കോട മൂടി നിൽക്കുന്ന മലയിൽ നിന്ന് താഴേക്ക് പതിക്കുന്ന പാലൊഴുകുംപാറ; മഴയുണ്ടോ, ഈ വെളളച്ചാട്ടം കണ്ടിരിക്കണം
മലയാളിയുടെ മഴക്കാല യാത്രകളിലെ ഒഴിവാക്കാനാവാത്ത ഇടമാണ് വാഗമൺ. മാനംകറുപ്പിച്ച് പെയ്തൊഴിയുന്ന മഴയും നിമിഷനേരം കൊണ്ട് വന്നുമൂടുന്ന കോടമഞ്ഞും ആണ് ഇവിടുത്തെ പ്രത്യേകത. വാഗമണ്ണിൽ എത്തി പൈൻ ഫോറസ്റ്റും മൊട്ടക്കുന്നും പുൽമേടും ഒക്കെ കണ്ട് ചില്ലുപാലത്തിൽ കയറി അഡ്വഞ്ചർ പാർക്കും കണ്ടുവരുന്ന വിധത്തിലാവും കൂടുതൽ പേരുടെയും വാഗമണ്‍ യാത്ര പ്ലാൻ . എന്നാൽ ഈ വാഗമൺ യാത്രയിൽ മഴക്കാലത്ത് മാത്രം കാണാൻ പറ്റുന്ന ഒരത്ഭുത കാഴ്ച കാണാൻ പോയാലോ.. അതാണ് പാലൊഴുകുംപാറ വെള്ളച്ചാട്ടം.
പാലൊഴുകുംപാറ എന്ന പേര് വന്നത് ഇങ്ങനെ
ഇടുക്കിയിൽ പ്രത്യേകിച്ച് വാഗമണിനോട് അടുത്ത് തന്നെ ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങൾ ഉണ്ട്. ഇവയിൽ പലതും സഞ്ചാരികൾ സ്ഥിരമായി പോകുന്ന ഇടങ്ങളാണ്. എന്നാൽ പാലൊഴുകും പാറയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കുറവാണ്. മറ്റൊന്നും കൊണ്ടല്ല പലർക്കും ഇത്തരമൊരു വെള്ളച്ചാട്ടം ഉള്ളതായി അറിയില്ല എന്നത് കൊണ്ട് തന്നെ. പക്ഷെ ഒരിക്കൽ വന്നാൽ തീർച്ചയായും നിങ്ങൾ വീണ്ടും ഇവിടേക്ക് വരും.

മലനിരകളും പച്ചപ്പും കോടയും നിറഞ്ഞ് നിൽക്കുന്ന ഒരു അന്തരീക്ഷത്തിൽ രണ്ട് മലകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്നതാണ് ഈ വെള്ളച്ചാട്ടം. നൂറ്റമ്പതോളം അടി ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. മറ്റ് വെള്ളച്ചാട്ടങ്ങൾ പോലെ കുത്തിയൊലിച്ച് രൗദ്രഭാവത്തിൽ അല്ല ഈ വെള്ളച്ചാട്ടത്തിന്റെ താഴേക്കുള്ള പതനം. മറിച്ച് പാൽ പതഞ്ഞ് ഒഴുകുന്നത് പോലെയാണ് വെള്ളം താഴേക്ക് പതിക്കുന്നത്. അതുകൊണ്ടാണത്രേ ഈ പേര് വന്നത്. പ്രദേശവാസികൾക്ക് ഇത് വാഗമൺ വെള്ളച്ചാട്ടം കൂടിയാണ് കേട്ടോ.
വെള്ളച്ചാട്ടത്തിനടുത്തേക്ക് പ്രവേശനമില്ല
വെള്ളം പതഞ്ഞൊഴുകുന്ന കാഴ്ച ഏറ്റവും അടുത്ത് നിന്ന് കാണണമെന്ന് ആഗ്രഹിച്ചാൽ നിങ്ങൾ നിരാശപ്പെടും. കാരണം അപ്രതീക്ഷിതമായി ജലനിരപപ് ശക്തമാകുന്ന വെള്ളച്ചാട്ടമാണ് ഇത്. അതുകൊണ്ട് തന്നെ ഇവിടേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഇല്ല. അതേസമയം വെള്ളച്ചാട്ടത്തിന് അടുത്ത് ഒരു ചെറിയ ട്രെക്കിങ് സ്പോട്ട് ഉണ്ട് കേട്ടോ. മഴനനഞ്ഞ് ഇവിടം വഴിയുള്ള യാത്ര തീർച്ചയായും നിങ്ങളെ ത്രില്ലടിപ്പിക്കും.
അതിശക്തമായ മഴയുള്ള സമയങ്ങളിൽ റോഡിൽ നിന്ന് മാത്രം വെള്ളച്ചാട്ടം കാണാൻ ശ്രമിക്കാം. ഇല്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലായേക്കും. ഇവിടെ സുരക്ഷ ജീവനക്കാർ ഇല്ല. അതിനാൽ അപകടം ക്ഷണിച്ചുവരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ? വെള്ളച്ചാട്ടത്തിനു മുകളിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച പഴയ ഒരു അണക്കെട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വിവരം ഇല്ല.
മഴയത്ത് തന്നെ ഇവിടേക്ക് പോകമമെന്നതാണ് മറ്റൊരു കര്യം. കാരണം മഴ ശക്തി കുറഞ്ഞാൽ പാല് പോയിട്ട് നീര് പോലും ഇല്ലാത്ത അവസ്ഥയിലാരിക്കും ഈ വെള്ളച്ചാട്ടം. ഈ വേനലിൽ ഇവിടെ വെള്ളം വറ്റി വരണ്ടിരുന്നു.
പാലൊഴുക്കുംപാറയിലേക്ക് പോകേണ്ടത് ഇങ്ങനെ
വാഗമൺ ടൗണിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ നിങ്ങൾക്ക് പാലൊഴുകും പാറയിൽ എത്താം. പൈൻമരക്കാടിന് മുന്നിലുള്ള വഴിയിലൂടെയാണ് പോകേണ്ട്. ഇവിടെ നിന്ന് ഏലപ്പാറ റോഡിൽ കയറിയാൽ ഇവിടെ പാലൊഴുകും പാറയിലേക്കുള്ള സൈൻ ബോര്‍ഡ കാണാനാകും. ഇവിടെ നിന്ന് ഏകദേശം മൂന്ന് കിമി കൂടി പോകേണ്ടതുണ്ട്. തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളുമൊക്കെ താണ്ടിയാണ് പോകേണ്ടത്. അതിനാൽ തന്നെ ഇവിടേക്കുള്ള യാത്രയും സഞ്ചാരികൾക്ക് പുതുഅനുഭവം സമ്മാനിക്കും തീർച്ച. മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് വഴി തെറ്റാനുള്ള സാധ്യത ഏറെയാണ്. അതിനാൽ പ്രദേശവാസികളോട് ചോദിച്ച് തന്നെ വഴി ഉറപ്പാക്കണം കേട്ടോ.












Click it and Unblock the Notifications