ടെ.
പാലക്കയം തട്ട്
ഒരു മിനി പൈതൽമല, അതാണ് പാലക്കയം തട്ട്. ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട വിനോദ കേന്ദ്രം കൂടിയാണിത്. കോടയും ഏത് നേരവും വീശിയടിക്കുന്ന കാറ്റും ചാറ്റൽ മഴയും വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ചയും സഞ്ചാരികൾക്ക് ആസ്ലദിക്കാം.
ഏഴരക്കുണ്ട് വെള്ളച്ചാട്ടം
പൈതൽമഴയുടെ താഴ്വരയിലാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏഴ് തട്ടുകളിലൂടെ താഴേക്ക് പതിക്കുന്നതിനാലാണ് ഈ വെള്ളച്ചാട്ടം ഏഴരക്കുണ്ട് എന്ന പേരിൽ അറിയപ്പെടുന്നത്. മഴക്കാലമായാൽ വെള്ളച്ചാട്ടത്തിന്റെ കാഴ്ച കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്.
അതിരാവിലെ 5 മണിയോടെയാണ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെടുക. രാത്രി 11 മണിയോടെ തിരികെ എത്തും. ഈ മൂന്ന് സ്ഥലങ്ങളും കൂടി കണ്ട് മടങ്ങാൻ ഒരാൾക്ക് വരുന്ന ചെലവ് 730 രൂപയാണ്. ബസ് ചാർജ് മാത്രമാണ് ഇത്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9946068832, 9544477954.
കൊട്ടിയൂരിലേക്ക് കോട്ടയം കെ എസ് ആർ ടി സിയുടെ പാക്കേജും
തിരുനെല്ലി ക്ഷേത്രം, വൈശാഖ മഹോത്സവം നടക്കുന്ന ദക്ഷിണകാശി എന്നറിയപ്പടെുന്ന കൊട്ടിയൂർ അമ്പലം , പറശ്ശിനികടവ് മുത്തപ്പ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് മടങ്ങുന്ന തരത്തിലാണ് പാക്കേജ്. ജൂൺ 28 ശനി രാവിലെ 5 നാണ് യാത്ര പുറപ്പെടുക. മൂന്ന് ക്ഷേത്രങ്ങളും സന്ദർശിച്ച് വയനാടൻ തണുപ്പിൽ കാട്ടിക്കുളം കാടിന്റെ ഭംഗി കണ്ട് ജൂൺ 30 തിങ്കൾ പുലർച്ചെ തിരിച്ചെത്തുന്ന നിലയിലാണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. . വർഷത്തിൽ ഒരിക്കൽ വൈശാഖ ഉത്സവത്തിന് മാത്രം ദർശനസൗകര്യമുള്ള അക്കര കൊട്ടിയൂർ ക്ഷേത്രം ആണ് ഈ യാത്രയിലെ മുഖ്യ ആകർഷണം. ടിക്കറ്റ് നിരക്ക് ഒരാൾക്ക് സ്റ്റേ ഉൾപ്പടെ 2060രൂപയാമണ് വരുന്നത്. ഭക്ഷണം ചിലവ് സ്വയം വഹിക്കണം. സീറ്റുകൾ ബുക്ക് ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 8089158178












Click it and Unblock the Notifications