പൊൻമുടിയിലേക്ക് കോടകാണാൻ പോകേണ്ട,മഴയെ തുടർന്ന് ഇക്കോ സെന്റർ അടച്ചു
മഴ കനത്തതോടെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം താല്‍ക്കാലികമായി അടച്ചു. പൊന്മുടിക്ക് പുറമെ കല്ലാര്‍-മീൻമുട്ടി, പാലോട്-മങ്കയം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇവിടങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശനത്തിന് അനുമതി ഉണ്ടാകില്ല.
തിരുവനന്തപുരത്തെ ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ് പൊൻമുടി. ഡിസംബറിൽ നിർബന്ധമായും സഞ്ചരിക്കേണ്ട പ്രദേശങ്ങളിൽ ഒന്നുകൂടിയാണ് പൊൻമുടി. കാരണം ഈ സമയങ്ങളിൽ കോടമഞ്ഞ് മൂടി അതീവ സുന്ദരിയായിരിക്കും പൊൻമുടി. ഇതിനോടകം തന്നെ സഞ്ചാരികൾ ഇവിടേക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്.

ചിത്രം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പേജ്
കഴിഞ്ഞ ദിവസം മന്ത്രി മുഹമ്മദ് റിയാസ് കോടയിൽ മൂടി നിൽക്കുന്ന പൊൻമുടിയുടെ വീഡിയോ പങ്കുവെച്ചിരുന്നു. തൊട്ടടുത്ത് നിന്നാൽ പോലും ആളുകളെ കാണാൻ സാധിക്കാത്ത വിധത്തിൽ കോടമഞ്ഞ് മൂടി നിൽക്കുകയാണ് വീഡിയോയിൽ പൊൻമുടി. തീർച്ചയായും പൊൻമുടി സന്ദർശിക്കുമെന്ന് പറഞ്ഞ് നിരവധി ആളുകളാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്.
അറിയാം പൊൻമുടിയെ
സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടത്തിലാണ് ഈ ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 22 ഹെയർപിൻ വളവുകൾ താണ്ടി വേണം ഇവിടെ എത്താൻ. മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാലാണ് ഇവിടം പൊൻമുടി എന്ന് അറിയപ്പെടുന്നതത്രേ. അതേസമയം പുരാതന കാലത്തുണ്ടായിരുന്ന ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നു വിളിച്ചിരുന്നെന്നും അതിനാലാണ് ഈ പേര് വന്നതെന്നും ചില ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നുണ്ട്.
പൊൻമുടി യാത്രയിലെ ഇടത്താവളമാണ് കല്ലാർ. കല്ലും ആറും ചേർന്നൊരു മനോഹരമായ കാഴ്ചയാണ് ഇവിടെ സഞ്ചാരികൾക്ക് കാണാൻ സാധിക്കുക. കല്ലാറിൽ എത്തിയാൽ തീരം ചേർന്നുള്ള കാനനപ്പാതയിലൂടെ ട്രക്കിംഗ് നടത്തി മീൻമുട്ടി വെള്ളച്ചാട്ടവും കണ്ടാണ് പൊതുവെ സഞ്ചാരികൾ മടങ്ങാറുള്ളത്. നിത്യഹരിത വനങ്ങളും കുന്നുകളും താഴ്വരകളും ശുദ്ധജലതടാകങ്ങളുമായി സമ്പന്നമാണ് പേപ്പാറ വന്യജീവി സങ്കേതയും ആളുകൾ സന്ദർശിക്കാറുണ്ട്.
മഴയെന്ന് മാറും?
താത്കാലികമായി അടച്ചെന്ന് മാത്രമാണ് അധിതർ അറിയിച്ചിരിക്കുന്നത്. ഇനി എന്ന് തുറക്കുമെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച തിരുവന്തപുരത്ത് പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നും നിലനിൽക്കുന്നില്ല. എന്നിരുന്നാലും 14 വരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മഴ കനത്താൽ പൊൻമുടി പോകാൻ സഞ്ചാരികൾ ഇനിയും കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications