നിങ്ങൾക്ക് എന്തുണ്ടായിട്ടും കാര്യമില്ല, ഭൂമിയിലെ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയില്ല
ലോകം മുഴുവൻ കറങ്ങാൻ ആഗ്രഹമുള്ള ചില ആളുകളുണ്ടാകും . എന്നാൽ കയ്യിൽ എത്ര കാശുണ്ടായാലും യാത്രക്കായി നിങ്ങൾ എത്ര സമയം മാറ്റിവച്ചാലും നിങ്ങൾക്ക് പ്രവേശനം ലഭിക്കാത്ത സ്ഥലങ്ങൾ ഈ ഭൂമിയിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? വിനോദസഞ്ചാരികൾക്ക് വിലക്കപ്പെട്ട നിരവധി സ്ഥലങ്ങളാണ് ലോകമെമ്പാടുമുള്ളത്. ഇവിടെ ഒരിക്കൽപ്പോലും സന്ദർശനത്തിന് അനുമതി ലഭിക്കാത്തതിന് പല കാരണങ്ങളാണുള്ളത്. എത്ര വലിയ സഞ്ചാരികളായാലും പ്രവേശനം ലഭിക്കാത്ത ഇത്തരം ചില സ്ഥങ്ങൾ പരിചയപ്പെടാം.
ചിൻ ഷി ഹ്വാങ്ങിന്റെ (Qin Shi Huang) ശവകുടീരം - ചൈന
ലോകത്തിലെ ഏറ്റവും നിഗൂഢമായ ആർക്കിയോളജിക്കൽ സൈറ്റുകളിൽ ഒന്നായിട്ടാണ് ചൈനയിലെ ആദ്യചക്രവർത്തി ചിൻ ഷി ഹ്വാങ്ങിന്റെ ശവകുടീരം കണക്കാക്കപ്പെടുന്നത്. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 210 ബിസിയിൽ മരണമടഞ്ഞ ചക്രവർത്തിയുടെ മരണാന്തരജീവിതത്തിന് കാവൽനിൽക്കുന്ന ആയിരക്കണക്കിന് ടെറാക്കോട്ട പ്രതിമകളാണ് ഇവിടുത്തെ ഏറ്റവും വലിയ വിസ്മയം. 2000 വർഷത്തിലേറെ പഴക്കമുള്ള ഇവിടെ അപകടകരമായ നിഗൂഢതകൾ കാരണം സന്ദർശകർക്ക് പ്രവേശനം അനുവദിക്കാറില്ല.

ഐസ് ഗ്രാൻഡ് ഷ്രൈൻ (Ise Grand Shrine) - ജപ്പാൻ
ജപ്പാനിലെ മി പ്രിഫെക്ചറിൽ സ്ഥിതി ചെയ്യുന്ന ഒരു ഷിന്റോ ദേവാലയമാണ് ഐസ് ഗ്രാൻഡ് ഷ്രൈൻ. സവിശേഷകരമായ ആരാധന പൈതൃകങ്ങളുള്ള ജപ്പാനിലെ പൗരാണികമായൊരു ക്ഷേത്രമാണിത്. ബി സി നാലാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന ഈ ദേവാലയം ഓരോ 20 വർഷത്തിലും പുനർനിർമ്മിക്കപ്പെടുന്നുണ്ട്. രാജകുടുംബാംഗങ്ങൾക്ക് മാത്രമേ ക്ഷേത്രത്തിലും പരിസരത്തും പ്രവേശനം അനുവദിക്കാറുള്ളു.
നോർത്ത് സെന്റിനൽ ദ്വീപ് (North Sentinel Island) - ആൻഡമാൻ നിക്കോബാർ
ഇന്ത്യൻ സർക്കാറിന്റെ അധീനതയിൽ വരുന്ന ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിന്റെ ഭാഗമാണ് നോർത്ത് സെന്റിനൽ ദ്വീപ്. സവിശേഷ സംസ്‌ക്കാരം പിന്തുടരുന്ന സെന്റിനെലീസ് ഗോത്ര വംശജരായ മനുഷ്യരാണ് സെന്റിനൽ ദ്വീപിൽ വസിക്കുന്നത്. അവരുടെ ഈ പ്രത്യേകതകൾ കണക്കിലെടുത്ത് ഈ പ്രദേശത്തേക്ക് പോകുന്നത് സർക്കാർ വിലക്കിയിട്ടുണ്ട്. ദ്വീപിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ ആർക്കും പ്രവേശമില്ല. അറിഞ്ഞും അറിയാതെയും ഈ ദ്വീപിനടുത്തെത്തിയവരെ വരവേറ്റത് അമ്പുകളും കുന്തങ്ങളുമായിരുന്നു.
സ്‌നേക്ക് ഐലൻഡ് (Ilha da Queimada Grande) - ബ്രസീൽ
അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രസീലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് സ്നേക്ക് ഐലന്റ് എന്ന് അറിയപ്പെടുന്ന ഇൽഹ ഡാ ക്യൂമാഡ ഗ്രാൻഡെ. മാരക വിഷമുള്ള പതിനായിരക്കണക്കിന് പാമ്പുകളാൽ നിറഞ്ഞതാണ് ഇവിടം. അതിമാരകമായ വിഷം പേറുന്ന 4000 ത്തിലധികം ഗോൾഡൻ ലാൻസ് ഹെഡ്‌സ് എന്നയിനം പാമ്പുകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. കൂടാതെ ഇതുവരെ തിരിച്ചരിയാത്ത വിഷപ്പാമ്പുകളും ഈ ദ്വീപിലുണ്ട്. ബ്രസീൽ ഗവൺമെന്റ് ഇവിടം സന്ദർശിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
സർട്ട്‌സി ദ്വീപ് (Surtsey Island) - ഐസ്ലന്റ്
ഐസ്ലന്റിന്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന സർട്ട്‌സി ദ്വീപ് നാല് വർഷത്തോളം നീണ്ടുനിന്ന അഗ്‌നിപർവ്വത സ്‌ഫോടനത്തിലൂടെയാണ് രൂപംകൊള്ളുന്നത്. ലോകത്തിൽ ഏറ്റവും അവസാനം രൂപംകൊണ്ട ദ്വീപ് എന്ന നിലയിലും ഇത് അറിയപ്പെടുന്നു. മനുഷ്യന്റെ കടന്നുകയറ്റം ഇവിടുത്തെ പരിസ്ഥിതിക ക്രമം തകിടം മറിച്ചേക്കാമെന്നതിൽ ഇവിടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ഡൂംസ്‌ഡേ വോൾട്ട് (Svalbard Global Seed Vault) - നോർവേ
നോർവെയിലെ സ്വാൾബാർഡ് ദ്വീപസമൂഹത്തിൽപ്പെട്ട സ്പിറ്റ്സ്ബെർഗൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു സുരക്ഷിതമായ വിത്തു സംരക്ഷണ കേന്ദ്രമാണ് സ്വാൽബാർഡ് ഗ്ലോബൽ സീഡ് വോൾട്ട്. ഭൂമിയുടെ 'ഡൂംസ്‌ഡേ നിലവറ' എന്നും ഇത് അറിയപ്പെടുന്നു. ആഗോള പ്രതിസന്ധിയോ മഹാദുരന്തമോ ഉണ്ടായാൽ വിത്തുകൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഈ നിലവറ നിർമ്മിച്ചിരിക്കുന്നത്. ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല.












Click it and Unblock the Notifications