കൊച്ചിയിൽ നിന്നും കിടിലനൊരു വൺ ഡേ ട്രിപ്പ് ആയാലോ?; ഇല്ലിത്തോട് മുതൽ പാണിയേലി പോര് വരെ, ഇതാ കാണാം
കൊച്ചിയുടെ സ്ഥിരം കാഴ്ചകൾ കണ്ടു മടക്കുമ്പോൾ ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്? നീണ്ട യാത്രകളൊന്നും വേണ്ട. ഒരു പകലിൽ പോയി വരാൻ കഴിയുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്നാണ് കൊച്ചിക്കാരുടെ ഇപ്പോഴത്തെ നോട്ടം. ആള്‍ക്കൂട്ടവും ബഹളങ്ങളും ഇല്ലാതിരിക്കുകയും വേണം. അങ്ങനെയെങ്കിൽ ഒറ്റപ്പകലിൽ പോയി രാത്രി കൊച്ചിയിൽ തിരികയെത്താൻ സാധിക്കുന്ന സ്ഥലങ്ങൾ പരിചയപ്പെട്ടാലോ?
1. ഇല്ലിത്തോട്
തിരക്കുകളിൽ നിന്നു മാറി, ശാന്തമനോഹരമായ അന്തരീക്ഷത്തിലൂടെ, പ്രകൃതിയുടെ കാഴ്ചകൾ കണ്ട് പോകാൻ പറ്റിയ റൂട്ടാണ് കൊച്ചിയിൽ നിന്നും 53 കിമി അകലെയുള്ള ഇല്ലിത്തോട്. കാലടി-മലയാറ്റൂർ വഴി ഇവിടേക്ക് വരാം. പാണിയേലിപോരിനു മറുവശത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ മഹാഗണിത്തോട്ടങ്ങളും ആറ്റുതീരവുമൊക്കെയാണ് കാണാനുള്ളത്.

2.. ഏഴാറ്റുമുഖം
പ്രകൃതി ഗ്രാമത്തിന്‍റെ സൗന്ദര്യമാണ് ഏഴാറ്റുമുഖത്തിന്‍റെ പ്രത്യേകത. കൊച്ചിയിൽ നിന്ന് 47 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഏഴാറ്റുമുഖം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഏഴായി പിരിഞ്ഞ് നദി ഒഴുകുന്നതിനാലാണ് ഇതിനിങ്ങനെ പേര് ലഭിച്ചത്. ആൾക്കൂട്ടമില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത.
3. വാഗമൺ
കൊച്ചിയിൽ നിന്നും കൂട്ടുകാർക്കൊപ്പം വൈകുന്നേരങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഗമണ്ണിലേക്ക് വിടാം. കോടമഞ്ഞിറങ്ങുന്ന വഴിയിലൂടെ വളഞ്ഞു തിരിഞ്ഞെത്തുന്ന റൂട്ടും പാറക്കെട്ടുകളും പിന്നെ വ്യൂ പോയിന്‍റില്‍ നിന്നുള്ള കാഴ്ചകളും ഇവിടുത്തെ പ്രത്യേകതയാണ്. കൊച്ചിയിൽ നിന്ന് വാഗമണിലേക്ക് 110 കിലോമീറ്റർ ആണ് ദൂരം.
4. തട്ടേക്കാട് പക്ഷി സങ്കേതം
മടുപ്പ് മാറ്റി ഫ്രഷ് ആയി വരാൻ കൊച്ചിയിൽ നിന്ന് തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്കുള്ള ഒരു യാത്രയായാലോ. 63 കിലോമീറ്ററാണ് യാത്രാ ദൂരം. തട്ടേക്കാട് പക്ഷി സങ്കേതവും ഭൂതത്താന്‍കെട്ട് അണക്കെട്ടും കാണാൻ കഴിയുന്ന വിധത്തിൽ വേണം യാത്ര പ്ലാന് ചെയ്യാൻ. വ്യത്യസ്തയിനം പക്ഷികളെ പരിചയപ്പെടാം എന്നതാണ് തട്ടേക്കാടിന്‍റെ ഹൈലൈറ്റ്. ചങ്ങാടത്തിൽ യാത്ര ചെയ്യാനും ഇവിടെ അവസരമുണ്ട്. ഭൂതത്താൻ കെട്ടിലേക്ക് ഇവിടുന്നു വീണ്ടും പത്ത് കിലോമീറ്റർ കൂടിയുണ്ട്.
5. പാണിയേലി പോര്
എറണാകുളത്ത് നിന്നുള്ള വീക്കെൻഡ് യാത്രകൾക്ക് പറ്റിയ സ്ഥലമണ് പാണിയേലി പോര്. കൊച്ചിയിൽ നിന്നും 59 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തമ്മിലടിക്കുന്ന പുഴകളാണ് ഇവിടുത്തെ കാഴ്ച. പെരിയാർ നദി ഇവിടെയെത്തുമ്പോൾ പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി ഒഴുകുകയാണ് ചെയ്യുന്നത്. അങ്ങനെ പോരടിക്കുന്ന പുഴ എന്ന അർത്ഥത്തിൽ ഇവിടം പാണിയേലിപോര് ആയി മാറിയാണ്. കാടിന്‍റെ കാഴ്ചകളും ഇവിടെ ആസ്വദിക്കാം.












Click it and Unblock the Notifications