മാമലയും കോടമഞ്ഞും താണ്ടി ഐതിഹ്യങ്ങളിലൂടെ ഒരു യാത്ര.. അറിയാം പാഞ്ചാലിമേടിനെക്കുറിച്ച്
സാഹസികതയും വിശ്വാസവും ഐതിഹ്യവും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു യാത്ര നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ. എങ്കില്‍ ഇടുക്കി ജില്ലയിലെ പാഞ്ചാലിമേട് ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. പാഞ്ചാലിമേട് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഈ സ്ഥലവുമായി ബന്ധപ്പെട്ട വിശ്വാസവും ഐതിഹ്യവും ഏതൊരാളുടേയും മനസിലേക്ക് ഓടിയെത്തും. വനവാസ കാലത്ത് പാണ്ഡവരും പാഞ്ചാലിയും ഒളിവില്‍ താമസിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ഇവിടം.
ഇതിനെ സാധൂകരിക്കാനെന്നവണ്ണം പാഞ്ചാലിക്കുളം, ആനക്കല്ല്, ഗുഹ, അടുപ്പു കല്ലുകള്‍ എന്നീ സവിശേഷതകളും പാഞ്ചാലിമേട് ഒരുക്കി വെച്ചിട്ടുണ്ട്. പാണ്ഡവര്‍ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച കല്ലുകള്‍, പാഞ്ചാലിക്ക് കുളിക്കാനായി ഭീമന്‍ നിര്‍മിച്ച കുളം, പാണ്ഡവ ഗുഹ, ഭീമന്റെ കാല്‍പ്പാടുകള്‍, തന്നെ ഉപദ്രവിക്കാനായി ഓടിയെത്തിയ ആനയെ പാഞ്ചാലി ശപിച്ച് കല്ലാക്കി മാറ്റിയ ആനക്കല്ല് എന്നിവയെല്ലാം ഐതിഹ്യത്തിന്റെ സാക്ഷിപത്രങ്ങളായി ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

അയ്യപ്പന്‍ ഓടികളിച്ച വനപര്‍വതങ്ങളില്‍ ഒന്നാണ് പാഞ്ചാലി മേട് എന്നും അറിയപ്പെടുന്നുണ്ട്. മകരവിളക്ക് ദര്‍ശിക്കാനായി ഭക്തര്‍ പാഞ്ചാലിമേട്ടില്‍ എത്താറുമുണ്ട്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും മാറ്റി നിര്‍ത്തിയാലും സഞ്ചാരികളെ ആകര്‍ഷിക്കുന്ന വന്യമായ സൗന്ദര്യം പാഞ്ചാലിമേടിന് ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാഞ്ചാലിമേട്ടില്‍ ആകാശവും മരങ്ങളും എവിടെ അതിരിടുന്നു എന്ന് മനസിലാകാത്തവിധം കോടമഞ്ഞ് പുതച്ച് കിടക്കും.
ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലില്‍ ഇറ്റിവീണ മഞ്ഞുകണങ്ങള്‍ സഞ്ചാരികളെ കുളിരണിയിക്കും. സാഹസികത ഇഷ്ടപ്പെടുന്നവരെ ഒട്ടും നിരാശരാക്കില്ല പാഞ്ചാലിമേട്. മലനിരകളും സാഹസികമായ ഗുഹാകവാടവും കണ്ണെത്താദൂരത്തു പരന്നു കിടക്കുന്ന താഴ്വാരഭംഗിയും കോടമഞ്ഞും കാറ്റും സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം പാഞ്ചാലിമേടിനെ സഞ്ചാരികളുടെ പറുദീസയാക്കുന്നു.
ആകാശം തെളിഞ്ഞാല്‍ കടല്‍ പോലും ഇവിടെ നിന്ന് കാണാന്‍ കഴിയുമെന്ന് പറയാറുണ്ട്. ഇടുക്കി പീരുമേട് താലൂക്കില്‍ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. കോട്ടയം കുമളി പാതയിലെ മുറിഞ്ഞപുഴയില്‍ നിന്നും നാലര കിലോമീറ്റര്‍ സഞ്ചരിച്ച് വേണം പാഞ്ചാലിമേട്ടില്‍ എത്താന്‍. കോട്ടയത്ത് നിന്ന് വരുമ്പോള്‍ മുണ്ടക്കയം തെക്കേമല വഴിയും പാഞ്ചാലിമേട്ടിലേക്ക് എത്താം. പാഞ്ചാലിമേടിന്റെ ഒരു കുന്നില്‍ ശ്രീഭുവനേശ്വരി ക്ഷേത്രവും മറുകുന്നില്‍ കുരിശുമലയും ആണ് സ്ഥിതി ചെയ്യുന്നത്.
പ്രതിദിനം 2000 സന്ദര്‍ശകര്‍ വരെ പാഞ്ചാലിമേട്ടിലേക്ക് എത്താറുണ്ട്. സഞ്ചാരികള്‍ക്കായി കേരള ടൂറിസം വകുപ്പിന്റെ കെട്ടിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications